നാടക പ്രവര്‍ത്തനത്തില്‍ അമ്പതാണ്ട് ; ഭാസ്‌കരപ്പൊതുവാള്‍ക്ക് ജന്മനാടിന്റെ ആദരം

Friday 13 April 2018 5:15 pm IST

 

പയ്യന്നൂര്‍: നാടക പ്രവര്‍ത്തനത്തില്‍ അമ്പതാണ് പൂര്‍ത്തിയാക്കിയ ടി.പി.ഭാസ്‌കര പൊതുവാജിനെ ജന്മനാടായ കൈതപ്രം ഗ്രാമം ആദരിക്കുന്നു. കൈതപ്രം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിഷുദിനമായ നാളെ വൈകീട്ട് അഞ്ചു മണിക്ക് വായനാ ശാലഹാളിലാണ് ആദരണ സഭ.

പതിനെട്ടാം വയസ്സില്‍ കണക്കു പുസ്തകം എന്ന നാടകമെഴുതി നാടകപ്രവര്‍ത്തനം ആരംഭിച്ച ടി.പി.ഭാസ്‌കരപ്പൊതുവാള്‍ തുടര്‍ന്ന് പതിനെട്ട് വര്‍ഷത്തോളം കൈതപ്രം കൈരളി കലാക്ഷേത്രത്തിനു വേണ്ടി നാടക രചനയും, സംവിധാനവും അഭിനയവുമായി ജന്മനാടിനെ കലാ സമ്പുഷ്ടമാക്കി. കെ.എസ്.നമ്പൂതിരിയുടെ സമസ്യ എന്ന നാടകമാണ് ആദ്യം സംവിധാനം ചെയ്തത്.

തുടര്‍ന്ന് സി.എല്‍.ജോസിന്റെയും പി.താജിന്റെയും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. പിന്നീട് പയ്യന്നൂര്‍ ഗ്രാമം പ്രതിഭയുടെയും ടെമ്പിള്‍ ബ്രദേഴ്‌സിന്റെ ബാനറില്‍ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. 1964 മുതല്‍ യുവജനോത്സവ വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഭാസ്‌കര പൊതുവാള്‍ മെക്കാളയുടെ മക്കള്‍, തിത്തിരിപ്പക്ഷിയുടെ സ്വപ്‌നം, ഏഷ്യാഡ് 82, പൂജ്യം + പൂജ്യം + പൂജ്യം + രണ്ട് = 428 തുടങ്ങി നിരവധി ആക്ഷേപഹാസ്യ പ്രധാനമായ നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 

1979 ല്‍ ശരവണഭവനാട്യ സദനത്തിന് വേണ്ടി എഴുതിയ ഉദയസംക്രാന്തി നൂറ് കണക്കിന് വേദികളില്‍ അവതരിപ്പിച്ചു. അധികാര വടംവലിയും കസരകളിയും നടത്തി സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ടീയക്കാരെ ആക്ഷേപഹാസ്യത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്ന ഉദയസംക്രാന്തി നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ആദ്യവേദിയിലെ കലാകാരന്മാരെത്തന്നെ അണിനിരത്തി വീണ്ടും അവതരിപ്പിച്ചു. നാടക പ്രവര്‍ത്തനത്തിന് പുറമെ മലയാള ഭാഷയുടെ തനിമയും സൗന്ദര്യം നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ആരംഭിച്ച മലയാള ഭാഷ പാഠശാല ഇന്ന് കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ്. 2002 ല്‍ എംടി ഉദ്ഘാടനം ചെയ്ത പാഠശല മികച്ച കവിതകള്‍ക്ക് സഞ്ജയന്‍ പുരസ്‌കാരവും കഥാസാഹിത്യരചനക്ക് ചന്തുമേനോന്‍ പുരസ്‌കാരവും ഭാഷയുടെ സമഗ്ര സംഭാവനക്ക് പ്രത്യക അവാര്‍ഡുകളും നല്‍കി വരുന്നു. സുഗതകുമാരി, ചെമ്മനം ചാക്കോ, അക്കിത്തം വിഷ്ണുനാരായണന്‍ നമ്പൂതിരി, എം.ടി, പെരുമ്പടവം, എം.മുകുന്ദന്‍, സുകുമാര്‍ അഴീക്കോട്. അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി മുപ്പതിലധികം പ്രതിഭകള്‍ക്ക് ഇതുവരെ പുരസ്‌കാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അവതരിപ്പിച്ച മധുരം മധുരം മലയാളം എന്ന പരിപാടി കവിതകളിലൂടെയും കഥകളിലൂടെയും നാടകങ്ങളിലൂടെയും സദസ്സിനെയും വേദിയെയും ഒന്നാക്കി മാറ്റി ഭാഷാപ്രചരണത്തില്‍ അദ്വിതീയമായ സ്ഥാനം വഹിക്കുന്നു.

തന്റെ എഴുപത്തിമൂന്നാം വയസ്സിലും നാടകരംഗത്തും സാഹിത്യ പ്രവര്‍ത്തനത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഭാസ്‌കര പൊതുവാളെ ആദരിക്കുന്ന ചടങ്ങില്‍ പുല്ലാങ്കുഴല്‍ വാദകനും മജീഷ്യനുമായ ബാലചന്ദ്രന്‍ കൊട്ടോടി, സിനിമാ സീരിയല്‍ നാടകനടന്‍ പയ്യന്നൂര്‍ മുരളി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.