ഓമനമൃഗങ്ങള്‍ മാത്രമല്ല, വിലയേറിയ ഓര്‍ക്കിഡുകളും മോഷ്ടാക്കള്‍ക്ക് പ്രിയം

Saturday 14 April 2018 1:46 am IST


ആലപ്പുഴ: ഓമന മൃഗങ്ങള്‍ മാത്രമല്ല, വിലകൂടിയ ഓര്‍ക്കിഡുകളും മോഷ്ടാക്കള്‍ക്ക് പ്രിയം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വിലകൂടിയ ഓമനമൃഗങ്ങളും പ്രത്യേക ഇനത്തില്‍പെട്ട വിലയേറിയ പൂച്ചെടികളും രാത്രിയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.
  വിദേശത്തു നിന്നും കൊണ്ടുവന്ന അമ്പതിനായിരം രൂപ വിലമതിക്കുന്ന ആടിനെ (കനേഡിയന്‍ പിഗ്മി) കവര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ആയിരങ്ങള്‍ പൂവിനു വിലയുള്ള വിദേശയിനം ഓര്‍ക്കിഡുകള്‍ ബൈക്കിലെത്തിയ സംഘം വീട്ടില്‍ നിന്നും മോഷ്ടിച്ചത്.
 വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വി. സബില്‍രാജിന്റെ ആശ്രമം വാര്‍ഡിലുള്ള പത്മമെന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ഒമ്പതിന് അര്‍ധരാത്രിയോടെ ഓര്‍ക്കിഡുകള്‍ ചെടിച്ചട്ടിയോടെ അപഹരിച്ചത്. സബില്‍രാജും ഭാര്യ യമുനയും വിദേശത്തു നിന്നും കൊണ്ടുവന്നവയായിരുന്നു ഇവ.
  മൂന്നുമാസം പ്രായമുള്ള വാന്റ, സെനാലോപ്പസ് എന്നീ ഇനങ്ങളില്‍ പെട്ട ഒമ്പത് ഓര്‍ക്കിഡ് ചെടികളാണ് നഷ്ടപ്പെട്ടത്. സിംഗപ്പൂര്‍ സന്ദര്‍ശനത്തിനു പോയപ്പോള്‍ വാങ്ങിയവയായിരുന്നു ഇവ. രാത്രി 12.45 ഓടെ രണ്ടുബൈക്കുകളില്‍ എത്തിയ സംഘം മതിലിനോടു ചേര്‍ന്നുള്ള ഉദ്യാനത്തില്‍ നിന്നും ഇവ മോഷ്ടിക്കുകയായിരുന്നു. 
  മോഷണ രംഗം വീട്ടിലെ സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൂച്ചെട്ടി അടക്കം ഒന്നിനു ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1,500 രൂപ വിലവരുന്നതാണ്. പൂവിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മന്ത്രി തോമസ് ഐസക്ക് വീട്ടിലെത്തി അഭിനന്ദിച്ച ദിവസം രാത്രിയിലായിരുന്നു മോഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.