ആധാരത്തില്‍ കൃത്രിമം: സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തു

Wednesday 11 April 2018 12:39 pm IST

തിരുവനന്തപുരം: നെടുമങ്ങാട് സബ് രജിസ്ട്രാര്‍ എന്‍.കാര്‍ത്തികേയനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.  മന്ത്രി ജി.സുധാകരന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ വസ്തു വാങ്ങിയ ആളുടെ ഒപ്പ് വ്യാജമായി ചേര്‍ത്തതാണ് കാര്‍ത്തികേയനെതിരെയുള്ള കുറ്റം.  

സംഭവത്തിൽ കാർത്തികേയൻ, ആധാരം എഴുത്തു ലൈസൻസികളായ താജുദീൻ, വിജയചന്ദ്രൻ എന്നിവരുൾപ്പെടെ നാലുപേരെയും പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പട്ടികജാതിക്കാരനായ രജിസ്ട്രേഷൻ വകുപ്പ് ഐ.ജി വിരമിച്ചപ്പോൾ ഔദ്യോഗിക വാഹനത്തിലും മുറിയിലും ചാണകവെള്ളം തളിച്ച കേസിൽ ഉൾപ്പെട്ട സംഘമാണ് ഇതിനു പിന്നിൽ. ഇവർ രണ്ടുപേരും ഇപ്പോൾ നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിലാണ് ജോലി ചെയ്യുന്നത്.

വസ്തുകൈമാറ്റ രജിസ്ട്രേഷനുശേഷം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ആധാരത്തിൽ കൃത്രിമം കാട്ടിയത്. കൈമാറ്റം രജിസ്റ്റർ ചെയ്ത സമയത്ത് ആധാരം തയാറാക്കിയ ലൈസൻസിയും എഴുതിയ ലൈസൻസിയും ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ആധാരം തിരികെ കിട്ടിയപ്പോൾ ഭൂമിവാങ്ങിയ ആൾ ആധാരം സ്വയം തയാറാക്കിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒപ്പും വ്യാജമാണന്ന് കണ്ടത്തി. 

ആധാരത്തിൽ ഒപ്പുകൾ വ്യാജമാണന്നും രജിസ്ട്രേഷന് ശേഷം പ്രമാണത്തിന്റെ പേജുകൾ താൻ അറിയാതെ മാറ്റിയതായും കാട്ടി വസ്തുവാങ്ങിയ നെയ്യാറ്റിൻകര സ്വദേശി വിദ്യാധരൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഉൾപ്പെടയുള്ളവർക്ക് പരാതി നൽകി. എന്നാൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസിന് പരാതി നൽകി. ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തു. സബ്​ രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്​.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.