കീഴാറ്റൂര്‍ : സിപിഎം മുട്ടുമടക്കി; വയല്‍ക്കിളികള്‍ സമരത്തില്‍ ഉറച്ചുതന്നെ

Thursday 12 April 2018 2:44 am IST
"undefined"

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് മുന്നില്‍ സിപിഎം നേതൃത്വം കീഴടങ്ങി. പാര്‍ട്ടി കല്‍പ്പന ലംഘിച്ച് ബൈപ്പാസിനെതിരെ സമരം ചെയ്തതിന്  പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുടെ വീടുകളില്‍ സമവായവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇന്നലെ നേരിട്ടെത്തി. തെറ്റ് ഏറ്റുപറഞ്ഞ് അവരെ തിരികെ എത്തിക്കാനാണ്  ഭവന സന്ദര്‍ശനം. ഇന്നലെ രാവിലെ 6 മണിയോടെയാണ് സന്ദര്‍ശനം. മാധ്യമ ശ്രദ്ധ ഇല്ലാതിരിക്കാനാണ് ഈ സമയം  തിരഞ്ഞെടുത്തത്.അതേസമയം സമരത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന്  പുറത്താക്കപ്പെട്ടവര്‍ വീടുകളിലെത്തിയ ജയരാജനോട് വ്യക്തമാക്കി. രാവിലെ 6 മണിക്ക് കീഴാറ്റൂരിലെത്തിയ ജയരാജനും നേതാക്കളും 9.30 ഓടെയാണ് മടങ്ങിയത്. 

വയല്‍കിളി സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു.  ഐക്യദാര്‍ഢ്യ സമിതിയും ബിജെപിയടക്കമുളള വിവിധ സംഘടനകളും ഇവര്‍ക്കു വേണ്ടി ഇറങ്ങിയിരുന്നു.  തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായി. ഇതാണ്  ജില്ലാ സെക്രട്ടറിതന്നെ  പുതിയ നീക്കം തുടങ്ങിയതിന്റെ കാരണം. 

പാര്‍ട്ടി പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാനുളള നീക്കമാണ് നടക്കുന്നത്. മൂന്ന് ബ്രാഞ്ച് കമ്മിറ്റികളില്‍ ഉള്‍പ്പെട്ടവരെയാണ് പുറത്താക്കിയത്.   ആറുപേരുടെ വീടുകളാണ്  സന്ദര്‍ശിച്ചത്. 

കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതിന് തീരുമാനം എടുത്തത്.  പാര്‍ട്ടി ചരിത്രത്തില്‍  ആദ്യമാണ് പുറത്താക്കിയ പാര്‍ട്ടി അംഗങ്ങളെ തിരിച്ചു കൊണ്ടുവരാന്‍  മുതിര്‍ന്ന നേതാവ്  വീടുകളിലെത്തുന്നത്.

വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച്  നടത്തി സമരം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് പെട്ടെന്ന് സമരക്കാരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.  ലോങ് മാര്‍ച്ച് നടന്നാല്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്യും.  സമരത്തില്‍ നിന്ന് പിന്മാറണമെന്നും അങ്ങനെയെങ്കില്‍  അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാമെന്ന ഉറപ്പും നല്‍കി. പുറത്താക്കിയവരോട് വെളളക്കടലാസില്‍ ഇക്കാര്യം എഴുതി ഒപ്പിട്ടുനല്‍കാനും ഇവര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.