വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Thursday 12 April 2018 2:05 am IST
ഈ ലോകത്തില്‍ എല്ലാവരും മറ്റുള്ള ജീവജാലങ്ങളേയും വസ്തുക്കളേയും സ്‌നേഹിക്കുന്നത് സത്യത്തില്‍ അവരവരുടെ ആത്മാവിന്റെ സന്തോഷത്തിനു വേണ്ടിയാണ് (ആത്മനസ്തു കാമായ സര്‍വം പ്രിയം ഭവതി). ആ ആത്മാവാണ് പരമപ്രേമാസ്പദം എന്ന സത്യം ഉള്‍ക്കൊള്ളണം. ശ്രവണം, മനനം, നിദിധ്യാസനം എന്നിവ കൊണ്ട് സാക്ഷാത്കരിക്കേണ്ടത് ഈ ആത്മാവിനെയാണ്
"undefined"

ബൃഹദാരണ്യകം, രണ്ടാം അദ്ധ്യായം- ഇതിലും ആറു ബ്രാഹ്മണങ്ങളാണുള്ളത്. ആദ്യത്തേത് അജാതശത്രുബ്രാഹ്മണം. ഒരു ആഖ്യായികയോടെ ആണ് ഇതിന്റെ തുടക്കം. ഗര്‍ഗ്ഗഗോത്രത്തില്‍ പിറന്ന ദൃപ്തബാലാകി എന്ന പണ്ഡിതമ്മന്യനായ ബ്രാഹ്മണന്‍ ആത്മജ്ഞാനം ഉപദേശിക്കാനായി അജാതശത്രു എന്ന രാജാവിന്റെ സമീപത്തു ചെല്ലുന്നു. മുമ്പേ തന്നെ ആത്മജ്ഞാനം നേടിയിരുന്ന രാജാവ് ആ ബ്രാഹ്മണന്റെ ഈ വിഷയത്തിലുള്ള അജ്ഞതയെ ബോധ്യപ്പെടുത്തുകയും തുടര്‍ന്ന് അഹങ്കാരം ശമിച്ച ബാലാകി അജാതശത്രുവില്‍ നിന്നുതന്നെ ആത്മജ്ഞാനം നേടുകയും ചെയ്യുന്നു. രാജാവ് ബാലാകിയെ പടിപടിയായി തത്ത്വങ്ങള്‍ ബോധിപ്പിച്ച് എല്ലാ ജീവജാലങ്ങള്‍ക്കും ലോകങ്ങള്‍ക്കും കാരണമായി നിലക്കൊള്ളുന്ന, സത്യത്തിന്റെയും സത്യമായ, നിരുപാധികബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ എത്തിക്കുന്നു.

രണ്ടാം ബ്രാഹ്മണത്തില്‍ പ്രാണനെ ഒരു കന്നുകുട്ടിയായി സങ്കല്‍പ്പിച്ചുള്ള ഉപാസനയെ പറയുന്നു. മൂന്നാമത്തേതില്‍ ബ്രഹ്മത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ രണ്ടു ഭാവങ്ങളെ പറയുന്നു. അഗ്നി, ജലം, പൃഥ്വി എന്നിവ മൂര്‍ത്തവും വായു, ആകാശം എന്നിവ അമൂര്‍ത്തവും ആകുന്നു. ഇവയെ എല്ലാം നേതി, നേതി (ഇതല്ല, ഇതല്ല) എന്ന് നിഷേധിച്ച്, നിഷേധിച്ച് നിത്യസത്യത്തിലെത്താന്‍ അതില്‍ ഉപദേശിക്കുന്നു.

നാലാം ബ്രാഹ്മണത്തിലാണ് പ്രസിദ്ധമായ യാജ്ഞവല്‍ക്യ-മൈത്രേയീ സംവാദം. സന്ന്യസിക്കുവാന്‍ ആഗ്രഹിക്കുന്ന യാജ്ഞവല്‍ക്യന്‍ തന്റെ എല്ലാ സ്വത്തും മൈത്രേയി, കാര്‍ത്യായനി എന്നീ രണ്ടു ഭാര്യമാര്‍ക്കായി വീതിച്ചു കൊടുക്കുവാന്‍ തുടങ്ങുന്നു. മൈത്രേയിയാകട്ടെ അമൃതത്വം നല്‍കുന്ന സമ്പത്തല്ലാതെ മറ്റൊന്നും തനിക്കു വേണ്ട എന്നു പറഞ്ഞ് ഭൗതിക സ്വത്തുകളെ നിരസിക്കുകയും പകരം ആത്മോപദേശം നല്‍കുവാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. യാജ്ഞവല്‍ക്യന്‍ സന്തുഷ്ടനായി മൈത്രേയിക്ക് ആത്മജ്ഞാനം ഉപദേശിക്കുന്നു. 

