ശ്രീജിത്തിനെ തല്ലിച്ചതച്ചിരുന്നു; സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

Friday 13 April 2018 4:01 am IST
"undefined"

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. കൊച്ചി സിറ്റി നാര്‍ക്കോട്ടിസ് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. 

കസ്റ്റഡിയിലെടുത്തവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സിഐക്ക് ഗുരുതരവീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്‌ഐ ദീപക്, ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതായും വ്യക്തമായി. ശ്രീജിത്തിന്റെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു. മൊഴികളിലും എസ്‌ഐയ്‌ക്കെതിരെ പരാമര്‍ശമുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുമുണ്ട്. ഇവ പരിഗണിച്ചാണ് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. എസ്‌ഐയെ പ്രതിചേര്‍ത്തേക്കും.

ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ആലുവയില്‍ യോഗം ചേര്‍ന്ന ശേഷമാണ് സിഐയും എസ്‌ഐയും അടക്കം നാലു പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ശ്രീജിത്തിനെയും മറ്റുപ്രതികളെയും അറസ്റ്റുചെയ്ത മൂന്നുപോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

കളമശ്ശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. മനുഷ്യാവകാശ കമ്മീഷനും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.