വിഷു ആഘോഷത്തിനിനി രണ്ടുനാള്‍ : നാടും നഗരവും ഒരുങ്ങി പടക്ക വിപണി കീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍

Wednesday 11 April 2018 9:08 pm IST

 

കണ്ണൂര്‍: വിഷു ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. വിഷുവിനോടനുബന്ധിച്ച് നടക്കുന്ന വിപണനമേളകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടി വാങ്ങാനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും നഗരങ്ങളിലേക്ക് ജനം ഒഴുകിയെത്തുകയാണ്. പതിവുപോലെ വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. തുണി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതു കൊണ്ടുതന്നെ വഴിയോര വിപണിയില്‍ സാധനം വാങ്ങാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇലക്‌ട്രോണിക് ഷോറൂമുകളിലും വന്‍കിട വസ്ത്ര വിപണന സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ഓഫറുകളാണ് വന്‍കിട വസ്ത്രവ്യാപാരികളും ഇലക്‌ട്രോണിക്‌സ് ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനും കോടിയുടുപ്പുകള്‍ വാങ്ങാനും കൂടുതലാളുകള്‍ ജനം നഗരത്തിലേക്കിറങ്ങുന്നതോടെ വരും ദിവസങ്ങളില്‍ ഗാമങ്ങളും നഗരങ്ങളും ഉത്സവലഹരിയിലാകും. 

വിവിധ മൈതാനങ്ങളിലും ഹാളുകളിലും നടക്കുന്ന പ്രദര്‍ശന വിപണന മേളകളിലെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. കൈത്തറി സഹകരണ സംഘങ്ങളുടെ പ്രദര്‍ശന-വിപണന മേള, വ്യാവസായിക-കാര്‍ഷിക പ്രദര്‍ശന വിപണന മേള, കണ്ണര്‍ മഹോത്സവം, ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനമേള തുടങ്ങിയവിടങ്ങളിലെല്ലാം സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

 വിഷു ആഘോഷങ്ങള്‍ക്ക് വര്‍ണ്ണം വിതറാന്‍ ചൈനീസ് ഇനങ്ങളടക്കമുള്ള പടക്കങ്ങളുമായി പടക്കവിപണിയും സജീവമായി. ചെറുവിലയുള്ള കമ്പിത്തിരി മുതല്‍ കെട്ടൊന്നിന് ആയിരങ്ങള്‍ വിലയുള്ള,മള്‍ട്ടി കളറില്‍ പൊട്ടുന്ന വെടികെട്ട് ഇനങ്ങളും വിപണിയില്‍ ലഭ്യമാണ്. ഫെയ്‌സ് ബുക്ക് പൂക്കുറ്റി, ബള്‍ക്ക്, ചക്രങ്ങള്‍, മേശപ്പൂ, റോക്കറ്റ്, വിവിധയിനം മത്താപ്പ്, 18 തരം വ്യത്യസ്തതയുള്ള കമ്പിത്തിരി, എന്നിവയും കടകളില്‍ ഉണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ ശിവകാശിയില്‍ നിന്നുള്ള പടക്കങ്ങള്‍ വന്നാലേ മലയാളിക്ക് വിഷുവിന് പടക്കം പൊട്ടിക്കാനും കമ്പിപ്പൂത്തിരികത്തിക്കാനും കഴിയൂ എന്നതാണ് സ്ഥിതി. എല്ലാ സാധനങ്ങളും ഇന്നു ചൈനീസ് മയമാണ്. അതുകൊണ്ട് വിഷു പടക്ക വിപണിയും ചൈനീസ് ഉല്പന്നങ്ങള്‍ കൈയ്യടിക്കിയിരിക്കുകയാണ്. ചൈനീസ് പടക്കങ്ങളുടെ പ്രത്യേകത അത് താരതമ്യേന അപകട രഹിതവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു മാത്രമല്ല വിലയും കുറവാണ്. നിരവധി കമ്പനികള്‍ വര്‍ണ്ണപകിട്ടില്‍ വൈവിധ്യങ്ങള്‍ തീര്‍ത്ത ഉല്പന്നങ്ങളുമായി വിഷുപടക്ക വിപണി കൈയ്യടക്കിയിരിക്കുകയാണ്.

 ഒരു സമയത്ത് അഞ്ച് നിറങ്ങളില്‍ കത്തുന്ന മത്താപ്പൂവും 12 മിനിറ്റ് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന മഡ് പൂവും, അഗ്‌നി പര്‍വ്വതം പോലെ കത്തുന്ന വോള്‍ക്കനൊയും വിപണിയിലെ താരങ്ങളാണ്. ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറുന്ന വെടികെട്ടിനു തുല്യം വക്കാവുന്ന ഒന്നിച്ചുള്ള വലിയ ഐറ്റത്തിന് വലിയ വിലവരും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വിലയ്ക്കുതന്നെയാണ് പടക്കം വില്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് വിതരണക്കാര്‍ പറയുന്നു. പടക്ക കമ്പനികളായ സെഞ്ചുറി, എഞ്ചോയ്, സോണി, അയ്യന്‍സ്, സ്റ്റാന്‍ഡേഡ്, സരസ്വതി, ചാമ്പ്യന്‍സ്, തുടങ്ങിയ പടക്കകമ്പനികളുടെ പടക്കങ്ങളാണ് വിപണിയിലുള്ളത്. അപകടസാധ്യത കുറവാണെന്നതിനാല്‍ കമ്പനി പടക്കം വാങ്ങാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. വലിയശബ്ദത്തില്‍ പൊട്ടുന്ന ഗുണ്ട് പടക്കങ്ങളാണ് കൗമാരപ്രായത്തിലെ ന്യുജനറേഷന്‍ കുട്ടികള്‍ക്ക് താല്പര്യമെന്ന് കടക്കാര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളും വിഷുവിനെ വരവേല്‍ക്കാന്‍ പടക്കങ്ങള്‍ വാങ്ങാന്‍ വിപണികളില്‍ എത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ഓലപ്പടക്കങ്ങള്‍ വിപണിയില്‍ കുറവാണ്. മറ്റുള്ള മേഖലകളിലേതുപോലെ ചെറിയ തോതിലുള്ള വിലവര്‍ധന പടക്കവിപണിയില്‍ ഉണ്ടെങ്കിലും വിഷുവിപണി പൊടിപൊടിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.