ഹാരിസണ്‍ വിധി: അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടമാകും

Thursday 12 April 2018 3:50 am IST
"undefined"

കൊച്ചി: കേരളത്തില്‍ വിവിധ കമ്പനികളും വ്യക്തികളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ച് ലക്ഷത്തിലേറെ ഏക്കര്‍ തോട്ടഭൂമി ഏറ്റെടുക്കുന്നതിന് ബുധനാഴ്ചത്തെ ഹൈക്കോടതി വിധി തിരിച്ചടിയാകും. ഇതില്‍ ഒന്നരലക്ഷത്തോളം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഹാരിസണിന്റേയും അനുബന്ധ കമ്പനികളുടേയും കൈവശം 70,000 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 38,171 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. കൂടാതെ ആര്‍ബിടിയുടെ 6,800 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തിരുന്നു. ഹാരിസണ്‍ കൂടാതെ ഹോപ്‌സ് പ്ലാന്റേഷന്‍, കരുണ, പെരുവന്താനം, പാരിസണ്‍, പോബ്‌സണ്‍, ബ്രൈമൂര്‍ തുടങ്ങി നൂറോളം എസ്‌റ്റേറ്റുകള്‍ അനധികൃതമായി തോട്ടഭൂമി കൈവശം വച്ചിട്ടുണ്ട്. ഈ കേസുകളിലും തോട്ട ഉടമകള്‍ക്ക് ഹൈക്കോടതി വിധി അനുഗ്രഹമായിവരും. 

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഹാരിസണ്‍ തോട്ടഭൂമി വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബ്രീട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ തോട്ടഭൂമി സര്‍ക്കാരില്‍ നിഷ്പിതമാക്കുന്നതിനുവേണ്ടി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറായ എം.ജി. രാജമാണിക്യം 2016 ജൂണ്‍ 4ന് ഭൂമി തിരിച്ചെടുക്കാന്‍ സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

നിയമനിര്‍മ്മാണത്തിനായി കരട് തയ്യാറാക്കാന്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറി. എന്നാല്‍ കേരള ഭൂസംരക്ഷണ നടപടി പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പല കേസുകളിലും തോട്ടം ഉടമകള്‍ ഹൈക്കോടതിയില്‍ അനുകൂല വിധി സമ്പാദിച്ചത്. ഹാരിസണ്‍ ഭൂമിയിടപാട് കേസിന്റെ വിധിയിലും നിയമവകുപ്പിന്റെ റിപ്പോര്‍ട്ടാണ് ഹാരിസണിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെതിരെ നിയമവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഹാരിസണ്‍ കേസിലും നിര്‍ണ്ണായകമായി. കേസ് ആദ്യം പരിഗണിച്ച ഹൈക്കോടി സിംഗിള്‍ ബഞ്ച് ജഡ്ജി, രാജമാണിക്യത്തിന്റെ നടപടിക്രമങ്ങളെ ശരിവെയ്ക്കുകയും വിദേശകമ്പനിക്ക് കുടിയായ്മ അവകാശം കിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പിന്നീടാണ്് കേസ് ഡിവിഷന്‍ ബഞ്ചിലേയ്ക്ക് മാറ്റിയത്. 

കേസ് കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റരുതെന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുശീല ഭട്ടിനെ മാറ്റിയാലും കേസില്‍ തിരിച്ചടി ഉണ്ടാകില്ലെന്നും കേസില്‍ എജി ഹാജരാകുമെന്ന് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. എന്നാല്‍ എജിയോ, അഡീഷന്‍ എജിയോ കേസില്‍ ഹാജരായില്ല. കേസ് നടത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ ഹാരിസണ്‍ കമ്പനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന വിവാദം ഉയര്‍ന്നിരുന്നു. മാസങ്ങോളം സര്‍ക്കാരിനുവേണ്ടി കേസ് വാദിക്കാന്‍ അഭിഭാഷകനില്ലാതെ വന്നതാടെയാണ് വി.എം. സുധീരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേസില്‍ കക്ഷിച്ചേര്‍ന്നു. പിന്നീടാണ് സ്‌പെഷ്യല്‍ ഗവ പ്ലീഡറായി അഡ്വ. പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ചത്. 

ഹാരിസണിന് വേണ്ടി ഹാജരായത്, സുപ്രീകോടതിയിലെ ഏഴ് പ്രഗത്ഭ അഭിഭാഷകരാണ്. കേസിന്റെ അവസാന ഘട്ടത്തിലാണ് സുപ്രീകോടതിയിലെ അഭിഭാഷകനായ കെ.ബി. ഗുപ്തയെ സര്‍ക്കാര്‍ കേസിലേയ്ക്ക് നിയോഗിച്ചത്. ഹാരിസണിനും അനുബന്ധ കമ്പനികള്‍ക്കുവേണ്ടി പത്ത് ദിവസമാണ് വാദത്തിനായി അഭിഭാഷകര്‍ ചെലവഴിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം ഒന്നര ദിവസംകൊണ്ട് അവസാനിക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.