ക്ഷേത്ര സ്വത്ത് : അന്യാധീനപ്പെട്ടത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയെന്ന് ദേവസ്വം ബോര്‍ഡ്‌

Friday 13 April 2018 8:04 pm IST
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടുവെന്ന് സമ്മതിച്ച് ചെയര്‍മാന്‍ ഒ. കെ. വാസു.ക്ഷേത്ര സ്വത്ത് കൈവശം വെയ്ക്കുന്നവരില്‍ മനോരമയും മാതൃഭൂമിയും അടക്കമുള്ളവരുണ്ടെന്നും സര്‍വ്വേയില്‍ തെളിഞ്ഞു

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടുവെന്ന് സമ്മതിച്ച്  ചെയര്‍മാന്‍ ഒ. കെ. വാസു.  ക്ഷേത്രഭൂമി സര്‍വേ നടത്താന്‍ വേണ്ടി എച്ച്ആര്‍ ആന്‍ഡ് സിയുടെ കാലത്ത് നിയോഗിച്ചിരുന്ന സ്‌പെഷ്യല്‍ ടീം 1123 ക്ഷേത്രങ്ങളുടെ ഭൂമി സര്‍വേ നടത്തി. 24,698.24 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി.

ക്ഷേത്ര സ്വത്ത് കൈവശം വെയ്ക്കുന്നവരില്‍  മനോരമ അടക്കമുള്ളവരുണ്ടെന്നും സര്‍വ്വേയില്‍ തെളിഞ്ഞു. മലപ്പുറം തൃക്കളയൂര്‍ ക്ഷേത്രത്തിന്റെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ 45 ഏക്കര്‍ മാത്രമാണ് കൈവശം. കൊയപ്പത്തൊടി, കൊളക്കാടന്‍ എന്നീ കുടുംബങ്ങളാണ് സ്വത്ത് കൈവശം വെച്ചിരിക്കുന്നത്. 

പുല്‍പ്പള്ളി ദേവസ്വത്തിന്റെ 26,000 ഏക്കര്‍ ഭൂമി  ഇപ്പോള്‍ 35 ഏക്കര്‍ മാത്രം. വള്ളിയൂര്‍കാവിന് 12000 ഏക്കര്‍ ഭൂമി ഉണ്ടെങ്കിലും ഇപ്പോള്‍  60 ഏക്കര്‍മാത്രം. അന്യാധീനപ്പെട്ട ഭൂമിയില്‍ 101 ഏക്കര്‍  പാരിസണ്‍ എസ്റ്റേറ്റിന്റെ കൈവശം. തളിപ്പറമ്പ് തിമിരി ദേവസ്വത്തിന്റെ 1400 ഏക്കര്‍  കയ്യേറി.   വെള്ളോറ ചുഴലി ദേവസ്വത്തിന്റെ 234 ഏക്കറും നടുവില്‍ വെള്ളാട് ദേവസ്വത്തിന്റെ 23000 ഏക്കര്‍ ഭൂമിയും കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിക്കാന്‍ വിധിയായിട്ടുണ്ട്.  വെള്ളാട് ദേവസ്വത്തിന്റെ 26,000 ഏക്കറാണ്  നഷ്ടപ്പെട്ടത്. ഇതില്‍ കരുവഞ്ചാലില്‍ മൂന്നേക്കര്‍ 24 സെന്റിലുള്ള കെട്ടിടം ഒഴിപ്പിക്കാന്‍ വിധിയായി.

പാലക്കാട് കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം വക 694 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ടത്. കൊട്ടിയൂര്‍ ദേവസ്വത്തിന് 40,000 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടു. ഇപ്പോള്‍ പാര്‍ക്കിംഗിന് പോലും സ്ഥലമില്ല. അഞ്ചേക്കര്‍ സ്ഥലം മാത്രമാണ് ദേവസ്വത്തിന് സ്വന്തം.  കണ്ണൂര്‍ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന്റെ സ്ഥലം ആലക്കാടന്‍ അഹമ്മദ് മുതല്‍ 11 പേരും, കെ. പി. ഫൗസിയ, അബ്ദുള്‍ കാദര്‍, ചിരുത,  നടുവില്‍ പുരയില്‍ സുമേഷ്, എന്നിവരും കയ്യേറി. 

കാസര്‍കോട്ടെ  27 ക്ഷേത്രങ്ങളുടെ  ഭൂമി അന്യാധീനപ്പെട്ടു. വിവിധ കോടതികളിലും ലാന്‍ഡ് ട്രൈബ്യൂണലുകളിലുമായി കേസ് നടക്കുകയാണ്. പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിന്റെ 83 സെന്റ് തിരിച്ചെടുക്കാന്‍ വിധിയായി. വെള്ളാട് ശിവക്ഷേത്രത്തിന്റെ ആയിരക്കണക്കിന് ഏക്കര്‍  സ്വകാര്യ വ്യക്തികളും വനം വകുപ്പും കയ്യേറി. 

ക്ഷേത്ര ഭൂമി സംരക്ഷിക്കാന്‍ ജില്ലാ കളക്ടറടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് ബാദ്ധ്യതയുണ്ടെങ്കിലും അത് നടക്കുന്നില്ല.  അങ്ങാടിപ്പുറം തളി ക്ഷേത്രം, ബത്തേരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലാക്കും. ധാരാളം ക്ഷേത്രങ്ങള്‍ ക്ഷേത്ര സംരക്ഷണ സമിതി, ഊരായ്മ ദേവസ്വം, സംഘപരിവാര്‍, സ്വതന്ത്ര ട്രസ്റ്റിമാര്‍ എന്നിവരാണ് നടത്തുന്നത്. സമയ ബന്ധിതമായി ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണം തിരികെപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.