യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വ്യാജ സാക്ഷികള്‍

Thursday 12 April 2018 4:56 am IST
വരാപ്പുഴയില്‍ മത്സ്യത്തൊഴിലാളി വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് വ്യാജ സാക്ഷിമൊഴി ഉണ്ടാക്കി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തും സഹോദരന്‍ സജിത്തും കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്ന് വാസുദേവന്റെ വീട് ആക്രമിച്ചത് കണ്ടതായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ മൊഴി നല്‍കിയെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍
"undefined"

കൊച്ചി: വരാപ്പുഴയില്‍ മത്സ്യത്തൊഴിലാളി വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് വ്യാജ സാക്ഷിമൊഴി ഉണ്ടാക്കി. കസ്റ്റഡിയില്‍ മരിച്ച  ശ്രീജിത്തും സഹോദരന്‍ സജിത്തും കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്ന് വാസുദേവന്റെ വീട് ആക്രമിച്ചത് കണ്ടതായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ മൊഴി നല്‍കിയെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍. എന്നാല്‍, പോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ താന്‍ ജോലി സ്ഥലത്തായിരുന്നുവെന്നും പരമേശ്വരന്‍ വെളിപ്പെടുത്തിയതോടെ പോലീസ് വെട്ടിലായി.

വരാപ്പുഴ ടൗണില്‍ ലോഡിങ് തൊഴിലാളിയായ പരമേശ്വരന്‍, സംഭവം നടക്കുന്ന ഏപ്രില്‍ ആറിന് അവിടത്തെ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ നിരപരാധികളെ പോലീസ് കരുവാക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. സിപിഎമ്മിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് വ്യാജസാക്ഷിയെ സൃഷ്ടിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ വരും. സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടിയവരെയാണ് പോലീസ് കേസില്‍ പ്രതികളാക്കിയത്. അതിന്റെ ഭാഗമായിട്ടാണ് സാക്ഷിമൊഴി തട്ടിക്കൂട്ടിയതും.

 വാസുദേവന്റെ അയല്‍വാസിയാണ് പരമേശ്വരന്‍. വാസുദേവന്റെ വീടാക്രമിക്കപ്പെടുന്ന സമയത്ത് താന്‍ ജോലി സ്ഥലത്തായിരുന്നു. അവിടെ നില്‍ക്കുമ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ വാസുദേവന്റെ  വീട്ടിലെത്തി. പരിസരത്തെ വീടുകളിലെ സ്ത്രീകളെല്ലാം അവിടെയുണ്ടായിരുന്നു. അന്നും പിറ്റേന്നും നടന്ന പ്രതിഷേധ പരിപാടികളില്‍ പ്രദേശവാസികള്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നു. എന്നാല്‍ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടോ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടോ താന്‍ മൊഴി കൊടുത്തിരുന്നില്ല- പരമേശ്വരന്‍ പറയുന്നു.

സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് ആത്മത്യചെയ്ത വാസുദേവന്റെ ബന്ധുക്കളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ പോലീസിനെ വെട്ടിലാക്കുന്നതാണ് സിപിഎം നേതാവുകൂടിയായ പരമേശ്വരന്റെ വെളിപ്പെടുത്തല്‍. പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ നിരപരാധിയായ ശ്രീജിത്തിനെയും സജിത്തിനെയും ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.