ഹോക്കി: ഇന്ത്യന്‍ പുരുഷ- വനിതാ ടീമുകള്‍ സെമിയില്‍

Wednesday 11 April 2018 3:06 am IST

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ സെമിയിലെത്തി.

പുരുഷ വിഭാഗത്തില്‍ പൂള്‍ ബിയിലെ മൂന്നാം മത്സരത്തില്‍ മലേഷ്യയെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഇന്ത്യയുടെ രണ്ട് ഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങ്ങാണ് നേടിയത്. കളിയുടെ മൂന്നാം മിനിറ്റിലും 44-ാം മിനിറ്റിലുമായിരുന്നു ഹര്‍മന്റെ ഗോളകള്‍. 16-ാം മിനിറ്റില്‍ ഫൈസല്‍ സാരെ മലേഷ്യയുടെ ആശ്വാസഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടും ജയിച്ചു. വെയ്ല്‍സിനെ 3-2ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടും സെമിയിലെത്തി. സാമുവല്‍ വാര്‍ഡിന്റെ ഹാട്രിക്കാണ്  ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തത്. ഇന്ന് അവസാന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ പൂള്‍ ചാമ്പ്യന്മാരാകും. 

വനിതാ വിഭാഗത്തില്‍ പൂള്‍ എയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 1-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലൊന്നായത്. കളിയുടെ 47-ാം മിനിറ്റില്‍ റാണി രാംപാലാണ് വിജയഗോള്‍ നേടിയത്. വിജയത്തോടെ നാല് കളികളില്‍നിന്ന് 9 പോയിന്റുമായി ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്.

ഹിമ ദാസ് ഫൈനലില്‍

ഗോള്‍ഡ്‌കോസ്റ്റ്: വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ കൗമാരതാരം ഹിമ ദാസ് ഫൈനലില്‍. സെമിയില്‍ മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായാണ് ഹിമ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച നേട്ടത്തിലത്തിയത്. തന്റെ മികച്ച സമയമായ 51.53 സെക്കന്‍ഡിലാണ് ഹിമ സെമിയില്‍ ഓടിയെത്തിയത്. ഇന്നാണ് ഹിമയുടെ ഫൈനല്‍ മത്സരം.

അതേസമയം പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച ഇന്ത്യന്‍താരം ധരുണ്‍ അയ്യാസ്വാമി സെമിയിലേക്ക് യോഗ്യത നേടിയില്ല. ഒന്നാം ഹീറ്റ്‌സില്‍ അഞ്ചാമതായാണ് ധരുണ്‍ ഓടിയെത്തിയത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.