തലശ്ശേരി-വളവുപാറ റോഡ് നവീകരണം സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇടയില്ലെന്ന് സംശയം

Friday 13 April 2018 7:25 pm IST

 

ഇരിട്ടി. കെഎസ്ടിപിയുടെ നേതൃത്വത്തിലുള്ള തലശേരി വളവുപാറ റോഡ് നവീകരണ പദ്ധതി സമയപരിധിക്കുള്ളില്‍ തീരില്ലെന്ന് സംശയം. റോഡ് നിര്‍മ്മാണത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ ലോകബാങ്കിന്റെ വടക്കന്‍ മേഖലാ സംഘമാണ് തലശേരി വളവുപാറ റോഡ് സൈറ്റ് പരിശോധിച്ച ശേഷം ഇങ്ങിനെയൊരു സംശയം പ്രകടിപ്പിച്ചത്. റോഡ് ടാറിങ് പ്രവൃത്തികളടക്കമുള്ള ജോലികള്‍ നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ് തീര്‍ക്കാന്‍ കഴിയും. എന്നാല്‍ കൂട്ടുപുഴ, ഇരിട്ടി, എരഞ്ഞോളി പാലങ്ങളുടെ നിര്‍മാണകാര്യത്തിലാണ് ലോകബാങ്ക് സംഘത്തിന് ഇപ്പോള്‍ സംശയം. 

ഇതില്‍ ഇരിട്ടി പാലത്തിന്റെ പുതിയ പൈലിങ്ങും ഡിസൈനിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ബുദ്ധിമുട്ട് വരില്ലെന്നാണ് വിശദീകരണം. എന്നാല്‍ കര്‍ണാടകം നിര്‍മാണം തടസപ്പെടുത്തിയ കൂട്ടുപുഴയുടെ പ്രതിസന്ധിയാണ് ഏറ്റവും ചര്‍ച്ചയായത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കെഎസ്ടിപിയുടെയും കരാര്‍കണ്‍സള്‍ട്ടന്‍സി കമ്പനികളുടെയും പ്രതിനിധികള്‍ ഇവരെ അറിയിച്ചു. പാലം പണി നടത്താനുള്ള അനുമതി ആദ്യം വാങ്ങാനും അതിര്‍ത്തി തര്‍ക്കങ്ങള്‍ സമയബന്ധിതമായി നടത്താനും സംഘം ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 16 ന് ചീഫ് സെക്രട്ടറിയെ കണ്ട് ഇക്കാര്യം ലോകബാങ്ക് സംഘവും ആവശ്യപ്പെടും. എരഞ്ഞോളി പാലം ജലഗതാഗത പാത വരുന്നതിന്റെ ഭാഗമായാണ് തടസപ്പെട്ടിരിക്കുന്നതെന്ന കാര്യവും സംഘത്തിന് മുന്നില്‍ ചര്‍ച്ചയായി. 

നിര്‍മാണ പുരോഗതിക്കൊപ്പം പ്ലാന്റുകള്‍, തൊഴിലാളി ക്യാംപുകള്‍ എന്നിവയുടെ സ്ഥിതിയും സംഘം വിലയിരുത്തി. മാടത്തില്‍ അപകടം പോലുള്ള സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ചര്‍ച്ചകളും നടന്നു. പാലം നിര്‍മാണം ഒഴികെയുള്ള പ്രവൃത്തികളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. മെയ് 15 ന് മുന്‍പ് തന്നെ ടാറിങ് ഏതാണ്ട് പൂര്‍ണമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ ലോകബാങ്ക് സംഘത്തെ അറിയിച്ചിട്ടുള്ളത്. 

തലശേരിവളവുപാറ റോഡിലെ കള്‍റോഡ്‌വളവുപാറ റീച്ചില്‍ 52 ശതമാനവവും തലശേരികള്‍റോഡ് റീച്ചില്‍ 41 ശതമാനവും പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് വീണ്ടും നടത്തും. ടീം മേധാവി സജീവ് മഹോല്‍ക്കര്‍, പാലം നിര്‍മാണ വിദഗ്ധര്‍ കാര്‍ത്തിക് ടാ, സോഷ്യോളജിസ്റ്റ് മൃദുല സിംഗ്, നിയമവിഭാഗം അസിസ്റ്റന്റ് ആബ എന്നിവരടങ്ങുന്നതായിരുന്നു ലോകബാങ്കിന്റെ സംഘം. കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഈഡിസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ ടീം ലീഡര്‍ ഹെഡ്‌ഗെയര്‍ തോമസ്, റസിഡന്റ് എന്‍ജിനീയര്‍ പി.എന്‍.ശശികുമാര്‍, ഡപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രബിന്ധ്, കെഎസ്ടിപി കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ.ജയ, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ.വി.സതീശന്‍, കെ.ദിലീപന്‍, സോഷ്യോളജിസ്റ്റ് ജിജി എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെത്തിയ ലോകബാങ്ക് പ്രതിനിധികള്‍ രണ്ട് സംഘങ്ങളായാണ് സംസ്ഥാനത്ത് നടത്തുന്ന പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.