വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Saturday 14 April 2018 2:05 am IST
"undefined"

ബൃഹദാരണ്യകം തുടരുന്നു. സ്വപ്‌നത്തില്‍ നിന്നും ജാഗ്രദവസ്ഥയിലേക്കു വരുന്നതുപോലെയാണ് ആത്മാവ് ഒരു ദേഹത്തില്‍ നിന്നും മറ്റൊരു ദേഹത്തിലേക്ക് പോകുന്നത്. കര്‍മ്മഫലം അനുഭവിക്കാന്‍ ഉതകുന്ന ഒരു ദേഹത്തെ സ്വീകരിക്കാന്‍ പ്രകൃതിയിലുള്ള എല്ലാ ദേവതകളും ആ ആത്മാവിനെ സഹായിക്കും- എന്നിങ്ങനെ ആത്മാവിന്റെ സംസാരഗതിയുടെ വിവരണത്തോടെ ബൃഹദാരണ്യകോപനിഷത്തിലെ ഈ രണ്ടാം ബ്രാഹ്മണം അവസാനിക്കുന്നു.

നാലാമത്തേത് ശാരീരികബ്രാഹ്മണം എന്ന പേരിലറിയപ്പെടുന്നു. ഇതില്‍ ജീവന്റെ പുനര്‍ജന്മ പ്രക്രിയയെ വിശദമാക്കുന്നു. മരണസമയത്ത് ജീവന്‍ എല്ലാ അവയവങ്ങളില്‍ നിന്നും പിന്‍വാങ്ങി ഹൃദയത്തില്‍ വന്നിരിക്കുന്നു. പിന്നെ ഇന്ദ്രിയങ്ങളും മനസ്സും കര്‍മ്മവാസനകളും സംസ്‌കാരവും എല്ലാംകൂടി സൃഷ്ടിക്കുന്ന സൂക്ഷ്മശരീരത്തില്‍ പ്രവേശിച്ച് സ്ഥൂലശരീരത്തെ വിട്ടുപോകുന്നു. പിന്നീട് തന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ച ഫലം അനുഭവിക്കാന്‍ പറ്റിയ ശരീരം സ്വീകരിച്ച് സംസാരത്തിലേക്കു തന്നെ തിരിച്ചുവരുന്നു. ഈ പോക്കുവരവിനു കാരണം കാമം ആണ്. പുത്ര, വിത്ത, ലോകേഷണകളാണ്. കാമരഹിതനായ ഒരാള്‍ക്ക് ഈ സംസരണം ഉണ്ടാകുകയില്ല. അയാള്‍ ബ്രഹ്മം തന്നെയായി ബ്രഹ്മത്തെ പ്രാപിക്കുന്നു. അനാത്മവിഷയങ്ങളും അവിദ്യാലക്ഷണങ്ങളും ആയ കാമങ്ങളെല്ലാം നശിക്കുമ്പോള്‍ ഒരുവന്‍ ജീവന്മുക്തനാകുന്നു. അയാള്‍ക്ക് പുണ്യപാപചിന്തയോ സംസാരതാപമോ ഉണ്ടാകുന്നില്ല.

അഞ്ചാമത്തെ ബ്രാഹ്മണം രണ്ടാം അദ്ധ്യായത്തിലെ നാലാം ബ്രാഹ്മണത്തിന്റെ ആവര്‍ത്തനമാണ്. സര്‍വകര്‍മ്മങ്ങളേയും സമ്യക്കായി ന്യസിക്കുന്ന പരിവ്രാജകത്വം ആണ് പരമപുരുഷാര്‍ത്ഥമായ മോക്ഷത്തെ സാധിപ്പിച്ചു തരുന്നത് എന്നു സമര്‍ത്ഥിക്കുവാന്‍ യാജ്ഞവല്‍ക്യ-മൈത്രേയീ സംവാദത്തെ വീണ്ടും പറയുന്നു. ജ്ഞാതാവ് മറ്റു വസ്തുക്കളെപ്പോലെ ജ്ഞേയവിഷയം അല്ലെന്നും നേതി നേതി ക്രമത്തില്‍ അതിനെ സാക്ഷാല്‍കരിക്കുവാനേ സാധിക്കൂ എന്നും ആ സാക്ഷാല്‍കാരമാണ് അമൃതത്വസാധനം എന്നു പറഞ്ഞ് യാജ്ഞവല്‍ക്യന്‍ തന്റെ ഉപദേശം അവസാനിപ്പിക്കുന്നു.

