എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

Friday 13 April 2018 7:25 pm IST

 

മമ്പറം: എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും വികസന പദ്ധതികള്‍ ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തില്‍ പെരളശ്ശേരി–വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന മമ്പറം പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസനം എല്ലാവര്‍ക്കും വേണം, പക്ഷേ ഭൂമി ഏറ്റെടുക്കാന്‍ പാടില്ല എന്നതാണ് കേരളത്തിലെ സ്ഥിതിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ചു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. 45 മീറ്റര്‍ വീതി നിശ്ചയിച്ചു യോഗം പിരിഞ്ഞതുമാണ്. പക്ഷേ പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇപ്പോള്‍ ദേശീയപാത വികസനത്തിനെതിരായ സമരങ്ങളെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളൊന്നും പിന്തുണയ്ക്കുന്നില്ല. ചില തല്‍പര കക്ഷികള്‍ മാത്രമാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. അതിന്റെ പേരിലൊന്നും വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നും ഒരു കിലോമീറ്ററിന് 140 കോടി രൂപ ചിലവുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.കെ ശ്രീമതി ടീച്ചര്‍ അധ്യക്ഷയായിരുന്നു. കെ.കെ.രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മുന്‍ എംഎല്‍എമാരായ എം.വി ജയരാജന്‍, കെ.കെ.നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മമ്പറം പഴയ പാലത്തിന് സമാന്തരമായി പുതിയ പാലവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.