കാത്വ കൂട്ട മാനഭംഗം : സുപ്രീം കോടതി ഇടപെടും

Friday 13 April 2018 6:39 pm IST
ജമ്മുകശ്മീലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കുകയും തലക്കടിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടേക്കും. കേസ് തങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി
"undefined"

ശ്രീനഗര്‍/ ന്യൂദല്‍ഹി:  ജമ്മുകശ്മീലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കുകയും തലക്കടിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടേക്കും. കേസ് തങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനിടെ കേന്ദ്ര സര്‍ക്കാരും സംഭവത്തില്‍ ശക്തമായി ഇടപെട്ടു. നീതിഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി  മനേകാഗാന്ധി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പറഞ്ഞു.

നീതി ലഭ്യമാക്കുന്നത് തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. തന്റെ മകളെ കൂട്ട മാനഭംഗത്തിന് ഇരയാക്കി കൊന്നവരെ തൂക്കിലേറ്റണമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. കാത്വയിലെ ഭീകര സംഭവം തങ്ങള്‍ അന്വേഷിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി അഭിഭാഷകരോട് പറഞ്ഞു.

കുറ്റപത്രം നല്‍കുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. ഇതിന് കാരണമായ വിവരങ്ങള്‍ അടക്കം മുഴുവന്‍ കാര്യങ്ങളും എഴുതി നല്‍കണം. കോടതി വ്യക്തമാക്കി. അതിഭീകരമായ സംഭവത്തില്‍ കോടതി സ്വയം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ  എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരോട് അഭ്യര്‍ഥിച്ചു.

അതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നാടുവിട്ടു. പിതാവും ഉമ്മയും രണ്ട് സഹോദരങ്ങളും പശുക്കള്‍ അടമുള്ളവയുമായാണ്  അജ്ഞാത സ്ഥലത്തേക്ക് പോയത്. സംഭവത്തില്‍ അതിയായ വേദനയാണ് തനിക്കുള്ളതെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷക്ക് വ്യവസ്ഥ ചെയ്യുന്ന ബില്‍ താന്‍ കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു. ഇതിന് പോക്‌സോ നിയമം ഭേദഗതി ചെയ്യണം. അവര്‍ പറഞ്ഞു.  സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

മുസ്‌ളീം നാടോടികളായ ഒരു കുടുംബത്തിലെ എട്ടുവയസുകാരിയെയാണ് ആറു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിക്കൊന്നത്. ഇവരില്‍  മൂന്ന് പോലീസുകാരും ഉള്‍പ്പെടുന്നു. ജനുവരിയിലായിരുന്നു സംഭവം. വനമേഖലയില്‍ മേയാന്‍ വിട്ട കുതിരകളെ മടക്കിക്കൊണ്ടുവരാന്‍ പോയ ബാലികയെ തൊട്ടുത്തുള്ള ക്ഷേത്രത്തിന്റെ ചുമതലക്കാരന്‍ തന്ത്രത്തില്‍ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഇയാള്‍ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ആറു േപരും ചേര്‍ന്ന് അവളെ മാനഭംഗപ്പെടുത്തി മുറിയില്‍  അടച്ചിട്ടു. ഒരാഴ്ച മാനഭംഗപ്പെടുത്തിയ ശേഷം കൊല്ലാന്‍ ഒരു കലുങ്കിനടിയില്‍ എത്തിച്ചു. അവിടെ വച്ചും ആറു പേരും വീണ്ടും മാനഭംഗപ്പെടുത്തി. തുടര്‍ന്ന് തലയ്ക്ക് കല്ലിനിടിച്ച് കൊല്ലുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.