വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Friday 13 April 2018 2:16 am IST
ശിലീനപുത്രനായ ജിത്വാവ്, ശുല്‍ബപുത്രനായ ഉദങ്കന്‍, വൃഷ്ണപുത്രനായ ബര്‍ക്കു, ഭരദ്വാജപുത്രനായ ഗര്‍ദ്ദഭീവിപീതന്‍, ജാബാലയുടെ പുത്രനായ സത്യകാമന്‍, ശകലപുത്രനായ വിദഗ്ധന്‍ എന്നിവരാണ് ആ ആറുപേര്‍. അവര്‍ യഥാക്രമം വാക്ക്, പ്രാണന്‍, നേത്രം, ശ്രോത്രം, മനസ്സ്, ഹൃദയം എന്നീ ആറിനെ ബ്രഹ്മമായി ഉപാസിക്കുവാനാണ് രാജാവിനോടുപദേശിച്ചത്.
"undefined"

ബൃഹദാരണ്യകത്തിലെ മൂന്നാം അദ്ധ്യായത്തിലെ ആറ്, എട്ട് ബ്രാഹ്മണങ്ങളിലെ പ്രധാനപ്പെട്ട ഒരു സാന്നിദ്ധ്യം ഗാര്‍ഗ്ഗി എന്ന ബ്രഹ്മവാദിനിയുടേതാണ്. ശൗര്യത്തിനു വിശ്രുതനായ കാശി രാജനോ ശൂരവംശജനായ വിദേഹരാജാവോ അമ്പുകള്‍ കൊണ്ട് യുദ്ധത്തില്‍ ശത്രുക്കളെ പീഡിപ്പിക്കുന്നതുപോലെ ഇതാ ഞാന്‍ എഴുന്നേറ്റ് കൂരമ്പുകള്‍ പോലെയുള്ള രണ്ടു ചോദ്യങ്ങള്‍ അങ്ങയുടെ നേര്‍ക്ക് തൊടുക്കുന്നു- എന്നാണ് വാചക്‌നവിയായ ഗാര്‍ഗ്ഗി ചോദ്യത്തിനു മുമ്പ് യാജ്ഞവല്‍ക്യനോട് പറയുന്നത്.  പാണ്ഡിത്യവും തന്റേടവും ഒത്തു ചേര്‍ന്ന ഈ സ്ത്രീരത്‌നം ആ കാലഘട്ടത്തില്‍ പുരുഷന്മാര്‍ക്ക്എന്നപോലെ സ്ത്രീകള്‍ക്കും വൈദികമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു എന്ന വസ്തുതയുടെ വാചാലമായ തെളിവാണ്.

നാലാം അദ്ധ്യായം-  

ആകെ ആറ് ബ്രാഹ്മണങ്ങള്‍ ആണ് ഇതിലുള്ളത്. ജനകനും യാജ്ഞവല്‍ക്യനും കൂടി പല ആധ്യാത്മികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലാണ് ഇത്. ഒരു ദിവസം യാജ്ഞവല്‍ക്യന്‍ ജനകരാജാവിന്റെ സദസ്സില്‍ ചെല്ലുന്നു. അപ്പോള്‍ പശുക്കള്‍ക്കു വേണ്ടിയോ അതോ സൂക്ഷ്മങ്ങളായ ചോദ്യങ്ങള്‍ ചോദിക്കുവാനോ എന്നു ജനകന്‍ തമാശരൂപേണ ചോദിക്കുന്നു.  രണ്ടിനും എന്നായിരുന്നു യാജ്ഞവല്‍ക്യന്റെ ഉത്തരം. യാജ്ഞവല്‍ക്യന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജനകന്‍ തനിക്ക് ആറ് ആചാര്യന്‍മാരില്‍ നിന്നും കിട്ടിയിട്ടുള്ള ഉപദേശങ്ങളെപ്പറ്റി പറയുന്നു.

