ട്രാക്കില്‍ കാത്തിരിപ്പ് : ബാഡ്മിന്റണിലും ടിടിയിലും മുന്നോട്ട്

Thursday 12 April 2018 2:22 am IST

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് കാത്തിരിപ്പ്. ഇന്നലെ വനിതകളുടെ 400 മീറ്റര്‍, പുരുഷന്മാരുടെ ഹൈജമ്പ് എന്നിവയിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചത്. എന്നാല്‍ രണ്ടിനത്തിലും മെഡല്‍ നേടാന്‍ കഴിഞ്ഞി.

വനിതകളുടെ 400 മീറ്ററില്‍ ഹിമ ദാസ് 51.32 സെക്കന്‍ഡില്‍ തന്റെ ഏറ്റവും മികച്ച സമയം കുറിച്ചെങ്കിലും ആറാമതായാണ് ഫിനിഷ് ചെയ്തത്. ഒന്നാം ട്രാക്കിലായിരുന്നു ഹിമ മത്സരിക്കാനിറങ്ങിയത്. ബോട്‌സ്വാനയുടെ അമാന്റ്‌ലെ മൊണ്‍ട്‌ഷൊ 50.15 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും ജമൈക്കയുടെ അനസ്താസിയ ലിറോയ് 50.57 സെക്കന്‍ഡില്‍ വെള്ളിയും  അവരുടെ തന്നെ സ്‌റ്റെഫാനി 50.93 സെക്കന്‍ഡില്‍ വെങ്കലവും നേടി.

അതേസമയം പുരുഷ ഹൈജമ്പില്‍ തേജസ്വിന്‍ ശങ്കര്‍ 2.24 മീറ്റര്‍ ചാടി ആറാമതാണ് എത്തിയത്. 2.32 മീറ്റര്‍ ചാടിയ ആതിഥേയ താരം ബ്രണ്ടന്‍ സ്റ്റാര്‍ക്ക് സ്വര്‍ണ്ണവും 2.30 മീറ്റര്‍ ചാടിയ ബഹ്മാസിന്റെ ജമാല്‍ വില്‍സണ്‍ വെള്ളിയും ഇതേ ഉയരം കീഴടക്കിയ കാനഡയുടെ ഡാങ്കോ ലൊവെറ്റ് വെങ്കലവും നേടി.

വനിതാ ലോങ്ജമ്പില്‍ നയന ജെയിംസും നീന പിന്റോയും ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ 6.34 മീറ്റര്‍ ചാടി നാലാമതായാണ് നയന ജെയിംസ് യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ 6.24 മീറ്റര്‍ ചാടി ആറാമാതായാണ് നീനയും യോഗ്യത സ്വന്തമാക്കിയത്.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നാണ് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത വന്നത്. മത്സരിക്കാനിറങ്ങിയവരെല്ലാം പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, വനിതകളില്‍ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, ഋത്വിക ശിവാനി എന്നിവര്‍ സിംഗിള്‍സ് വിഭാഗം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി, പുരുഷ ഡബിള്‍സില്‍ രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വാക്കോവറിലൂടെയാണ് അവസാന 16-ല്‍ ഇടം നേടിയത്. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-രങ്കി റെഡ്ഡി, സിക്കി റെഡ്ഡി-പ്രണവ് ചോപ്ര സഖ്യവും പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ജോഷ്‌ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ സഖ്യം ക്വാര്‍ട്ടറിലെത്തി.

ടേബിള്‍ ടെന്നീസില്‍ പുരുഷ-വനിതാ താരങ്ങള്‍ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറിലെത്തി. പുരുഷ-വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍താരങ്ങള്‍ പ്രീ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ഡബിള്‍സില്‍ പൂജാ സഹസ്രബുദ്ധെ-ഹര്‍മീത് ദേശായി സഖ്യം മാത്രാണ് മലേഷ്യന്‍ ജോഡിയോട് തോറ്റ് പുറത്തായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.