താജ്മഹല്‍; ഷാജഹാന്റെ ഒപ്പ് കാണിക്കാന്‍ സുപ്രീംകോടതിയുടെ പരിഹാസം

Thursday 12 April 2018 3:38 am IST
"undefined"

ന്യൂദല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയെന്ന് ബോര്‍ഡ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഷാജഹാന്‍ ഒപ്പിട്ട കടലാസുകള്‍ കാണിക്കാന്‍ കോടതി തിരിച്ചാവശ്യപ്പെട്ടു. താന്‍ ഷാജഹാന്റെ കയ്യക്ഷരവും ഒപ്പും കണ്ടിട്ടില്ലെന്നും അവ കാണാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരിഹാസരൂപേണ പറഞ്ഞു. 

താജ്മഹല്‍ ബോര്‍ഡിന്റെ സ്വത്തായി കണക്കാക്കി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തിനെതിരെ 2010ലാണ് കേന്ദ്ര പുരാവസ്തു വകുപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെയാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും വഖഫ് ബോര്‍ഡിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു. 

ഷാജഹാന്‍ ചക്രവര്‍ത്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന് കീഴിലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ബോര്‍ഡിന് വേണ്ടി വാദിച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കകം ഷാജഹാന്റെ ഒപ്പടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഷാജഹാന്‍ എങ്ങനെ വഖഫ് ബോര്‍ഡിന് ഒപ്പിട്ട് നല്‍കും. ഷാജഹാന്‍ ജയിലിലായിരുന്നു, ചീഫ് ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ക്കിതെപ്പോള്‍ കിട്ടി. മുഗള്‍ ഭരണശേഷം 250 വര്‍ഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കയ്യിലായിരുന്നു. അതിന് ശേഷം കേന്ദ്രസര്‍ക്കാരിന്റെ കീഴിലും. കേന്ദ്രപുരാവസ്തു വകുപ്പിനാണ് താജിന്റെ പരിപാലന ചുമതല, ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. 

 ഷാജഹാന്റെ ഭരണകാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടു പോലുമില്ലെന്ന് പുരാവസ്തു വകുപ്പിന് വേണ്ടി ഹാജരായ എഡിഎന്‍ റാവു വാദിച്ചു. 1658 ജൂലൈയിലാണ് ഷാജഹാനെ മകന്‍ ഔറംഗസേബ് ജയിലിലടയ്ക്കുന്നത്. മുഗള്‍ ഭരണകാലത്തെ എല്ലാ സ്മാരകങ്ങളും കൊട്ടാരങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലേക്ക് മാറ്റിയിരുന്നു. 1858ല്‍ ബഹാദൂര്‍ ഷാ സഫറില്‍ നിന്നാണ് ബ്രീട്ടീഷുകാര്‍ സ്വത്തുക്കളെല്ലാം സ്വന്തമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അവയെല്ലാം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലെത്തുകയുമായിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.