ബ്രാഹ്മണ ജാതിപ്പേരുകള്‍ വ്യാജമായി ചേര്‍ക്കുന്നതിനെതിരെ നടപടി വേണം

Friday 13 April 2018 2:32 am IST

തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലം മറച്ചുവയ്ക്കാന്‍  പോറ്റി, ശര്‍മ്മ, നമ്പൂതിരി, ഭട്ടതിരി തുടങ്ങിയവ  പേരിനൊപ്പം ചേര്‍ക്കുന്നതിനെതിരെ   നടപടി സ്വീകരിക്കണമെന്ന് അഖില കേരള തന്ത്രിമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ബ്രാഹ്മണജാതിയില്‍പ്പെട്ടവരല്ലാത്ത ഏഴ് പേര്‍ ചേര്‍ന്ന് തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ ബ്രാഹ്മണസഭയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ദേവസ്വംബോര്‍ഡില്‍ എല്‍ഡിസി, എസ്ജിഒ തസ്തികകളില്‍ ഉള്ള ഒഴിവുകള്‍  റിപ്പോര്‍ട്ട് ചെയ്യുക, തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്ന  ക്ഷേത്രങ്ങളിലെ പുറംഭൂമിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോടുകൂടി തന്ത്രി മുറിയും ശാന്തി മുറിയും നിര്‍മ്മിക്കുക, തന്ത്രിമാരുടെ യാത്രപ്പടിയും അലവന്‍സും പരിഷ്‌ക്കരിക്കുക, പാര്‍ട്ട് ടൈം ശാന്തിക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അഡീഷണല്‍ അലവന്‍സായി നല്‍കുക,  മായംചേര്‍ന്ന പൂജാസാധനങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 

കേരള തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് നീലമന പ്രൊഫ. വി.ആര്‍. നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയില്‍മഠം വി.എസ്. വിഷ്ണുനമ്പൂതിരി, ജനറല്‍ സെക്രട്ടറി ക്ടാക്കോട്ട് ഇല്ലം എസ്. രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കൂടല്‍മന കെ. പി. വിഷ്ണുനമ്പൂതിരി, ട്രഷറര്‍ എസ്. ഗണപതി പോറ്റി, നിര്‍വ്വാഹക സമിതി അംഗം എസ്. ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.