ശിലീനപുത്രനായ ജിത്വാവ്, ശുല്‍ബപുത്രനായ ഉദങ്കന്‍, വൃഷ്ണപുത്രനായ ബര്‍ക്കു, ഭരദ്വാജപുത്രനായ ഗര്‍ദ്ദഭീവിപീതന്‍, ജാബാലയുടെ പുത്രനായ സത്യകാമന്‍, ശകലപുത്രനായ വിദഗ്ധന്‍ എന്നിവരാണ് ആ ആറുപേര്‍. അവര്‍ യഥാക്രമം വാക്ക്, പ്രാണന്‍, നേത്രം, ശ്രോത്രം, മനസ്സ്, ഹൃദയം എന്നീ ആറിനെ ബ്രഹ്മമായി ഉപാസിക്കുവാനാണ് രാജാവിനോടുപദേശിച്ചത്. അവ പരബ്രഹ്മത്തിന്റെ ഓരോ പാദങ്ങള്‍ മാത്രം ആണെന്നും ബ്രഹ്മത്തെ പൂര്‍ണ്ണമായി ഉപാസിക്കുവാന്‍ ഇവ മാത്രം പോരാ എന്നും ചൂണ്ടിക്കാട്ടി യാജ്ഞവല്‍ക്യന്‍ ഇവയിലോരോന്നിന്റെയും സമഗ്രമായ ഉപാസനയേയും ഫലത്തേയും ജനകന് ഉപദേശിക്കുന്നു.

ഓരോ ഉപദേശം ലഭിക്കുമ്പോഴും ജനകന്‍ യാജ്ഞവല്‍ക്യന് ആനയെപ്പോലുള്ള കാളയോടുകൂടി ആയിരം പശുക്കളെ തരുന്നുണ്ട് എന്നു പറയുമ്പോള്‍ ആ ഋഷിയുടെ മറുപടി ശ്രദ്ധേയമാണ്. യാജ്ഞവല്‍ക്യന്‍ - ശിഷ്യനെ അനുശാസിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍ നിന്നും ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് എന്റെ പിതാവ് വിചാരിച്ചിരുന്നു- എന്നാണ് പറയുന്നത്. എത്ര ഉദാത്തമാണ് ആ സംസ്‌കാരം! 

രണ്ടാം ബ്രാഹ്മണത്തില്‍ ജീവന്‍ ശരീരം വിട്ടുപോകുമ്പോള്‍ എവിടേക്കാണ് പോകുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നു. മൂന്നാമത്തെ ജ്യോതിര്‍ബ്രാഹ്മണത്തിന് മുപ്പത്തിയെട്ട് ഖണ്ഡികകള്‍ ഉണ്ട്. ഈ പുരുഷന്‍ എന്തു ജ്യോതിസ്സോടു കൂടിയവനാണ് എന്നു ജനകന്‍ ചോദിക്കുന്നു. ആദിത്യന്‍, ചന്ദ്രന്‍, അഗ്നി, വാക്ക് എന്ന ക്രമത്തില്‍ അവസാനം ആത്മജ്യോതിസ്സിലെത്തിക്കുന്നു. പിന്നെ ജാഗ്രത്സ്വപ്‌നസുഷുപ്തികളാകുന്ന അവസ്ഥാത്രയത്തെ വിശദമായി നിരൂപണം ചെയ്യുന്നു. ആ അവസ്ഥകളില്‍ ആത്മാവിനുണ്ടാകുന്ന അനുഭവങ്ങളേയും വിശദമാക്കുന്നു. ഈ ഭാഗങ്ങള്‍ മനശ്ശാസ്ത്രചിന്തകര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. 

ഒരു മഹാ മത്സ്യം നദിയുടെ ഒഴുക്കിനാല്‍ തടസ്സപ്പെടാതെ പുഴയുടെ ഇരുകരകളിലേക്കും മാറിമാറി സഞ്ചരിക്കുന്നതു പോലെയാണ് അസംഗനായ ആത്മാവ് ജാഗ്രത്തിലും സ്വപ്‌നത്തിലും മാറിമാറി സഞ്ചരിക്കുന്നത്. ഒരു പരുന്ത് ആകാശത്തില്‍ പറന്നുപറന്നു തളര്‍ന്ന് ചിറകു പരത്തി കൂട്ടിലേക്കു തിരിച്ചു പോകുന്നതു പോലെയാണ് ആത്മാവ് തന്റെ സ്വരൂപാവസ്ഥാനമായ സുഷുപ്തിയിലേക്കു പോകുന്നത്. സുഷുപ്തിയില്‍ ഇന്ദ്രിയമനസ്സുകളുടെ എല്ലാം പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ദ്വൈതബോധവും ഇല്ല. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ സുഖദു:ഖങ്ങള്‍ക്കതീതവും ഭയരഹിതവും ആയ സ്ഥാനത്തെത്തി പരമാനന്ദം അനുഭവിക്കുന്നു.

