നെല്ല് സംഭരണം വൈകുന്നു ആശങ്കയില്‍ കര്‍ഷകര്‍

Friday 13 April 2018 1:29 am IST

 

അമ്പലപ്പുഴ: കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകുന്നില്ല. പാഡിഓഫീസറും മില്ലുടമകളും തമ്മിലുള്ള ധാരണയിലാണ് നെല്ലെടുക്കാത്തതെന്നാണ് കര്‍ഷകരുടെ ആരോപണം. 

   അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം ഒറ്റവേലി, നാനേക്കാട് പാടശഖരങ്ങളിലെ നെല്ലാണ് മില്ലുടമകള്‍ എടുക്കാതെ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കൊയത്തു കഴിഞ്ഞപ്പോള്‍ മില്ലുടമകള്‍ എത്തി നെല്ല് പരിശോധിച്ച് അടുത്തദിവസം എത്താമെന്നുപറഞ്ഞു മടങ്ങിയതാണ്. എന്നാല്‍ ദിവസങ്ങളായിട്ടും നെല്ലെടുപ്പു നടപടികള്‍ ആരംഭിച്ചിട്ടില്ല. പാഡിഓഫീസര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് മില്ലുകളുടെ ഇടനിലക്കാര്‍ നല്‍കുന്ന മറുപടി. 

    നെല്ലിന്റെ ഇപ്പോഴത്തെ നിലവാരമനുസരിച്ച് തൂക്കത്തില്‍ കുറവുവരുത്താനാകില്ല. അതാണ് നെല്ലെടുപ്പ് വൈകിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.  അടുത്ത ദിവസങ്ങളില്‍ ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. മഴ പെയ്താല്‍ നെല്ലിന്റെ ഈര്‍പ്പം കണക്കാക്കി  ഒരു ക്വിന്റല്‍ നെല്ലിന്‍മേല്‍ പത്തു മുതല്‍ 20 കിലോ വരെ തൂക്കത്തില്‍ കുറവുവരുത്താനാകും. 

    ഒറ്റവേലി പാടശേഖരത്തില്‍ 25 കര്‍ഷകര്‍ക്കായി 35 ഏക്കര്‍ നിലമാണുള്ളത്. നാല്‍പ്പത്തിയഞ്ച് ഏക്കറുള്ള നാനേക്കാട് പാടശേഖരത്തില്‍ 28 കര്‍ഷകരാണ് കൃഷിചെയ്തത്.രണ്ടു പാടശേഖരങ്ങളിലുമായി 80 ടണ്‍ നെല്ലാണ് കെട്ടികിടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ല വിളവും ഗുണമേന്മയുള്ള നെല്ലുമാണ് ഇത്തവണത്തേത്. ഒന്നു ഒന്നരയും ഏക്കര്‍ വീതം കൃഷിചെയ്യുന്ന ചെറുകിട കര്‍ഷകര്‍ വായ്പയെടുത്താണ് കൃഷി ഇറക്കിയത്. 

  ഒരേക്കര്‍ നിലം ഒരുക്കി വിതച്ച് വിളവെടുക്കാറായപ്പോള്‍ 25000 മുതല്‍ 30000 രൂപ വരെ ചെലവുവന്നു. ഒരേക്കറില്‍ നിന്ന് 25 മുതല്‍ 30 ക്വിന്റല്‍ നെല്ലുവരെ ഇത്തവണ ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഈര്‍പ്പത്തിന്റെ പേരില്‍ അളവില്‍ കുറവുവരുത്തിയാല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകരും. അടുത്തദിവസങ്ങളില്‍ നെല്ലെടുപ്പു നടത്തിയില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.