ആറാമത്തേത് വംശബ്രാഹ്മണം ആണ്. മൂന്നും നാലും അദ്ധ്യായങ്ങള്‍ ചേര്‍ന്ന യാജ്ഞവല്‍ക്യകാണ്ഡത്തിലെ വംശപരമ്പരയെ അതില്‍ വിവരിക്കുന്നു.    

അഞ്ചും ആറും അധ്യായങ്ങള്‍ക്ക് ഖിലകാണ്ഡങ്ങള്‍ എന്നാണ് പറയുന്നത് എന്നു നാം തുടക്കത്തില്‍ കണ്ടു. ഉപനിഷത്തിന്റെ അനുബന്ധങ്ങളായേ അവയെ കാണേണ്ടതുള്ളൂ എന്നാണ് മൃഡാനന്ദസ്വാമി അഭിപ്രായപ്പെടുന്നത്. ആത്മജ്ഞാനപരങ്ങളായ വിവരണങ്ങള്‍ അതില്‍ കുറവാണ്. ക്രമേണ മോക്ഷത്തിലേക്കു നയിക്കുന്ന ചില ഉപാസനകളെ ആണ് അവയില്‍ പറയുന്നത്.

അഞ്ചാം അദ്ധ്യായത്തിലെ ഒന്നാം ബ്രാഹ്മണത്തിന്റെ ആരംഭം സോപാധികനിരുപാധികബ്രഹ്മങ്ങള്‍ ഒന്നുതന്നെ എന്നു പറയുന്ന ശാന്തിപാഠത്തോടെയാണ്. രണ്ടാം ബ്രാഹ്മണത്തില്‍ അദ്ധ്യാത്മജീവിതത്തിനു വേണ്ട പ്രധാന ഗുണങ്ങളെ ഒരു കഥയിലൂടെ പരിചയപ്പെടുത്തുന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരും പ്രജാപതിയുടെ അടുത്ത് ബ്രഹ്മചാരിമാരായി താമസിക്കുന്നു. അങ്ങിനെ താമസിച്ചുവരവേ അവര്‍ ഉപദേശത്തിനായി പ്രജാപതിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ദ ദ ദ എന്നു മാത്രം ഉപദേശിക്കുന്നു. അതിനു മൂന്നു കൂട്ടരും മൂന്നു തരം അര്‍ത്ഥം കാണുന്നു.

സ്വതവേ ഇന്ദ്രിയനിഗ്രഹം ഇല്ലാത്ത ദേവകള്‍ തങ്ങളോട് ദമം ശീലിക്കാന്‍ ദാമ്യത എന്നു പറഞ്ഞതാണെന്നു ധരിക്കുന്നു. ദാനവിമുഖരും ലോഭികളുമായ മനുഷ്യരാകട്ടെ ദാനം പരിശീലിക്കുവാന്‍ ദത്ത എന്നാണ് ഉപദേശിച്ചത് എന്നു കരുതി. ദയയില്ലാത്തവരും ക്രൂരന്മാരുമായ അസുരന്മാര്‍ ദയാലുക്കളാകാന്‍ വേണ്ടി ദയധ്വം എന്നു തങ്ങളോട് പറഞ്ഞു എന്നും വിചാരിച്ചു. ഈ കഥയുടെ സാരോപദേശം ചുരുക്കത്തില്‍ ആത്മജ്ഞാനം നേടാന്‍ ദമം, ദാനം, ദയ എന്ന മൂന്നു ഗുണങ്ങള്‍  നേടണം എന്നതാണ്.

