മലബാര്‍ മെഡിക്കല്‍ കോളേജ് കേസില്‍ വാദം തുടരുന്നു

Friday 13 April 2018 2:31 am IST

ന്യൂദല്‍ഹി: കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പ്രവേശന ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വാദം സുപ്രീംകോടതിയില്‍ തുടരുന്നു. സ്‌പോട്ട് അഡ്മിഷന്‍ നടത്തി തോന്നുംപടി പ്രവേശനം നടത്താന്‍ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ലെന്ന് പ്രവേശന മേല്‍നോട്ട സമിതി കോടതിയെ അറിയിച്ചു. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ലെന്നും മേല്‍നോട്ട സമിതി വ്യക്തമാക്കി. കേസില്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം നടക്കും. പ്രവേശന മേല്‍നോട്ട സമിതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. 

മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്കില്ലേ എന്ന് കോടതി ഇന്നലെ ആരാഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാതെ പ്രവേശനം നടത്തിയതാണോ മേല്‍നോട്ട സമിതിയുടെ പ്രശ്‌നമെന്നും കോടതി ചോദിച്ചു. തോന്നുംപടി പ്രവേശനം നടത്തുകയാണ് മാനേജ്‌മെന്റുകള്‍ ചെയ്തതെന്ന് പ്രവേശന മേല്‍നോട്ട സമിതി കോടതിയെ ധരിപ്പിച്ചു. പണം വാങ്ങി തോന്നുംപടി പ്രവേശനം നടത്തുകയാണ് സ്വകാര്യ മാനേജ്‌മെന്റുകളുടെ രീതിയെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചുകൊണ്ട് വന്‍തുക വാങ്ങി യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയാണെന്നും കോടതിക്ക് മുന്നിലെത്തിയ നിരവധി കേസുകളില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.