സിറ്റി വീണ്ടും വീണു; ലിവര്‍പൂള്‍ സെമിയില്‍

Thursday 12 April 2018 2:21 am IST

ലണ്ടന്‍: രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിലും ലിവര്‍പൂളിനോട് തോറ്റ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്താതെ പുറത്തായി. ആദ്യപാദത്തില്‍ 3-0ന് തോറ്റ സിറ്റി ഇന്നലെ രണ്ടാം പാദത്തില്‍ 2-1നും പരാജയപ്പെട്ടു. ഇതോടെ ഇരുപാദങ്ങളിലുമായി 5-1ന്റെ കനത്ത പരാജയമാണ് സിറ്റി നേരിട്ടത്.

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ കളി തുടങ്ങി രണ്ട് മിനിറ്റ് ആകുന്നതിന് മുന്‍പ് സിറ്റി ഗബ്രിയേല്‍ ജീസസിലൂടെ മുന്നിലെത്തി. ഇതോടെ സിറ്റി ആരാധകര്‍ ആവേശത്തിലായി. മറ്റൊരു വമ്പന്‍ വിജയത്തിലൂടെ സിറ്റി ലിവര്‍പൂളിനെ കെട്ടുകെട്ടിക്കുമെന്നും സെമിയില്‍ കടക്കുമെന്നും അവര്‍ കരുതി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും അവരുടെ രക്ഷയ്‌ക്കെത്തിയില്ല. രണ്ടാം പകുതിയില്‍ എണ്ണംപറഞ്ഞ രണ്ട് ഗോളുകളിലൂടെ ലിവര്‍പൂള്‍ സിറ്റിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

രണ്ടാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നാണ് ജീസസ് ലിവര്‍പൂള്‍ വല കുലുക്കിയത്. പിന്നീടങ്ങോട്ട് സിറ്റിയുടെ മുന്നേറ്റങ്ങളായിരുന്നു. ജീസസും കെവിന്‍ ഡി ബ്രൂയനും ലിറോയ് സാനേയും അഗ്യൂറോയും സില്‍വയും ചേര്‍ന്ന് എണ്ണയിട്ട യന്ത്രം കണക്കെ പന്തുമായി എതിര്‍ ബോക്‌സിലേക്ക് മുന്നേറിയെങ്കിലും കോട്ടകെട്ടി ലിവര്‍പൂള്‍ പ്രതിരോധം കാത്തതോടെ സിറ്റിയുടെ അവസരങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ മുഖംമാറിയ ലിവര്‍പൂളിനെയാണ് കളിക്കളത്തില്‍ കണ്ടത്. മുഹമ്മദ് സാലയും മാനെയും ഫിര്‍മിനോയും കളംനിറഞ്ഞു. 56-ാം മിനിറ്റില്‍ മുഹമ്മദ് സാലയിലൂടെ സമനില ഗോള്‍ നേടി. സാഡിയോ മാനെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തടയാന്‍ ശ്രമിെച്ചങ്കുിലും പന്ത് കിട്ടിയത് സാലയുടെ കാലിലായിരുന്നു. പന്ത് കിട്ടിയ താരത്തിന് ലക്ഷ്യം തെറ്റിയില്ല. സീസണില്‍ സാലയുടെ 39-ാം ഗോളായിരുന്നു അത്. സമനില ഗോള്‍ വീണതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മതിച്ചു. പിന്നീട് 77-ാം മിനിറ്റില്‍ ഫെര്‍മിനോയിലൂടെ ലിവര്‍പൂള്‍ വിജയഗോളും കണ്ടെത്തി. സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയവും രണ്ടാം ഹോം പരാജയവുമാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.