മൂന്നു മുതല്‍ പതിമൂന്നു വരെയുള്ള ബ്രാഹ്മണങ്ങളില്‍ പലതരം ഉപാസനകളെ പറയുന്നു. ഹൃദയം, സത്യം, വ്യാഹൃതികള്‍, പൂര്‍ണ്ണഗായത്രി (നാലു പാദങ്ങള്‍), മനസ്സ്, വിദ്യുത്ത്, വാക്ക്, ജഠരാഗ്നി, അന്നം, പ്രാണന്‍ എന്നിവയെ ബ്രഹ്മമായിക്കണ്ട് ഉപാസിക്കാന്‍ ഇവയില്‍ പറയുന്നുണ്ട്. പതിന്നാലാം ബ്രാഹ്മണത്തില്‍ ബ്രഹ്മത്തെ ഗായത്രിയായി ഉപാസിക്കേണ്ട വിധം വിവരിക്കുന്നു. ഗായത്രിയുടെ മൂന്നു പാദങ്ങള്‍ ദൃശ്യവും നാലാം പാദം അദൃശ്യവും ആണത്രേ. അവയെ പൂര്‍ണ്ണമായി അറിഞ്ഞ് സമഗ്രമായി ഉപാസിച്ചാലുള്ള ഫലം അനന്തമാണ്, അപരിമേയമാണ്. എന്നു മാത്രമല്ല അമൃതത്വപ്രാപ്തിക്ക് അതു കാരണമാകുകയും ചെയ്യും എന്ന് പ്രസ്താവിക്കുന്നു. പതിനഞ്ചാം ബ്രാഹ്മണത്തില്‍ മരണസമയത്ത് സാധകന്‍ ആദിത്യനോടും അഗ്നിയോടും നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഇതിലെ നാലു മന്ത്രങ്ങളും ഈശാവാസ്യോപനിഷത്തിലും കാണപ്പെടുന്നു.

ആറാം അദ്ധ്യായം- ഇതില്‍ ആകെ അഞ്ചു ബ്രാഹ്മണങ്ങള്‍ ആണുള്ളത്. പ്രാണന്റെ ശ്രേഷ്ഠതയെ വെളിവാക്കുന്ന ഒരു കഥയാണ് ഒന്നാം ബ്രാഹ്മണത്തിന്റെ തുടക്കം. ഒരിക്കല്‍ ഇന്ദ്രിയങ്ങള്‍ തമ്മില്‍ കലഹമുണ്ടായി. ഓരോ ഇന്ദ്രിയവും താനാണ് കേമന്‍ എന്ന് അഹങ്കരിച്ചു. ഒടുവില്‍ ആരാണു കേമന്‍ എന്നറിയാന്‍ എല്ലാവരും കൂടി പ്രജാപതിയുടെ അടുത്തുചെന്നു. നിങ്ങളില്‍ ആര് വിട്ടുപോയാലാണോ ശരീരം ഏറ്റവും നികൃഷ്ടമാകുന്നത് അവനാണ് നിങ്ങളില്‍വെച്ച് ശ്രേഷ്ഠന്‍ എന്ന് പ്രജാപതി വിധിച്ചു. 

അതറിയാനായി ഓരോ ഇന്ദ്രിയവും ഓരോ വര്‍ഷം ശരീരം വിട്ട് മാറി നിന്നു. ദേഹത്തിനു പറയത്തക്ക കോട്ടമൊന്നും തട്ടിയില്ല. അവസാനം പ്രാണന്‍ പുറത്തുപോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കു ദേഹത്തില്‍ നില്‍ക്കുവാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ ശ്രേഷ്ഠതയെ അംഗീകരിച്ചു എന്നതാണ് കഥ. ഇതു വഴി പ്രാണന്റെ മാഹാത്മ്യം ബോധ്യപ്പെടുത്തി സര്‍വാത്മാവായി പ്രാണനെ ഉപാസിക്കാന്‍ ഉപദേശിക്കുന്നു. 

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.