മോദിയുടെ സ്വപ്‌നങ്ങളില്‍ അംബേദ്കറുടെ ഇന്ത്യ

Thursday 12 April 2018 2:22 am IST
കോണ്‍ഗ്രസ്സ് വിസ്മരിച്ച അംബേദ്കര്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ പരിഗണന നല്‍കിയത് ബിജെപിയും മോദി സര്‍ക്കാരുമാണ്. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുബജറ്റുകള്‍ ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാരും പ്രഖ്യാപിക്കാത്ത കോടിക്കണക്കിന് രൂപയുടെ ജനപ്രിയ വികസന പദ്ധതികളാണ് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനുവേണ്ടി ആവിഷ്‌കരിച്ചത് എന്നത് ശ്രദ്ധേയമാണ്.
"undefined"

ഭരണഘടനാശില്‍പിയും, അധഃസ്ഥിത ജനവിഭാഗങ്ങളെ രാഷ്ട്രീയ അധികാരത്തിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഡോ. ബാബാസാഹേബ് രാംജി അംബേദ്കറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. അംബേദ്കര്‍ വിഭാവനം ചെയ്ത ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംബേദ്കര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലായിപ്പോയവരാണ് അയിത്ത വിഭാഗങ്ങളും ഗോത്രവിഭാഗങ്ങളും. ജാതിവ്യവസ്ഥയും ജന്മിസമ്പ്രദായവും വേട്ടയാടിയ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മോചനത്തിനായുള്ള വഴിതുറന്നു കിട്ടിയത് അംബേദ്കറുടെ ശ്രമഫലമായിട്ടാണ്. 1927-ല്‍ മഹാഡ് മുനിസിപ്പാലിറ്റിയിലെ പൊതുകുളത്തിലെ വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തി പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ച അംബേദ്കര്‍ സവര്‍ണ്ണ മേധാവിത്തംകൊണ്ട് കലുഷിതമായ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിനെതിരെ നീന്തി വിജയംവരിക്കുകയാണുണ്ടായത്.

1930-ലെ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിം ന്യൂനപക്ഷത്തിന് സീറ്റ് വേണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. 1932-ല്‍ പൂെന  കരാറില്‍ ഗാന്ധിജിയും അംബേദ്കറും ഒപ്പുവച്ചു. പട്ടികജാതി-പട്ടികവര്‍ഗ ജനതയുടെ പുരോഗതിക്ക് സംവരണമെന്ന ഭരണഘടനാപരിരക്ഷ നേടിയെടുത്ത് അംബേദ്കര്‍  സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും അനാചാരജടിലമായ സമൂഹത്തെ ശുദ്ധീകരിക്കാനും ശ്രദ്ധവച്ചു. മുസ്ലിം ആക്രമണകാരികള്‍ക്കെതിരെ മഹാരാഷ്ട്ര ജനതയെ സംഘടിപ്പിച്ച വീരശിവാജിയുടെയും, ഹിന്ദുത്വത്തിന്റെ പ്രചാരകനായ വീരസവര്‍ക്കറുടെയും ആരാധകനായിരുന്നു അംബേദ്കര്‍.

ഭരണഘടനാ ശില്‍പിയും ഇടക്കാല സര്‍ക്കാരില്‍ നിയമവകുപ്പ് മന്ത്രിയുമായിരുന്ന അംബേദ്കറുടെ പിന്നീടുള്ള ചരിത്രം വേദനയുടെയും അവഗണനയുടേതുമായിരുന്നു. നിയമനിര്‍മ്മാണം പോലെയുള്ള അതീവ ദുഷ്‌ക്കരമായ ചുമതല ഏല്‍പ്പിക്കാന്‍ തയ്യാറായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിന്നീട് അംബേദ്കറെ രാഷ്ട്രീയത്തില്‍നിന്ന് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയാണുണ്ടായത്. തന്റെ കൈകളാല്‍ എഴുതിയ ഭരണഘടനപ്രകാരം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച അംബേദ്കറെ തോല്‍പ്പിച്ചതിനുപിന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കറുത്ത കൈകളായിരുന്നു. അവഗണനയുടെ ഫലമായി 1951-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. അതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംബേദ്കറെ അവഗണിക്കുകയും വിസ്മരിക്കുകയുമായിരുന്നു.

അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നത് കോണ്‍ഗ്രസ്സിതര സര്‍ക്കാരുകളായിരുന്നു. 1977-ല്‍ അധികാരത്തില്‍ വന്ന ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരിനെ നയിച്ച മൊറാര്‍ജി ദേശായിയുടെ കാലഘട്ടം മുതലാണ് അംബേദ്കര്‍ ജയന്തി ആഘോഷിച്ചുപോന്നത്. പിന്നീട് വന്ന അടല്‍ബിഹാരി വാജ്‌പേയ്‌യുടെ സര്‍ക്കാരായിരുന്നു അംബേദ്കര്‍ക്ക് രാഷ്ട്രപിതാവായ മഹാത്മാഗന്ധിക്ക് തുല്യമായ സ്ഥാനം നല്‍കി ആദരിച്ചത്. പാര്‍ലമെന്റിനടുത്ത് അംബേദ്കര്‍ ഭവന് അഞ്ച് ബംഗ്ലാവോടുകൂടിയ നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും, അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കി ആദരിച്ചതും അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ സര്‍ക്കാരാണ്. അംബേദ്കര്‍ ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ച് ദളിതരുടെ ആത്മാഭിമാനം ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. അംബേദ്കര്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിനും ലൈബ്രറിക്കും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചു. ദല്‍ഹിയില്‍ അംബേദ്കര്‍ താമസിച്ചിരുന്ന ആലിപ്പൂര്‍ റോഡിലുള്ള ഭവനം സ്മാരകമാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനവും രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ അംബേദ്കര്‍ ചെയറുകള്‍ ആരംഭിച്ചതും രാജ്യത്തെ പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്കുള്ള അംഗീകാരമാണ്.

ഇന്ത്യയെ വ്യവസായവല്‍ക്കരിക്കുന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ അംബേദ്കര്‍ പറഞ്ഞിരുന്നു. മോദി സര്‍ക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി രാജ്യത്ത് മുന്നേറുമ്പോള്‍ വ്യാവസായിക മഹാശക്തിയെന്ന അംബേദ്കറുടെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ദരിദ്രര്‍ക്കായി ചിലത് വീതിച്ച് നല്‍കുന്നതുകൊണ്ട് മാത്രം അവരുടെ ദാരിദ്ര്യം അകറ്റാനാവില്ലെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നു. മുദ്ര യോജന, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതികളിലൂടെ അംബേദ്കറുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് നരേന്ദ്ര മോദി. ഉന്നതങ്ങളിലെത്താന്‍ സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടതില്ലെന്നും, ദരിദ്രകുടുംബത്തില്‍ ജനിക്കുന്നവര്‍ക്കും സ്വപ്‌നങ്ങള്‍ കാണാമെന്നും അംബേദ്കര്‍ തെളിയിച്ചു. ജനാധിപത്യം വിജയിക്കാന്‍ സമൂഹത്തിലുള്ള ഭയാനകമായ അസമത്വം ഇല്ലാതാകണമെന്ന് അംബേദ്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് വിസ്മരിച്ച അംബേദ്കര്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ പരിഗണന നല്‍കിയത് ബിജെപിയും മോദി സര്‍ക്കാരുമാണ്. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുബജറ്റുകള്‍ ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാരും പ്രഖ്യാപിക്കാത്ത കോടിക്കണക്കിന് രൂപയുടെ ജനപ്രിയ വികസന പദ്ധതികളാണ് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനുവേണ്ടി ആവിഷ്‌കരിച്ചത് എന്നത് ശ്രദ്ധേയമാണ്. അംബേദ്കര്‍ ജയന്തി ഏപ്രില്‍ 14 മുതല്‍ മെയ് അഞ്ചുവരെ കേന്ദ്രസര്‍ക്കാര്‍ 'ഗ്രാമസ്വരാജ് അഭിയാന്‍' ആയി ഗ്രാമീണതലം മുതല്‍ പാര്‍ലമെന്റ് തലംവരെയും ആചരിക്കുകയാണ്. അംബേദ്കറെക്കുറിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എഴുതിയ പുസ്തകം ഇന്ത്യന്‍ രാഷ്ട്രപതി  രാംനാഥ് കോവിന്ദ് അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 ന്  രാഷ്ട്രപതി ഭവനില്‍ പ്രകാശനം ചെയ്യും. ഇവിടെ മറ്റൊരു ചരിത്രംകൂടി പിറക്കുകയാണ്. തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അധഃസ്ഥിത സമൂഹം പ്രതീക്ഷയോടുകൂടിയാണ് കാണുന്നത്.

(ബിജെപി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.