ഷൂട്ടിങ് റേഞ്ചില്‍ നിന്ന് മൂന്ന് മെഡല്‍

Thursday 12 April 2018 3:25 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്നലെയും ഇന്ത്യക്ക് മൂന്ന് മെഡല്‍. മൂന്നും ഷൂട്ടിങ് റേഞ്ചില്‍ നിന്ന്. ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവുമാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ വെടിവെച്ചിട്ടത്. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 12 ആയി. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം പ്രകാശ് മിതര്‍വാളും ഡബിള്‍ ട്രാപ്പില്‍ അങ്കുര്‍ മിത്തലുമാണ് വെങ്കലം നേടിയത്. ഇതോടെ ആകെ മെഡല്‍ സമ്പാദ്യം 12 സ്വര്‍ണ്ണവും 4 വെള്ളിയും 8 വെങ്കലവുമടക്കം 24 ആയി.

വനിതകളില്‍ ഓസ്‌ട്രേലിയയുടെ എമ്മ കോക്‌സിന്റെ കനത്ത വെല്ലുവിളി മറികടന്നായിരുന്നു ശ്രേയസിയുടെ സ്വര്‍ണ്ണനേട്ടം. ഫൈനലില്‍ ഇരുവരും 96 പോയിന്റുമായി സമനിലപാലിച്ചതോടെ ടൈബ്രേക്കര്‍ വേണ്ടിവന്നു സ്വര്‍ണ്ണ ജേതാവിനെ തീരുമാനിക്കാന്‍. നിര്‍ണായക നിമിഷത്തില്‍ ശ്രേയസി ഉജ്ജ്വലഫോമിലേക്കുയര്‍ന്നതോടെ സ്വര്‍ണ്ണവും കഴുത്തിലണിയുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡിന്റെ ലിന്‍ഡ പിയേഴ്‌സണ്‍ 87 പോയിന്റുമായി വെങ്കലം നേടി. മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്‍മ്മന്‍ നാലാം സ്ഥാനത്താണ് എത്തിയത്.

2014ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ശ്രേയസിക്ക് ഈയിനത്തില്‍ വെള്ളിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ശ്രേയസി വെള്ളി നേടിയിരുന്നു.

പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെങ്കലം നേടിയാണ് ഇന്ത്യ ഏഴാം ദിനത്തിന് തുടക്കം കുറിച്ചത്. ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ രണ്ടാമത്തെ വെങ്കലമാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് വെങ്കലം നേടിയിരുന്നു.

201.1 പോയിന്റാണ് ഓം പ്രകാശ് നേടിയത്. 227.2 പോയിന്റ് നേടിയ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപചോലി ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണവും 220.5 പോയിന്റുമായി ബംഗ്ലാദേശിന്റെ ഷാകില്‍ അഹമ്മദ് വെള്ളിയും നേടി. അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ ജിത്തു റായി നിരാശപ്പെടുത്തി. എട്ടാം സ്ഥാനത്താണ് ജിത്തു ഫിനിഷ് ചെയ്തത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതു സ്വര്‍ണം നേടിയിരുന്നു.

ഡബിള്‍ ട്രാപ്പില്‍ 53 പോയിന്റ് നേടിയാണ് അങ്കുര്‍ മിത്തല്‍ വെങ്കലം നേടിയത്. സ്‌കോട്ട്‌ലന്‍ഡിന്റെ ഡേവിഡ് മക്മത്ത് 74 പോയിന്റുമായി ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ഐല്‍ ഓഫ് മാന്‍ താരം ടിം കെയ്ല്‍ വെള്ളി നേടി. മറ്റൊരു ഇന്ത്യന്‍ താരം മുഹമ്മദ് അസബ് നാലാമത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.