കണ്ണൂര്‍ സര്‍വ്വകലാശാല: 2009-11 കാലയളവില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി പരാജയപ്പെട്ടവര്‍ക്ക് മേഴ്‌സിചാന്‍സ് അനുവദിക്കാന്‍ തീരുമാനം

Friday 13 April 2018 7:26 pm IST

 

കണ്ണൂര്‍: സര്‍വ്വകലാശയിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ പത്ത്ശതമാനം ഫുള്‍ടൈം സ്വീപ്പര്‍മാരില്‍ നിന്ന് പ്രൊമോഷന്‍ നല്‍കുന്നതിനായി ഓര്‍ഡിന്‍സില്‍ ഭേദഗതി വരുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കുറഞ്ഞ വേതന സ്‌കെയില്‍ ജോലിചെയ്യുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനിച്ചു. മാങ്ങാട്ടുപറമ്പ് കായിക പഠന വിഭാഗത്തില്‍ പിബിഎച്ച്, എംപിഎഡ് കോഴ്‌സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് എന്‍സിടിഇയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുന്നതിനും ആവശ്യമായ അനധ്യാപകരേയും ജീവനക്കാരേയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും തീരുമാനിച്ചു.

കാസര്‍കോട് ജില്ലയിലെ ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ്ആന്റ് സയന്‍സ് കോളജിന് വനിതാ കോളേജ് പദവിയില്‍ നിന്നും മിക്‌സഡ് കോളേജ് പദവിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇംഗ്ലീഷ് വിഭാഗത്തില്‍ പാര്‍ട് ടൈം ഗവേഷകരായ മഞ്ജുള ബി.വിയുടെ ഗവേഷണം സംബന്ധിച്ച് പരാതികളില്‍ അനന്തര നടപടികള്‍ക്കായി വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.

2009-11 കാലയളവില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മേഴ്‌സിചാന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു. 2008ന് മുമ്പ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 2017ല്‍ നടത്തിയ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം മെയ് 31ന് മുമ്പ് പ്രസിദ്ധീകരിക്കാന്‍ പരിക്ഷാവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തില്‍ പുതുതായി തുടങ്ങുന്ന എയ്ഡഡ് കോളജായ ബജാ മോഡല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന് 2018-19 വര്‍ഷം താല്‍ക്കാലിക അഫിലിയേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ഗവ.കോളജിലെ ബിഎ മലയാളം, ബി.കോം കോഴ്‌സുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കുന്നതിന് തീരുമാനിച്ചു. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ക്ഷേമ വിഷയങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സര്‍വ്വകലാശാല യൂണിയന്‍ ഭാരവാഹികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

പാലയാട് കാമ്പസില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിന്റെ ഹോണററി ഡയറക്ടറായി ബയോടോക്‌നോളജി വിഭാഗത്തിലെ ഡോ.എ.സാബുവിനെ നിയമിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോഴ്‌സുകളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് അനുമതി ലഭിക്കുന്നതിന് സര്‍ക്കാരില്‍ ഇടപെടാന്‍ തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഉത്തരപേപ്പറുകള്‍ ഹോം വാല്വേഷന്‍ നടത്തുന്ന അധ്യാപകരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ പേപ്പര്‍ ശേഖരിക്കുന്നതിനും തിരിച്ചു നല്‍കുന്നതിനുമായി സര്‍വ്വകലാശാല ആസ്ഥാനത്ത് ഹാജരാകുന്ന ദിവസങ്ങളില്‍ യാത്രാബത്ത നല്‍കുന്നതിനും തീരുമാനിച്ചു.

സര്‍വ്വകലാശാലയിലെ ചരിത്ര-പൈതൃകപഠന വിഭാഗത്തിന്റെ പേര് ചരിത്രവിഭാഗം എന്നും ഗ്രാമീണ-ഗോത്രപഠന വിഭാഗത്തിന്റെ പേര് സോഷ്യോളജി എന്നും പുനര്‍നാമകരണം ചെയ്യാനും യോഗം തീരുമാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.