വിദ്യാര്‍ഥികള്‍ക്ക് ആവശ്യമില്ലെങ്കില്‍ സംവരണം അവസാനിപ്പിക്കാം

Thursday 12 April 2018 11:02 am IST
സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം നിര്‍ത്തലാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന

ധാക്ക: സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവരണം നിര്‍ത്തലാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെങ്കില്‍ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന് ഷെയ്ക്ക് ഹസീന പാര്‍ലമന്റെില്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസങ്ങളിലായി സംവരണത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രധാന റോഡുകള്‍ ഉപരോധിച്ച് ഗതാഗതം തടയുകയും ചെയ്തിരുന്നു.ചില വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ വസതിയിലും ആക്രമണം നടത്തി. പലയിങ്ങളിലും വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി. നൂറോളം വിദ്യാര്‍ഥികള്‍ക്ക് കണ്ണീര്‍ വാതക പ്രയോഗത്തിലും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവെപ്പിലും പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംവരണത്തിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം ആരംഭിച്ചത്. 

ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ മരണമടഞ്ഞവരുടെ മക്കള്‍, ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

അതേസമയം സംവരണ നയം ഉപേക്ഷിക്കുന്നതായും വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ച വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും ഷേയ്ക്ക് ഹസീന അഭ്യര്‍ഥിച്ചു. പ്രതിഷേധ സമരം സാധാരണക്കാരെ വല്ലാതെ ദുരിതത്തിലാക്കിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിഷേധത്തിനിടെ ധാക്ക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വീട് ആക്രമിച്ചവര്‍ക്കതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.