പഞ്ചിങ് സംവിധാനം: റേഷന്‍ കിട്ടാതെ ഗുണഭോക്താക്കള്‍

Thursday 12 April 2018 2:00 am IST

 

എടത്വ: റേഷന്‍കടകളില്‍ പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നതോടെ റേഷന്‍ കിട്ടാതെ ഗുണഭോക്താക്കള്‍. അധികൃതരുടെ അനാസ്ഥമൂലം പാവപ്പെട്ട കര്‍ഷക തൊഴിലാളികളും വിധവകള്‍ക്കും സാധാരണകാര്‍ക്കുമാണ് വീണ്ടും റേഷനില്ലാതിയിരിക്കുന്നത്. കുട്ടനാട് താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലായി 461 ഗുണഭോക്താക്കള്‍ക്കാണ് റേഷന്‍ കടകളില്‍ വിരല്‍ പതിപ്പിക്കുന്ന ഉപകരണം വന്നതോടെ വീണ്ടും റേഷന്‍ മുടങ്ങിയിരിക്കുന്നത്. 

 തലവടി പ്രദേശത്താണ് ഏറ്റവും അധികം ഗുണഭോക്താകള്‍ ഉള്‍പെട്ടിട്ടുള്ളത്. തലവടി പ്രദേശത്തെ 408 ഗുണഭോക്താക്കള്‍ക്കും, മറ്റുപഞ്ചായത്തുകളിലെ 52 ഗുണഭോക്താക്കള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തപ്പോള്‍ ലഭിച്ചിരുന്നില്ല. കാര്‍ഡ് കിട്ടാത്തതിനാല്‍ രണ്ടു മാസത്തോളം റേഷനും ലഭിച്ചിരുന്നില്ല. സപ്ലൈക്കോ ഓഫീസ് ഉപരോധമടക്കമുള്ള നിരവധി സമരങ്ങളെ തുടര്‍ന്ന് തല്‍ക്കാലിക ക്രമീകരണത്തിലൂടെ റേഷന്‍ വിതരണം പുനരാരംഭിക്കുകയായിരുന്നു. റേഷന്‍ കടകളില്‍ വിരല്‍ പതിപ്പിക്കല്‍ സംവിധാനം നിലവില്‍ വന്നതോടെ ഇവരുടെ പേരുകള്‍ എന്‍ട്രി ചെയ്യാന്‍ കഴിയാത്തതിനാലാണ് വീണ്ടും ഇവര്‍ക്ക് റേഷന്‍ മുടങ്ങിയിരിക്കുന്നത് എന്നാണറിയുന്നത്. 

 പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി ഇവര്‍ ഫോട്ടോ എടുക്കുകയും ആവശ്യമായ രേഖകള്‍ നല്‍കുകയും ചെയ്തിരുന്നതാണ് എന്നിട്ടും പുതിയ റേഷന്‍ കാര്‍ഡ് വിതരണ സമയത്ത് ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാതിരിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സപ്ലൈക്കോ അധികൃതര്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കാര്‍ഡ് ലഭിക്കാത്തതിനാല്‍ പുതിയ സംവിധാനത്തിലൂടെയുള്ള  റേഷന്‍ വിതരണത്തില്‍ നിന്നും ഇത്രയും പേരെ  ഒഴിവാക്കിയിരിക്കുകയാണ്. ഇത്രയും ഗുണഭോക്താക്കള്‍ ഡേറ്റ മിസ്സിങ് ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കുന്നതിനാല്‍ ഇവരെ ഉള്‍പെടുത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അധികൃതര്‍ പറയുന്നത്. ഗുണഭോക്താക്കള്‍ റേഷന്‍കടയിലെത്തി വിരലുകള്‍ പതിപ്പിക്കുമ്പോള്‍ മാത്രമാണ് റേഷന്‍ ഇല്ലാ എന്നുള്ള വിവരം അറിയുന്നത്. വീണ്ടും സമരത്തിനൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് കാര്‍ഡ് ഉടമകള്‍. 

 കാര്‍ഡ് ലഭിക്കാതെ പോയവരിലധികവും തലവടി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഫോട്ടോ എടുത്ത ഗുണഭോക്താക്കള്‍ക്കായിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറിലെ പിഴവ് ആണ് അന്ന് റേഷന്‍കാര്‍ഡ് ലഭിക്കാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം തുടങ്ങുമെന്ന് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.