 ഈ ലോകത്തില്‍ എല്ലാവരും മറ്റുള്ള ജീവജാലങ്ങളേയും വസ്തുക്കളേയും സ്‌നേഹിക്കുന്നത് സത്യത്തില്‍ അവരവരുടെ ആത്മാവിന്റെ സന്തോഷത്തിനു വേണ്ടിയാണ് (ആത്മനസ്തു കാമായ സര്‍വം പ്രിയം ഭവതി). ആ ആത്മാവാണ് പരമപ്രേമാസ്പദം എന്ന സത്യം ഉള്‍ക്കൊള്ളണം. ശ്രവണം, മനനം, നിദിധ്യാസനം എന്നിവ കൊണ്ട് സാക്ഷാത്കരിക്കേണ്ടത് ഈ ആത്മാവിനെയാണ്. ഇതിനെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ ഏല്ലാറ്റിനേയും അറിഞ്ഞ ഫലമാണ്. അജ്ഞാനം കൊണ്ടാണ് തന്നില്‍ നിന്നും അന്യമായി എല്ലാറ്റിനെയും കാണുന്നത്. ജ്ഞാനമുദിച്ചാല്‍ പിന്നെ ജ്ഞാതാവു മാത്രമേ ഉണ്ടാവുകയുള്ളൂ. തന്മൂലം തന്നില്‍ നിന്നന്യമായി മറ്റൊന്നിനേയും കാണുകയില്ല- എന്നതാണ് ആ ഉപദേശസാരം.  

അഞ്ചാമത്തേതായ മധുബ്രാഹ്മണത്തില്‍ രഥചക്രത്തിന്റെ ആരക്കാലുകള്‍ ചക്രനാഭി (കേന്ദ്രം) യോട് ചേര്‍ന്നു നില്‍ക്കുന്നതു പോലെ പ്രപഞ്ചപ്രതിഭാസങ്ങളും പഞ്ചഭൂതങ്ങളും എല്ലാം പരമാത്മാവിനോട് ചേര്‍ന്നവയാണെന്നും പരസ്പരസഹകരണത്തോടെ ആണ് എല്ലാം പ്രവര്‍ത്തിക്കുന്നതെന്നും  പറയുന്നു. ജീവാത്മാവ് പരമാത്മാവു തന്നെയാണെന്നും മായ കൊണ്ട് പലതെന്ന തോന്നലുളവാകുകയാണെന്നും വ്യക്തമാക്കുന്നു. ഈ മധുവിദ്യ ആഥര്‍വണനായ ദധ്യക്ക് താല്‍ക്കാലികമായി കിട്ടിയ അശ്വമുഖത്തിലൂടെ അശ്വിനീദേവതകള്‍ ഉപദേശിച്ചതാണെന്ന ഒരു കഥയും ഇതില്‍ കാണാം. ആറാമത്തേ വംശബ്രാഹ്മണത്തില്‍ ബ്രഹ്മാവു മുതലുള്ള ഗുരുശിഷ്യ വംശപരമ്പരയെ വിവരിക്കുന്നു.

മൂന്നാം അദ്ധ്യായത്തില്‍ ഒമ്പതു ബ്രാഹ്മണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ അശ്വലബ്രാഹ്മണം തുടങ്ങുന്നത് ഒരു ആഖ്യായിക പറഞ്ഞുകൊണ്ടാണ്. രാജാവായ ജനകന്‍ ധാരാളം ദക്ഷിണ നല്‍കേണ്ട ഒരു യാഗം ചെയ്യുകയാണ്. അദ്ദേഹം ഒരു ദിവസം കൊമ്പിലും കുളമ്പിലും സ്വര്‍ണ്ണം കെട്ടിച്ച ആയിരം പശുക്കളെ ബ്രഹ്മജ്ഞന്മാരുടെ സഭയില്‍ കൊണ്ടു വന്നിട്ട് നിങ്ങളില്‍ ഏറ്റവും വലിയ ബ്രഹ്മിഷ്ഠന് ഇവയെ കൊണ്ടുപോകാം എന്നു പറഞ്ഞു. യാജ്ഞവല്‍ക്യനൊഴിച്ച് മറ്റാരും അതിനു ധൈര്യപ്പെട്ടില്ല. അദ്ദേഹം ആ പശുക്കളെ തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോകാന്‍ ശിഷ്യന്മാരോട് പറഞ്ഞു. 

