ഇന്റിഗോ എയര്‍ലൈന്‍സ് അഭിമുഖം ഉപേക്ഷിച്ചു അഭിമുഖത്തിനെത്തിയത് അയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍

Thursday 12 April 2018 9:55 pm IST

 

കണ്ണൂര്‍: പ്രമുഖ വിമാനകമ്പനിയായ ഇന്റിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്താനിരുന്ന അഭിമുഖം ഉപേക്ഷിച്ചു. വിമാനക്കമ്പനി സ്വന്തം വെബ് സൈറ്റില്‍ നല്‍കിയ അറിയിപ്പിലെ പോരായ്മയും പ്ലാനിങ്ങും ഇല്ലാത്തതാണ് അഭിമുഖം ഉപേക്ഷിക്കാന്‍ കാരണമായത്.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കസ്റ്റമര്‍ സര്‍വിസ്, സെക്യൂരിറ്റി, റാബ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് അറിയിപ്പ് നല്‍കിയത്. രാവിലെ ഒന്‍പത് മുതല്‍ 11 വരെയായിരുന്നു രജിസ്‌ട്രേഷന്‍ സമയം. 10 മുതല്‍ വൈകുന്നേരം 7 വരെ ഇന്റര്‍വ്യൂ നടക്കുമെന്നും അറിയിച്ചു. എന്നാല്‍ ഉദ്യാഗാര്‍ഥികള്‍ക്ക് വേണ്ടുന്ന യോഗ്യതകളും പ്രായപരിധിയും അറിയിപ്പിലുണ്ടായിരുന്നില്ല. നവമാധ്യമങ്ങള്‍ വഴി അറിഞ്ഞ് അയ്യായിരത്തിലധികം ആളുകളാണ് അഭിമുഖം നടക്കുന്ന കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എത്തിയത്. ഇതിന് പുറമേ കാസര്‍കോട്, വയനാട്, കോഴിക്കോട് എന്നി ജില്ലകളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും ആളുകളും അഭിമുഖത്തിനെത്തി. ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്റിഗോ അധികൃതരും അഭിമുഖം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഹോട്ടലിന്റെ ഉള്ളിലേക്ക് ആളുകള്‍ ഇടിച്ചുകയറാന്‍ തുടങ്ങിയതോടെ പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ബിരുദയോഗ്യതയുള്ളതും 25 വയസിന് താഴെയുള്ളതുമായവര്‍ക്കുള്ള അഭിമുകമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നുമാണ് ഇന്റിഗോ അധികൃതര്‍ പറയുന്നത്. അഭിമുഖത്തിന് 100 ഉദ്യോഗാര്‍ഥികളെ മാത്രമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അവര്‍ പറയുന്നു. പോലിസ് നിര്‍ദ്ദേശം അനുസരിച്ച് അഭിമുഖത്തിനെത്തിയ എല്ലാ ഉദ്യോഗാര്‍ഥികളുടെയും ബയോഡാറ്റ സ്വീകരിച്ചതിന് ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്. എന്നാല്‍ അറിയിപ്പ് നല്‍കുമ്പോള്‍ യോഗ്യതയും പ്രായപരിധിയുമുള്‍പ്പെടെ നല്‍കണമെന്ന ഉദ്യോഗാര്‍ഥികളുടെ ചോദ്യത്തിന് കൈമലര്‍ത്തുകയാണ് ഇന്റിഗോ അധികൃതര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.