ബാര്‍ കോഴ: മാണിക്ക് വേണ്ടി ഇടതു സര്‍ക്കാരിന്റെ കളി

Friday 13 April 2018 1:57 am IST
"undefined"

തിരുവനന്തപുരം: കോടികളുടെ ബാര്‍ കോഴക്കേസില്‍ മുന്‍ധനമന്ത്രി കെ.എം. മാണിക്കുവേണ്ടി ഇടതു സര്‍ക്കാരിന്റെ കള്ളക്കളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ചരടുവലികള്‍ നടന്നത്. മാണിക്കെതിരായ നിലപാട് സ്വീകരിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നീക്കുകയും ചെയ്തു. മാണിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവേ ഇന്നലെ രാവിലെയാണ് കോടതിയില്‍ തര്‍ക്കങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറിയത്. ബാര്‍കോഴക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ചൊല്ലിയായിരുന്നു തര്‍ക്കം.  

മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ത്ത സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. സതീശന്‍ ഹാജരാകരുതെന്ന് വിജിലന്‍സ് നിയമോപദേശകനും മാണിയുടെ അഭിഭാഷകനും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. അതെന്താ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് കോടതി തിരിച്ചു ചോദിച്ചു. കേസ് ജൂണ്‍ ആറിലേക്ക് മാറ്റിയ കോടതി, വിജിലന്‍സിന്റെ അഭിഭാഷകന്‍ ആരാണെന്ന് നിശ്ചയിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമെത്ത റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയായിരുന്നു തര്‍ക്കം. താനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെന്ന് സതീശന്‍ പറഞ്ഞു. ഇതിനെ വിജിലന്‍സിന്റെ നിയമോപദേശകന്‍ വി.വി. അഗസ്റ്റിന്‍ എതിര്‍ത്തു. സതീശന്‍ ഹാജരാകരുതെന്ന് അഗസ്റ്റിന്‍ ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. സ്‌െപഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് കോടതിക്കു മുന്നിലുണ്ട്. സതീശന്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നും കോടതി ചോദിച്ചു. സതീശന്‍ ഹാജരാകരുതെന്ന് മാണിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോപണവിധേയര്‍ക്കെന്താണ് ഇതില്‍ കാര്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.

മാണിക്കെതിരെ തെളിവുണ്ടെന്നും റിപ്പോര്‍ട്ടിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നുമുള്ള പരസ്യനിലപാടാണ് സതീശന്‍ നേരത്തെ സ്വീകരിച്ചത്. കോടതി പിരിഞ്ഞ് അധികം താമസിയാതെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് സതീശനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.  എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ചുമതലയിലിരിക്കെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്.

റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെതിരെ ബിജെപി നേതാവ്  അഡ്വ. നോബിള്‍ മാത്യു ഇന്നലെ കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. കേസ് സിബിഐയ്ക്ക് വിടണമെന്നുമാണ് ആവശ്യം

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് നേരത്തെ ആവശ്യപ്പെട്ട എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ അഭിഭാഷകന്‍ ഹാജരായില്ല. റിപ്പോര്‍ട്ട് തള്ളണമെന്ന് വി.എസ്. അച്യുതാനന്ദന്റേയും വി. മുരളീധരന്റേയും ബാറുടമ ബിജുരമേശിന്റെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.