പരിയാരം മെഡിക്കല്‍ കോളജ് സ്വയംഭരണ സ്ഥാപനമാക്കാനുളള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നു

Friday 13 April 2018 5:16 pm IST

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ പരിയാരം പ്രക്ഷോഭ സമിതി രംഗത്ത്. പരിയാരം മെഡിക്കല്‍ കോളജിനെ തിരുവനന്തപുരം ആര്‍.സി.സി (റീജനല്‍ കാന്‍സര്‍ സെന്റര്‍) മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നുള്ള സൂചനകള്‍ക്കിടയിലാണ് അതിനെതിരെ പ്രക്ഷോഭ സമിതി രംഗത്തെത്തിയത്. ആര്‍.സി.സി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കി ചികിത്സയ്ക്കു ഫീസ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ: ഡി. സുരേന്ദ്രനാഥ് പറഞ്ഞു. 

 കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജ് മാതൃകയില്‍ പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമാക്കിയില്ലെങ്കില്‍ സാധാരണക്കാര്‍ക്കു പ്രയോജനമുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു വര്‍ഷങ്ങളായി സമരം നടത്തി വരുന്ന സംഘടനയാണു പ്രക്ഷോഭ സമിതി. സൗജന്യ ചികിത്സ നല്‍കുന്ന ഗവ. മെഡിക്കല്‍ കോളജ് പദവി തന്നെ വേണമെന്നാണു പരിയാരം പ്രക്ഷോഭ സമിതി വര്‍ഷങ്ങളായി ആവശ്യപ്പെടുന്നത്. സാമുവല്‍ ആറോണ്‍ എന്ന വ്യവസായി വര്‍ഷങ്ങള്‍ക്കു മുന്‍പു ക്ഷയരോഗ ചികിത്സാ കേന്ദ്രത്തിനു വേണ്ടി സംഭാവന ചെയ്ത ഭൂമിയിലാണു പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാര്‍ക്കു സൗജന്യ ചികിത്സ നല്‍കുന്ന ധര്‍മാശുപത്രിക്കു വേണ്ടിയാണു സ്ഥലം ഉപയോഗപ്പെടുത്തേണ്ടത് എന്ന നിബന്ധനോടെയാണു സാമുവല്‍ ആറോണ്‍ ഭൂമി വിട്ടു കൊടുത്തത്. കണ്ണൂര്‍ ഒഴികെ ഏതാണ്ടെല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുകയോ നിര്‍മാണത്തിലിരിക്കുകയോ ചെയ്യുമ്പോള്‍, കണ്ണൂര്‍ ജില്ലയ്ക്കു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അനുവദിക്കാത്തത് ഇവിടെ പരിയാരം മെഡിക്കല്‍ കോളജ് ഉള്ളതു കൊണ്ടാണ്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആണ് ഇവിടെ വേണ്ടത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃകയിലാണു സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതെന്നും സ്വയംഭരണ സ്ഥാപനമാക്കിയാല്‍ എല്‍ഡിഎഫ് അതിനെതിരെ സമരം ചെയ്യുമെന്നും പരിയാരം ഭരണ സമിതി ചെയര്‍മാനായിരിക്കെ സിപിഎം നേതാവ് എം.വി. ജയരാജന്‍ വ്യക്തമാക്കിയിരുന്നുവെന്നും ഡോ: സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.