ഈ സുഷുപ്തിസ്ഥാനത്ത് വെച്ച് ഈ ലിംഗാത്മാവ് (ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവ്) പ്രാജ്ഞാത്മാവിനാല്‍ ആലിംഗനം ചെയ്യപ്പെടുന്നു. അപ്പോള്‍, എങ്ങിനെയാണോ പ്രിയപ്പെട്ട ഭാര്യയാല്‍ ആലിംഗനം ചെയ്യപ്പെട്ട ഒരുവന്‍ ബാഹ്യമായും ആന്തരമായും ഉള്ള ഒന്നിനേയും അറിയാതിരിക്കുന്നത് (തദ്യഥാ പ്രിയയാ സ്ത്രിയാ സംപരിഷ്വക്തോ ന ബാഹ്യം കിഞ്ചന വേദ നാന്തരം), അതുപോലുള്ള അവസ്ഥയെ പുല്‍കുന്നു.  ഈ ആനന്ദാവസ്ഥയാണ് ആത്മാവിന്റെ അഥവാ പുരുഷന്റെ പരമമായ ലക്ഷ്യം. എന്നാല്‍ അജ്ഞാനം അവിടെ ഉള്ളതിനാല്‍ ആ ആനന്ദാനുഭവത്തെപ്പറ്റി ആത്മാവിന് ബോധമുണ്ടാകുന്നില്ല. ഇതാണ് സമാധിയും സുഷുപ്തിയും തമ്മിലുള്ള വ്യത്യാസം എന്നു മൃഡാനന്ദസ്വാമി വിശദീകരിക്കുന്നു.

മറ്റു ജീവാവസ്ഥകളിലെല്ലാം ഈ ആനന്ദത്തിന്റെ അംശങ്ങളെയാണ് അനുഭവിക്കുന്നത് (ഏതസൈ്യവ ആനന്ദസ്യ അന്യാനി ഭൂതാനി മാത്രാം ഉപജീവന്തി). സുഷുപ്തി കാലത്തെ ഈ ആനന്ദാനുഭവത്തെ മറ്റ് ആനന്ദാവസ്ഥകളുമായി ഇവിടെ താരതമ്യം ചെയ്യുന്നു. മനുഷ്യരില്‍ ആരോഗ്യവാനും സമ്പന്നനും മറ്റുള്ളവരുടെ അധീശനും മനുഷ്യനാഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഇച്ഛയ്‌ക്കൊത്ത് അനുഭവിക്കാന്‍ കഴിയുന്നവനുമായ ഒരുവന്റെ ആനന്ദത്തെ മനുഷ്യാനന്ദം എന്നു പറയുന്നു. ഇതിനെ അളവിന്റെ ഒരു ഏകകം  ആയി കരുതിയാല്‍  ആ മാനുഷികാനന്ദത്തിന്റെ നൂറിരട്ടിയാണ് ജിതലോകന്മാരായ പിതൃക്കളുടെ ആനന്ദം. ആ പിതൃആനന്ദത്തിന്റെ നൂറിരട്ടിയാണ് ഗന്ധര്‍വലോകത്തെ ആനന്ദം. ആ ആനന്ദത്തിന്റെ  നൂറിരട്ടിയാണ് കര്‍മ്മം കൊണ്ടു ദേവത്വത്തെ പ്രാപിച്ചിട്ടുള്ള കര്‍മ്മദേവന്മാരുടെ ആനന്ദം. 

അതിന്റെ നൂറിരട്ടിയാണ് ജന്മനാ ദേവന്മാരായവരുടേത്. അതുതന്നെയാണ് പാപവര്‍ജ്ജിതനും കാമരഹിതനും ആയ ഒരു ശ്രോത്രിയന്‍ അനുഭവിക്കുന്ന ആനന്ദവും. മേല്‍പ്പറഞ്ഞ ആ ജന്മദേവന്മാരുടെ ആനന്ദത്തിന്റെ നൂറിരട്ടിയാണ് പ്രജാപതി (വിരാട്) ലോകത്തെ ആനന്ദം. അതുതന്നെയാണ് പാപവര്‍ജ്ജിതനും കാമരഹിതനും ആയ ഒരു ശ്രോത്രിയന്‍ അനുഭവിക്കുന്ന ആനന്ദവും. പ്രജാപതിലോകത്തെ ആനന്ദത്തിന്റെ നൂറിരട്ടിയാണ് ബ്രഹ്മ (ഹിരണ്യഗര്‍ഭന്‍) ലോകത്തിലെ ആനന്ദം. അതുതന്നെയാണ് പാപവര്‍ജ്ജിതനും കാമരഹിതനും ആയ ഒരു ശ്രോത്രിയന്‍ അനുഭവിക്കുന്ന ആനന്ദവും. ഇതുതന്നെ പരമമായ ആനന്ദം.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.