നടപടിക്രമം പാലിക്കാതെ വസ്തു ജപ്തി ചെയ്ത നടപടി റദ്ദ് ചെയ്തു

Thursday 12 April 2018 2:00 am IST
വായ്പയെടുത്ത് മാസങ്ങള്‍ക്കകം വീടും സ്ഥലവും നിയമവിരുദ്ധമായി ജപ്തി ചെയ്ത് ലേലം ചെയ്ത ബാങ്കിന്റെ നടപടി റദ്ദ് ചെയ്ത് വസ്തു ഉടമക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.

 

കോട്ടയം: വായ്പയെടുത്ത് മാസങ്ങള്‍ക്കകം വീടും സ്ഥലവും നിയമവിരുദ്ധമായി  ജപ്തി ചെയ്ത് ലേലം ചെയ്ത ബാങ്കിന്റെ നടപടി റദ്ദ് ചെയ്ത് വസ്തു ഉടമക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കോട്ടയം പാത്താമുട്ടം കരുമാങ്കല്‍ തോമസ് വര്‍ഗീസാണ് ജില്ലാ കാര്‍ഷിക വികസന ബാങ്കിനെതിരെ നിയമയുദ്ധം നടത്തിയത്. ഭൂമാഫിയയാണ് തന്റെ ഭൂമി തട്ടിയെടുത്തതിന് പിന്നിലെന്ന് തോമസ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഇത്തരത്തില്‍  ബാങ്കുകളില്‍ ഈട് വയ്ക്കുന്ന സ്വത്ത് തട്ടിയെടുക്കുന്ന റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്ന് തോമസ് പറയുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ജപ്തിയും തുടര്‍ന്നുള്ള ലേലവും റദ്ദ് ചെയ്തു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വസ്തു തോമസിന്റെ പേരിലാക്കി നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

 2003ലാണ് തോമസ് കോട്ടയം കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 3.90 ലക്ഷം രൂപ വായ്പയെടുത്തത്. 21 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലവും 15 ലക്ഷം രൂപ മൂല്യമുള്ള  കെട്ടിടങ്ങളുമാണ് ബാങ്കിന് ഈടായി നല്‍കിയിരുന്നത്. ആറു മാസം മുതലാണ് തിരിച്ചടവ് തുടങ്ങുന്നത്. ഇതിനിടെ പക്ഷാഘാതത്തെ തുടര്‍ന്ന് അസുഖബാധിതനായ തോമസ്  ബാംഗ്ലൂരിലുള്ള മകളുടെ അടുത്തേക്ക് ചികില്‍ത്സക്കായി പോയി. എന്നാല്‍ 2003 നവംബറില്‍ തന്നെ ദ്രുതഗതിയില്‍ വസ്തു ലേലം ചെയ്ത് നല്‍കുകയായിരുന്നു. റെജി മാത്യു എന്നയാള്‍ക്കാണ് ലേലം ചെയ്ത് നല്‍കിയത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നു ഈ നടപടി. പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് രേഖകളും പണവും കൈവശപ്പെടുത്തിയതായും തോമസ് ആരോപിച്ചു. പുരയിടത്തില്‍ നിന്നിരുന്ന മരങ്ങളും വെട്ടിക്കടത്തി. കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും മൂല്യ നിര്‍ണ്ണയം നടത്തിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.