ലക്ഷ്യമിട്ടതിനേക്കാള്‍ ആറു ലക്ഷം തൊഴില്‍ ദിനങ്ങള്‍; തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം

Wednesday 11 April 2018 9:15 pm IST

 

കണ്ണൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിനെക്കാള്‍ ആറ് ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങളെന്ന നേട്ടം കൈവരിച്ച് കണ്ണൂര്‍ ജില്ല മികച്ച പ്രകടനം കാഴ്ചവച്ചു. 21.4 ലക്ഷം തൊഴില്‍ ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 27.47 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ല 128ശതമാനം നേട്ടം കൈവരിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 462,991 തൊഴില്‍ ദിനങ്ങളുമായി ഇരിട്ടി ബ്ലോക്കാണ് ഒന്നാമതെത്തിയത്. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തുക ചെലവഴിച്ച് പേരാവൂര്‍ ബ്ലോക്കും മികവ് പുലര്‍ത്തി. ഗ്രാമപഞ്ചായത്തുകളില്‍ 161,495 തൊഴില്‍ ദിനങ്ങളുമായി ആറളം പഞ്ചായത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചു. 

ജില്ലയില്‍ ആകെ 27,50,777 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതിലൂടെ 72,228 കുടുംബങ്ങള്‍ക്ക് കൂലിയിനത്തില്‍ 71.24 കോടി രൂപ വിതരണം ചെയ്യാന്‍ സാധിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 4217 കുടുംബങ്ങള്‍ നൂറ് പ്രവൃത്തി ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍വര്‍ഷത്തേക്കാള്‍ 1607 എണ്ണം കൂടുതലാണിത്. വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് 442 കുടുംബങ്ങള്‍ക്ക് 150 തൊഴില്‍ ദിനങ്ങള്‍ വീതം നല്‍കാനും കണ്ണൂരിന് കഴിഞ്ഞു.

ആസ്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടാളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കെട്ടിടം പോലുളള മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും ജില്ലയ്ക്ക് സാധിച്ചു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൃഷി-ജലസേചന ആവശ്യങ്ങള്‍ക്കായി 77 കുളങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചു. 145 കുളങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. നാല് അംഗനവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. 239 കിണറുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി. 618 കിണറുകളുടെ ജോലി ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് പദ്ധതി ഡയരക്ടറും ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ കെ.എം.രാമകൃഷ്ണന്‍ അറിയിച്ചു. 

ജൈവകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന 954 മണ്ണിര കംപോസ്റ്റ് യൂണിറ്റുകളില്‍ 231 എണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങി. മറ്റു വകുപ്പുകളുമായി യോജിച്ച് വിവിധ പഞ്ചായത്തുകളിലെ നഴ്‌സറികളില്‍ 9 ലക്ഷം ഫലവൃക്ഷ തൈകള്‍ ഉല്‍പാദിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിച്ചു. 

ജലസ്രോതസ്സുകളെ കയര്‍ ഭൂവസ്ത്രം വിരിച്ച് ശക്തിപ്പെടുത്തുന്ന പദ്ധതി പ്രകാരം 545 ലക്ഷം രൂപയുടെ ധാരണാപത്രം ഒപ്പു വച്ചതില്‍ 37.8 ലക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തിയാക്കാനായതും പദ്ധതിയുടെ നേട്ടമാണ്. 

നേരത്തേ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിതരണം ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വഴിയാക്കിയത് പദ്ധതി നടപ്പിനെ കൂടുതല്‍ സുതാര്യമാക്കിയതായി ഡയറക്ടര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.