തിരികെ തിരുമുറ്റത്തേക്ക്; പൊതുവിദ്യാലയ സംരക്ഷണ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത്

Wednesday 11 April 2018 9:12 pm IST

 

കണ്ണൂര്‍: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന തിരികെ തിരുമുറ്റത്തേക്ക് ക്യാമ്പയിന്‍ ഈ വര്‍ഷം കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലമായ പരിപാടികളാണ് ഇത്തവണ ആവിഷ്‌ക്കരിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍, സിനിമാ-കായിക താരങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നടത്തും. 

തിരികെ തിരുമുറ്റത്തേക്ക് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ ജില്ലയ്ക്ക് സാധിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 10.99 ശതമാനം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസില്‍ കൂടുതലായി എത്തി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 589 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 1795 കുട്ടികളുമായി മുന്‍ വര്‍ഷത്തേക്കാള്‍ 2384 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം അധികമായെത്തിയത്. പൊതുവിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും കൂടുതല്‍ മെച്ചപ്പെട്ടതോടെ ഇത്തവണ കുട്ടികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതികളില്‍ സാധ്യമായവ ഈ മാസം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രവൃത്തികള്‍ എപ്പോള്‍ തുടങ്ങും, എപ്പോള്‍ അവസാനിക്കും, പ്രതിമാസ പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കേണ്ടത്. നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചെറിയ വീഴ്ചകള്‍ പരിഹരിച്ചുവേണം ഇത്തവണ മുന്നോട്ടു പോവാനെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍, കെ.ശോഭ, അംഗങ്ങളായ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, സണ്ണി മേച്ചേരി, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, സുമിത്ര ഭാസ്‌കരന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുല്ല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.