പുനര്‍നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; സാങ്കേതികത്വത്തില്‍ കുരുങ്ങി നെല്ല്യാട്ടേരി പാലം

Wednesday 11 April 2018 9:12 pm IST

 

ഇരിട്ടി: പുനര്‍നിര്‍മ്മാണം അനിശ്ചിത്വത്തില്‍, സാങ്കേതികത്വത്തില്‍ കുടുങ്ങി ഉളിയില്‍ നെല്ല്യാട്ടേരി പാലം. രണ്ട് വര്‍ഷം മുമ്പ് ഇ.പി.ജയരാജന്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നാണ് പാലം നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നേരത്തേ നിര്‍മ്മാണ ചുമതല. എന്നാല്‍ മണ്ണ് പരിശോധന കഴിഞ്ഞ് എട്ട് മീറ്ററില്‍ താഴെയുള്ള പാലം പ്രവൃത്തി നടത്താന്‍ കഴിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി അധികൃതര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയും തില്ലങ്കേരി പഞ്ചായത്ത് അധികൃതരും ഇടപെട്ട് പ്രവൃത്തി എല്‍എസ്ജിഡി വിഭാഗത്തിനു കൈമാറിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തി ഒന്നും നടന്നില്ല. 

നേരത്തെ 12 മീറ്റര്‍ വീതി കണക്കാക്കിയാണ് മണ്ണ് പരിശോധന നടത്തിയത്. നിലവിലുള്ള റോഡിന്റെയും പാലം ഉള്‍പെടുന്ന സ്ഥലത്തിന്റെയും ഘടന അനുസരിച്ച് ആറ് മീറ്റര്‍ വീതിയില്‍ മാത്രമാണ് പാലം നിര്‍മ്മിക്കുവാന്‍ കഴിയുക. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മണ്ണ്പരിശോധന നടത്തേണ്ടി വരും. മണ്ണ് പരിശോധന നടത്താനായി പഞ്ചായത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെക്കുകയും പ്രവൃത്തി കരാറുകാനെ എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണ് പരിശോധന കഴിഞ്ഞ് വീണ്ടും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പാലം പ്രവൃത്തി തുടങ്ങാന്‍ ഇനിയും വൈകുമെന്നാണ് സൂചന. 

നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് നടപ്പാലത്തിനു പകരം ഗതാഗത സൗകര്യമുള്ള പാലം നിര്‍മ്മിക്കാനായി ഫണ്ട് അനുവദിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം ഇപ്പോള്‍ ഒരു ഭാഗം കൈവരി തകര്‍ന്ന് തീര്‍ത്തും അപകടാവസ്ഥയിലാണ്. വിദ്യര്‍ത്ഥികള്‍ ഉള്‍പെടെ നൂറ് കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലം കാലവര്‍ഷം കനക്കുംമുമ്പെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അനിശ്ചിതമായി പാലംനിര്‍മ്മാണം നീണ്ടുപോകുന്നതില്‍ നാട്ടുകാര്‍ക്കിടിയില്‍ ശക്തമായ പ്രതിക്ഷേധവും ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.