സിനിമക്ക് അവാ‍ര്‍ഡ് പ്രതീക്ഷിച്ചിരുന്നു; എന്റേത് ‘പൊട്ടക്കണ്ണന്റെ മാവിലേറ്’

Friday 13 April 2018 3:05 pm IST

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍. പൊട്ടക്കണ്ണന്റെ മാവിലേറായാണ് താന്‍ ഈ പുരസ്‌കാരത്തെ കാണുന്നത്. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയില്ല. എന്നാല്‍, സിനിമക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും പുരസ്കാര പ്രഖ്യാപനത്തിന് ശേഷം ഫഹദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്‍റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു പേടി. മലയാളത്തിലായതു കൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത്. തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു. പലപ്പോഴും സിനിമ പൂര്‍ത്തിയാകുമ്പോഴാണ് എനിക്ക് ചിത്രം പൂര്‍ണമായി മനസിലാകുന്നത്. കരിയറില്‍ ഇതുവരെ അവരിപ്പിച്ചതില്‍ വച്ചേറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലിലേതെന്നും താരം വ്യക്തമാക്കുന്നു. കൂടെയുള്ളവരുടെ പിന്തുണ കൊണ്ട് കൂടിയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമാക്കാന്‍ കഴിഞ്ഞത്. 

പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദ് അവാര്‍ഡ് വിവരത്തെക്കുറിച്ച്‌ അറിഞ്ഞത്. മികച്ച സഹനടനുള്ള അവാര്‍ഡിന് പുറമെ തിരക്കഥാകൃത്ത്, മികച്ച സിനിമ തുടങ്ങിയ അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. പുരസ്കാര പ്രഖ്യാപന വേളയില്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പ്രശംസിച്ചിരുന്നു‍. ബോളിവുഡ് താരങ്ങളെ വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനമെന്നായിരുന്നു ശേഖര്‍ കപൂറിന്റെ പ്രശംസ. തൊണ്ടിമുതലും ദൃക്‌‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മികച്ചതാണ്. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും ജൂറി ചെയര്‍മാന്‍ വ്യക്തമാക്കി. 

ആളൊരുക്കം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെയും ശേഖര്‍ കപൂര്‍ പ്രശംസിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.