പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കും: മന്ത്രി

Thursday 12 April 2018 9:52 pm IST

 

കണ്ണൂര്‍: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തന വിപുലീകരണത്തിനും, ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനുമായി ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കോര്‍പ്പറേഷന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18 സാമ്പത്തിക വര്‍ഷം വായ്പ വിതരണം ലക്ഷ്യമിട്ട 350 കോടി രൂപ കടന്ന് 403 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് സാധിച്ചതും വായ്പാ തിരിച്ചടവ് ലക്ഷ്യമിട്ട 310 കോടി രൂപയും കടന്ന് 313 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണ്. 

എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും നിഷ്‌ക്രിയ ആസ്തികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം മുഖേന നിഷ്‌ക്രിയ ആസ്തികള്‍ കേവലം 0.8% ആയി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചുവെന്നത് ശ്ലാഘനീയമാണ്. ജീവനക്കാരുടെ മികച്ച തൊഴില്‍ സംസ്‌കാരമാണ് ഈ മികവിന് കാരണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം മുഖേന സമാന സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന കോര്‍പ്പറേഷന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ദേശീയ ഏജന്‍സികളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് യഥാസമയം ഗ്യാരന്റി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ദേശീയ സഫായി കര്‍മ്മചാരീസ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സിയായി കോര്‍പ്പറേഷനെ നിയോഗിക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. തലസ്ഥാന നഗരിയില്‍ കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം അനുവദിക്കുന്ന വിഷയവും പരിഗണനയിലാണ്. ഈ വിഷയങ്ങളില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി അനുകൂല തീരുമാനം കൈക്കൊള്ളും.

അവലോകന യോഗത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവിനുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വായ്പാ വിതരണത്തിലെ മികച്ച പ്രകടനത്തിന് കോഴിക്കോട് ജില്ലാ ഓഫീസും റിക്കവറി പ്രവര്‍ത്തനങ്ങളിലെ മികവിന് കണ്ണൂര്‍ ജില്ലാ ഓഫീസും പുരസ്‌കാരത്തിന് അര്‍ഹമായി. ഏറ്റവും മികച്ച ജില്ലാ ഓഫീസിനുള്ള പുരസ്‌കാരം കോട്ടയം ജില്ലാ ഓഫീസും, മികച്ച ഉപജില്ലാ ഓഫീസിനുള്ള പുരസ്‌കാരം വര്‍ക്കല ഉപജില്ലാ ഓഫീസിനും ലഭിച്ചു. ചെയര്‍മാന്‍ സംഗീത് ചക്രപാണി, ഡയറക്ടര്‍മാരായ ഗോപി കോട്ടമുറിക്കല്‍, എ.പി.ജയന്‍, ടി.കണ്ണന്‍, പി.എന്‍.സുരേഷ്‌കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍, ജനറല്‍ മാനേജര്‍മാരായ കെ.വി.രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ ആനകൈ, കമ്പനി സെക്രട്ടറി രാം ഗണേഷ് എന്നിവര്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.