കൊട്ടിയൂര്‍ പീഡനക്കേസിലെ കുറ്റാരോപിതര്‍ സുപ്രീം കോടതിയിലെത്തി

Wednesday 11 April 2018 9:10 pm IST

 

തലശ്ശേരി: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കണമെന്ന വ്യവസ്ഥകള്‍ നിലനില്‍ക്കെ പ്രമാദവും വിവാദവുമായ കൊട്ടിയൂര്‍ പീഡനക്കേസിന്റ വിചാരണ നടപടികള്‍ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ആരംഭിക്കാനായില്ല. 

കൊട്ടിയൂരിലെ വൈദികന്‍ പ്രതിയായ പീഡനക്കേസ് തലശ്ശേരിയിലെ പോക്‌സോ സ്‌പെഷല്‍ (അഡീഷണല്‍ സെഷന്‍സ് ഒന്ന്) കോടതിയിലാണുള്ളത്. കേസിലെ ഒന്നാം പ്രതിയായ ഫാ.റോബിന്‍ വടക്കുംചേരി കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലും കൂട്ടുപ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട വയനാട് ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.തോമസ് ജോസഫ് തേരകം, ഡോ.സിസ്റ്റര്‍ ബെറ്റി, കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, കന്യാസ്ത്രിയായ അഡ്മിനിസ്‌ട്രേറ്റര്‍, മുഖ്യ പ്രതിയായ വൈദികനെ സഹായിച്ച മറ്റ് കന്യാസ്ത്രീകള്‍ ഉള്‍പെടെ ഒമ്പത് പ്രതികള്‍ ജാമ്യത്തിലുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തലശ്ശേരി കോടതിയില്‍ കുറ്റപത്രവും നല്‍കി. ഇതിന് പിന്നാലെയാണ് കൊട്ടിയൂര്‍ കേസ് വഴിത്തിരിവിലെത്തിയത്. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് കേസിലെ ഒമ്പതാം പ്രതിസ്ഥാനത്തുള്ള ഫാദര്‍ തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയെ തുടര്‍ന്ന് തലശ്ശേരി കോടതിയിലെ വിചാരണ നടപടികള്‍ ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ ഇടപെട്ട് പിന്നീട് സ്‌റ്റേ ഉത്തരവ് പിന്‍വലിപ്പിച്ചുവെങ്കിലും തലശ്ശേരി കോടതി ഇത് പരിഗണിക്കുന്നതിനിടയില്‍ കേസിലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. പരമോന്നത നീതിപീഠത്തില്‍ നിന്നും മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കൊട്ടിയൂര്‍ കേസില്‍ ഇടപെടാന്‍ ഇനി തലശ്ശേരി കോടതിക്കാവില്ല. പോക്‌സോ നിയമത്തിന്റെ 35 (2) വകുപ്പ് പ്രകാരം പരമാവധി ഒരു വര്‍ഷത്തിനകം ഇത്തരം കുറ്റകൃത്യങ്ങളില്‍ കോടതികള്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് വ്യവസ്ഥ. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.