നാടൊരുങ്ങി വിഷുവിനായി

Saturday 14 April 2018 1:35 am IST


ആലപ്പുഴ: ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ആഘോഷമായ വിഷു പുലരിയിലേക്ക് ഇനി ഒരു ദിനം മാത്രം, ഒരുക്കങ്ങള്‍ തകൃതിയായി. കണിവെള്ളരി ഉള്‍പ്പടെ പച്ചക്കറി ഇനങ്ങള്‍ക്കും, പഴവര്‍ഗങ്ങള്‍ക്കും നേരിയ വില വര്‍ദ്ധനയുണ്ട്.
  വിഷു മുന്നില്‍ക്കണ്ട് കണിവെള്ളരി കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടത്ര വിളവ് ലഭിക്കാത്തതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. ആവശ്യമായത്ര മഴ ലഭിക്കാത്തതിനാല്‍ കേരളം, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏക്കര്‍ കണക്കിന് കണിവെള്ളരി പാടങ്ങള്‍ കരിഞ്ഞുണങ്ങിയതിലൂടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
  ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വെള്ളരിക്ക കിലോയ്ക്ക് 12 മുതല്‍ 15 രൂപ വരെ ആയിരുന്നു. നിലവില്‍ 25മുതല്‍ 35 രൂപ വരെയാണ് വെള്ളരിക്കയുടെ വില. തമിഴ്‌നാട്ടില്‍ പാവൂര്‍ സത്രം, ചൊരണ്ട, തിരുനെല്‍വേലി, അംബാസമുദ്രം, മധുര, കര്‍ണാടകയിലെ മൈസൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് കണിവെള്ളരി കൃഷി കൂടുതലുള്ളത്.
 സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കണിവെള്ളരി കൃഷിയുണ്ട്.
 വിഷുക്കണിയിലെ പ്രധാന ഇനങ്ങളായ മുന്തിരി, ആപ്പിള്‍, കൈതച്ചക്ക, മാമ്പഴം എന്നിവയ്ക്കും വില ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം വകവയ്ക്കാതെ കണി ഒരുക്കുന്നതിനുള്ള വിഭവങ്ങള്‍ക്കായി വിപണികളില്‍ തിരക്കു ഏറെയാണ്.
 പാതയോരങ്ങളില്‍ ശ്രീകൃഷ്ണ പ്രതിമകളുടെ വില്‍പ്പനയും തകൃതിയായി. വലുപ്പമനുസരിച്ച് 120 മുതല്‍ 300 രൂപവരെയാണ് വില. പടക്കങ്ങളില്‍ പാരച്ചൂട്ടും,പൂവും ചക്രവും, ഫ്ളോട്ട് ആന്റ് ഫൗണ്ടനും പൂത്തിരികളും വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്.
 വേനല്‍ മഴ ഭീഷണി മുഴക്കിയെങ്കിലും പതിവ് തെറ്റിക്കാതെ വിഷുവിന്റെ വരവ് അറിയിച്ച് പൂത്തുലഞ്ഞ് കണികൊന്ന, മീനമാസം തുടങ്ങുമ്പോള്‍ പൂത്തുതുടങ്ങുന്ന കൊന്നകള്‍ ഇക്കുറി കുംഭം പകുതിയോടെ പൂവ് ചൂടി. പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വിപിണി കീഴടക്കിയപ്പോഴും കണികണ്ടുയരാന്‍ മലയാളിക്ക് യഥാര്‍ത്ഥ കൊന്നപ്പൂ തന്നെ വേണം.
 കൊടുംചൂടിന്റെ കനല്‍ക്കണ്ണുകള്‍ക്ക് പിടികൊടുക്കാതെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് കൊന്നമരങ്ങള്‍. നഗരങ്ങളില്‍ ഇന്ന് വൈകിട്ടോടെ കൊന്നപ്പൂ വിപണിയും സജീവമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.