പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി വേണം : മനുഷ്യാവകാശ കമ്മിഷന്‍

Thursday 12 April 2018 4:58 pm IST

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. 

കേരള പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ രേഖയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടത്. കേരള പോലീസിലെ ക്രമിനല്‍ കേസില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക എടുക്കാന്‍ 2011ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പട്ടിക പോലീസ് തലപ്പത്തുനിന്ന് തയ്യാറാക്കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. പല തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ആസ്ഥാനത്തുനിന്നും ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കിയത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട പോലീസുകാരുള്ളത് തലസ്ഥാന ജില്ലയിലാണ്. 215 പേര്‍. എസ്ഐ, എഎസ്ഐ റാങ്കിലുള്ള 230 ഓളം പോലീസുകാരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. സിഐ റാങ്കിലുള്ള 46 പേരും ഡിവൈഎസ്പി റാങ്കിലുള്ള 10 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.

സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ പീഡിപ്പിക്കല്‍, കസ്റ്റഡി മര്‍ദ്ദനം തുടങ്ങിയ കേസുകളിലാണ് ഇവരില്‍ ഏറെയും പ്രതികളായിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായി നടപടിയൊന്നും ഉണ്ടാകാറില്ല. പോലീസ് തലപ്പത്തുതന്നെ ഇടപെട്ട് കേസുകള്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.