ചെന്നൈ ഹോം‌മത്സരങ്ങള്‍ക്കുള്ള വേദിക്ക് മാറ്റം

Wednesday 11 April 2018 4:37 pm IST

ചൈന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള വേദി മാറ്റി. സുരക്ഷ വീഴ്ച സംഭവിക്കാമെന്ന ബിസിസിഐയുടെ വിലയിരുത്തലാണ് തീരുമാനത്തിനു പിന്നില്‍. കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ മത്സരത്തിന് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

പകരം വേദി ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പൂനെയിലേക്ക് മത്സരങ്ങള്‍ മാറ്റുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. രണ്ട് വര്‍ഷത്തെ മടങ്ങിവരവിനു ശേഷം നാട്ടിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരങ്ങള്‍ കാണാനാകാത്തത് ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 

ചൊവ്വാഴ്ചയാണ് ചെന്നൈയുടെ ആദ്യ ഹോം മാച്ച്‌ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് കാവേരി വിഷയം ഉയര്‍ത്തി തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംവിധായകന്‍ ഭാരതിരാജ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വേദി മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്. 

ചൊവ്വാഴ്ചത്തെ മത്സരം കനത്ത സുരക്ഷയിലാണ് നടത്തിയത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.