തൃക്കാക്കര ഭരണം ഇടതിന് നഷ്ടമായി

Thursday 12 April 2018 2:53 am IST

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ രണ്ടര വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം. യുഡിഎഫ്  കൊണ്ട് വന്ന അവിശ്വാസം വിജയിച്ചതോടെ ചെയര്‍പേഴ്സണ്‍ കെ.കെ നീനു പുറത്തായി. കോണ്‍ഗ്രസ് വിമതനായ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്  രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് ഇടത് പതനം.

ഉച്ചയ്ക്ക് ശേഷം ചെയര്‍പേഴ്സനെതിരെ നടന്ന അവിശ്വാസ ചര്‍ച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. എന്നാല്‍, യുഡിഎഫിലെ ഇരുപത്തിയൊന്ന് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിലേക്ക് കൂറുമാറിയ വൈസ് ചെയര്‍മാനും ഉള്‍പ്പെടെ ഇരുപത്തി രണ്ട് പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിലേക്ക് ആദ്യം കൂറുമാറിയ സിപിഎം വിമത കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് യുഡിഎഫ് നേതാക്കളെയും കൗണ്‍സിലര്‍മാരെയും ആശങ്കയിലാക്കിയെങ്കിലും അവിശ്വാസം വിജയംകണ്ടു.

ബജറ്റ് ചര്‍ച്ചയില്‍ ഇടത് വിമതനായ എം.എം. നാസര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. ഇതോടെയാണ് 43 അംഗ കൗണ്‍സിലില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് ഇടത് ഭരണത്തിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. 

സിപിഎം വിമതന്  വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കി ഭരണം തിരിച്ചു പിടിക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. എന്നാല്‍ അവിശ്വാസം ചര്‍ച്ചക്കെടുക്കുന്നതിന് തലേ ദിവസം ഇരു മുന്നണികളിലെയും നേതാക്കളെ ഞെട്ടിച്ച് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. തലേ ദിവസം വരെ തങ്ങള്‍ക്കൊപ്പം ഉറച്ചു നിന്ന സാബു ഫ്രാന്‍സിസ് മറുകണ്ടം ചാടിയത് ഇടത് മുന്നണിയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.