കസ്റ്റഡിയിലെ കൊലപാതകം സിപിഎം കുടുങ്ങും

Friday 13 April 2018 4:35 am IST
സിപിഎം സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ശരത്തിന്റെ വെളിപ്പെടുത്തല്‍. വാസുദേവന്റെ വീട് കയറി ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന് തന്റെ അച്ഛന്‍ പരമേശ്വരന്‍ സാക്ഷി പറഞ്ഞത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്താലാണെന്ന് ശരത് ആരോപിക്കുന്നു. വീട് ആക്രമിക്കുമ്പോള്‍ അച്ഛന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛന്റെ മൊഴിക്ക് പിന്നില്‍. കെ.ജെ. തോമസ് എന്നയാളാണ് പരമേശ്വരനെ വിളിച്ചുകൊണ്ടുപോയതെന്നും ശരത് ആരോപിച്ചു.
"undefined"

കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍, പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദമുണ്ടായെന്ന് പാര്‍ട്ടി നേതാവിന്റെ മകന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായി പോലീസ് കൊണ്ടുവന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ ശരത്തിന്റേതാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിനെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പരമേശ്വരന്‍ വ്യക്തമാക്കിയതിന് പിന്നാലെ മകനും രംഗത്ത് വന്നതോടെ പോലീസിന്റെ ചവിട്ടിക്കൊലയില്‍ നിന്ന് തലയൂരാനുള്ള സിപിഎമ്മിന്റെ ശ്രമം പാളി.

സിപിഎം സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ശരത്തിന്റെ വെളിപ്പെടുത്തല്‍. വാസുദേവന്റെ വീട് കയറി ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന് തന്റെ അച്ഛന്‍ പരമേശ്വരന്‍ സാക്ഷി പറഞ്ഞത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്താലാണെന്ന് ശരത് ആരോപിക്കുന്നു. വീട് ആക്രമിക്കുമ്പോള്‍ അച്ഛന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛന്റെ മൊഴിക്ക് പിന്നില്‍. കെ.ജെ. തോമസ് എന്നയാളാണ് പരമേശ്വരനെ വിളിച്ചുകൊണ്ടുപോയതെന്നും ശരത് ആരോപിച്ചു.

വാസുദേവന്റെ വീട് ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന് സിപിഎം നേതാവായ പരമേശ്വരന്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ, പരമേശ്വരന്‍ തന്നെ ഇത് നിഷേധിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ ജോലിസ്ഥലത്തായിരുന്നുവെന്നും പോലീസിന് താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും പരമേശ്വരന്‍ പിന്നീട് പറഞ്ഞിരുന്നു. ഇതോടെ, സിപിഎം നേതാക്കളില്‍ ചിലര്‍ പരമേശ്വരനെ ഭീഷണിപ്പെടുത്തി ആദ്യ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിനിടെയാണ് പരമേശ്വരന്റെ മകന്‍ തന്നെ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്.  

സംഭവം നടക്കുന്ന ഏപ്രില്‍ ആറിന് പരമേശ്വരന്‍ വരാപ്പുഴയിലെ ലോഡിംഗ്‌തൊഴിലാളികളുടെ രജിസ്റ്ററില്‍ ഒപ്പുവെച്ചതായി രേഖയുണ്ട്. അതുകൊണ്ടുതന്നെ പരമേശ്വരന്റെ ആദ്യമൊഴി നിലനില്‍ക്കാനിടയില്ല. വീടാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നിരപരാധിയായ ശ്രീജിത്തിന്റെ മരണത്തിലേക്ക് നയിച്ചത്.

കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാവായ പരമേശ്വരന്റെ മൊഴിയും മകന്‍ ശരത്തിന്റെ പരാമര്‍ശങ്ങളും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.