 അപ്പോള്‍ ബ്രഹ്മജ്ഞരായ മറ്റു സദസ്യര്‍ ഓരോരുത്തരായി എഴുന്നേറ്റ് യാജ്ഞവല്‍ക്യനെ പരീക്ഷിക്കുന്നതാണ് ഈ അദ്ധ്യായത്തിലെ വിഷയം. ഹോതാവായ അശ്വലന്റെ ചോദ്യങ്ങളും അതിനുള്ള മറുപടികളും ആണ് ഈ ആശ്വലബ്രാഹ്മണത്തിലുള്ളത്. തുടര്‍ന്ന് ജരല്‍കാരുവംശജനായ ആര്‍ത്തഭഗന്‍, ലഹ്യപുത്രനായ ഭുജ്യു, ചക്രപുത്രനായ ഉഷസ്തന്‍, കുഷീതകപുത്രനായ കഹോലന്‍, വചക്‌നുപുത്രിയായ ഗാര്‍ഗ്ഗി, ഉദ്ദാലക ആരുണി, ശകലപുത്രനായ വിദഗ്ധന്‍  തുടങ്ങിയവര്‍ യാജ്ഞവല്‍ക്യനെ ചോദ്യങ്ങള്‍ ചോദിച്ച് പരീക്ഷിക്കുന്നു. ചോദ്യകര്‍ത്താവിന്റെ പേരിലാണ് അതാത് ബ്രാഹ്മണങ്ങള്‍ അറിയപ്പെടുന്നത്. ഏഴാമത്തേതു മാത്രം, വിഷയത്തിന്റെ അടിസ്ഥാനത്തില്‍, അന്തര്യാമിബ്രാഹ്മണം എന്ന പേരിലാണ്.

   പ്രപഞ്ചസൃഷ്ടി, പ്രപഞ്ചത്തിന്റെ അന്തര്യാമി ആയ സൂത്രാത്മാവ്, ബഹുദേവതാരാധനയുടെ പൊരുള്‍ തുടങ്ങിയവയെപ്പറ്റി പല ചോദ്യങ്ങളും ഉയരുന്നു. ആത്മവിദ്യയുടെ അടിസ്ഥാനത്തില്‍ യാജ്ഞവല്‍ക്യന്‍ അക്ഷോഭ്യനായി എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ നല്‍കുന്നു. അസ്ഥൂലം, അനണു, അഹ്രസ്വം തുടങ്ങിയ നിഷേധാത്മകങ്ങളായ വിശേഷണങ്ങള്‍ കൊണ്ടു മാത്രമേ ബ്രഹ്മത്തിന്റെ ലക്ഷണം പറയാന്‍ കഴിയൂ. അനുമാനം, ബൗദ്ധികമായ ബോധ്യം ഉണ്ടാകല്‍, സാക്ഷാത്തായിട്ടുള്ള അനുഭവം എന്നിവയിലൂടെ ഇതിനെ അറിറയാന്‍ കഴിയും. ദ്രഷ്ടാവും ശ്രോതാവും, യന്താവും വിജ്ഞാതാവും എല്ലാമായി നിലക്കൊള്ളുന്ന ആ അക്ഷരബ്രഹ്മത്തെ അറിഞ്ഞ ശേഷം മരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണന്‍, ഈ അറിവില്ലാതെ മരിക്കുന്നവന്‍ കൃപണനാണ്- യാജ്ഞവല്‍ക്യന്‍ വ്യക്തമാക്കുന്നു. അദ്വൈതചിന്തയ്ക്ക് ആധാരമായ പരമസത്യത്തെപ്പറ്റി പൂര്‍ണ്ണമായ വിവരണം ഇതിലുണ്ടെന്നും ബഹുദേവതാരാധനയെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരത്തില്‍ ഏകം സദ് വിപ്രാ ബഹുധാ വദന്തി  (സത്യം ഒന്നു മാത്രം. വിദ്വാന്മാര്‍ പലതരത്തില്‍ പറയുന്നു) എന്ന തത്ത്വത്തെ വ്യക്തമാക്കുന്ന തരത്തില്‍ നിര്‍ഗുണവും നിരാകാരവും ഏകവും അദ്വയവും ആയ ബ്രഹ്മത്തെ സഗുണസാകാരതലത്തില്‍ പലതായി പറയുന്നു എന്നു സമര്‍ത്ഥിക്കുന്നു എന്നും മൃഡാനന്ദസ്വാമി അഭിപ്രായപ്പെടുന്നു.

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.