ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതിയെന്ന് പ്രചരിപ്പിച്ചത് കുടുംബശ്രീ നേതാവ്: ബന്ധുക്കള്‍

Friday 13 April 2018 2:44 am IST
"undefined"

കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തും സംഘവുമാണ് പ്രതികളെന്ന് പ്രചരിപ്പിച്ചത് കുടുംബശ്രീ നേതാവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വാസുദേവന്റെ ബന്ധുവായ  കുടുംബശ്രീ നേതാവാണ് ശ്രീജിത്തിന്റെയും കേസില്‍ പിടിയിലായ മറ്റ് ഒന്‍പതുപേരുടെയും പേരുവിവരങ്ങളുള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചത്. ഇതാണ് നിരപരാധികളായവരുടെ അറസ്റ്റിന് ഇടയാക്കിയതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

ഫെയ്‌സ് ബുക്ക് പോസ്റ്റ് നാട്ടില്‍ ചര്‍ച്ചയായതോടെ കുടുംബശ്രീ നേതാവ് നേരിട്ട് വീട്ടില്‍ വന്നെന്നും മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ സന്ദേശം പങ്കുവെച്ചതെന്നും പറഞ്ഞുവെന്ന് സംഭവത്തില്‍ അറസ്റ്റിലായ ടി.വി. വിനുവിന്റെ അമ്മ ബി. കല പറഞ്ഞു. 

രാത്രി മഫ്തിയിലെത്തിയ പോലീസുകാര്‍ പലരെയും വിവരം തിരക്കാനെന്ന വ്യജേനയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചവരെ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അറസ്റ്റുചെയ്തവരെ കാണാന്‍ പോലും വരാപ്പുഴ പോലീസ് സമ്മതിച്ചില്ല. സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും തങ്ങളെ സ്റ്റേഷനു പുറത്താക്കാനാണ് പോലീസുകാര്‍ ശ്രമിച്ചത്.

കോടതില്‍ ഹാജരാക്കുന്നതിന് സ്‌റ്റേഷനില്‍ നിന്ന് തങ്ങളുടെ മക്കള്‍ ഇറങ്ങിയപ്പോള്‍ കുടിക്കാന്‍ പലപ്രാവശ്യം വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് അനുവദിച്ചില്ലെന്ന് കേസില്‍ അറസ്റ്റിലായ ശരത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. പോലീസ് മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നവരെ തങ്ങളുടെ മുന്നിലിട്ട് വീണ്ടും ഭീഷണിപ്പെടുത്തി. 

മര്‍ദ്ദനകാര്യം പുറത്ത് പറഞ്ഞാല്‍ മറ്റ് കേസുകള്‍ കൂടി ചുമത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തി. നിലവില്‍ പോലീസ് അറസ്റ്റുചെയ്തവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ കാഴ്ചക്കാര്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ പ്രതികള്‍ ഒളിവിലാണെന്നും ഇവരെ അറസ്റ്റുചെയ്യാന്‍ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ ബി.കല, എ.ആര്‍. രാജി, പി.ആര്‍. ശ്യാമള, ശാലിനി നിധിന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.