മനസറിഞ്ഞ് മരീചി നാരദാനം ചെയ്ത് നാരദന്‍

Saturday 14 April 2018 2:39 am IST

ബ്രഹ്മാവിന്റെ മനസില്‍നിന്നുണ്ടായ മരീചി മഹര്‍ഷി മനസറിഞ്ഞുതന്നെ പ്രവര്‍ത്തിച്ചു. പ്രപഞ്ച പുഷ്ടിക്കുതകുംവിധം സൃഷ്ടികര്‍മത്തിലേര്‍പ്പെട്ടു. എന്നാല്‍ തപശക്തി സമ്പാദിച്ച് പ്രവര്‍ത്തനമേഖലയില്‍ വിജയം വരിക്കുന്നതിന് കാലതാമസമെടുത്തു എന്നുമാത്രം.

മടിയില്‍നിന്ന് ജനിച്ച നാരദമഹര്‍ഷി പ്രപഞ്ചത്തിലെ എല്ലാവരോടും സ്‌നേഹപൂര്‍വം പ്രവര്‍ത്തിച്ചു. എല്ലാവരും വാസുദേവപരന്മാരായിരിക്കണമെന്ന് വാല്‍സല്യപൂര്‍വം ആഗ്രഹിച്ചു. സ്‌നേവഹപൂര്‍വമായ പെരുമാറ്റംകൊണ്ട് എവിടെയും കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യവും കൈവരിച്ചു. ദേവര്‍ഷിയാണെങ്കിലും ദേവാരികള്‍ക്കുപോലും ഹിതം പറഞ്ഞുകൊടുത്തു. ദാഹിക്കുന്നവന് കുടിനീരുപോലെ നാരായണ പ്രാപ്തിവരെ ദാനം ചെയ്യുന്ന നല്ല ഒരു ഗുരുനാഥനായി നാരദന്‍ പ്രവര്‍ത്തിച്ചു.

അംഗുഷ്ഠത്തില്‍നിന്നുണ്ടായ ദക്ഷന്റേത് പാകമാകാത്ത വളര്‍ച്ചയായിരുന്നു.

പ്രാണനില്‍നിന്നുണ്ടായ വസിഷ്ഠന്‍ ഇന്ദ്രിയങ്ങളെ വശത്താക്കിയവനായിരുന്നു. ഇന്ദ്രിയ നിയന്ത്രണം സ്വായത്തമാക്കിയവന്‍.

ത്വക്കില്‍നിന്നുണ്ടായ ഭൃഗു പുറംമോടിക്ക് പ്രാധാന്യം നല്‍കുന്നവനും തീജ്വാലപോലെ പ്രവര്‍ത്തിക്കുന്നവനുമായിരുന്നു.

കരത്തില്‍നിന്നുണ്ടായ ക്രതു യാഗകര്‍മങ്ങളിലും യജ്ഞങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി.

വിഷ്ണുനാഭനായ ബ്രഹ്മാവിന്റെ ശീലഗുണങ്ങളെല്ലാം പാലിക്കുന്നവനായിരുന്നു നാഭീജാതനായ പുലഹന്‍.

ബ്രഹ്മാവിന്റെ ചെവിയില്‍നിന്നുണ്ടായ പുലസ്ത്യന്‍ കേട്ടറിവുകളെക്കൊണ്ട് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.  പലപ്പോഴും ശബ്ദത്തെ പ്രശ്‌നമായി കണക്കാക്കി.

അംഗിരസ് മുഖത്തില്‍നിന്നുമാണുണ്ടായത്. അഗ്‌നിയെപ്പോലെയുള്ള തേജസ് അംഗിരസിന്റെ പ്രകൃതമായിരുന്നു. ബ്രഹ്മമുഖം പോലെ ജ്വലിക്കുന്നതായിരുന്നു അംഗിരസിന്റെ മുഖം.

കണ്ണുകളില്‍നിന്നുണ്ടായ അത്രിമഹര്‍ഷി പച്ചക്കര്‍പൂരത്തിന്റെ സുഗന്ധവും തേജസുമുള്ളവനായിരുന്നു. വേദങ്ങളെയും വേദസാരങ്ങളെയും കണ്ടറിഞ്ഞവനായി അത്രിയെ വിലയിരുത്തപ്പെടുന്നു.

ബ്രഹ്മാവിന്റെ മുഖാരവിന്ദത്തില്‍നിന്ന് വാക്‌ദേവതയും ജനിച്ചു. അരവിന്ദ സമാനമായ വാക്‌ദേവതയുടെ തേജസും സൗന്ദര്യവും കണ്ടപ്പോള്‍ ബ്രഹ്മദേവന്റെ മനസൊന്നു പതറിയതായി കേട്ടിട്ടുണ്ട്. മനസറിയാവുന്ന മരീചിയും മറ്റും ഇതിനെ അധിക്ഷേപിച്ചു.

ബ്രഹ്മാവിന്റെ മനസില്‍ തിരുത്തലുകള്‍ വരുത്താന്‍ അവര്‍ക്കു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സൃഷ്ടി നടത്തിയ ശരീരത്തെ ബ്രഹ്മദേവന്‍ ഉപേക്ഷിച്ചു. പുത്രിയെ കാമിച്ച ആ ശരീരം ഇനി വേണ്ടത്രേ. ബ്രഹ്മാവുപേക്ഷിച്ച അതേ നിമിഷം ആ ശരീരം അന്തരീക്ഷത്തില്‍ ലയിച്ചു. അന്തരീക്ഷത്തില്‍ കാണുന്ന മഞ്ഞ് ബ്രഹ്മാവുപേക്ഷിച്ച ആ ശരീരമാണ്.

പുതിയ ദേഹം സ്വീകരിച്ച ബ്രഹ്മദേവന്‍ നവനവസൃഷ്ടിക്കായുള്ള മാര്‍ഗങ്ങള്‍ തേടി നാലുദിക്കും നോക്കി. മനസ് പോകുന്നതനുസരിച്ച് സൃഷ്ടിയും നടക്കുന്നതിനാല്‍ ബ്രഹ്മദേവന്‍ നാന്മുഖനായി. ആ സന്ദര്‍ഭത്തില്‍ ലഭിച്ച അറിവ് നാലു വേദങ്ങളുമായി. പ്രവര്‍ത്തനത്തിനായി നാല് ആശ്രമങ്ങളുമുണ്ടായി. നാലു വേദങ്ങളുടെയും ആരാധനാക്രമങ്ങളും വ്യത്യസ്തമായി. ഋഗ്വേദത്തില്‍ മൗനജപത്തിനു പ്രാധാന്യം. യജൂര്‍വേദത്തില്‍ കര്‍മങ്ങള്‍ക്ക്. സാമവേദത്തില്‍ സ്തുതിഗീതങ്ങള്‍കാണ് പ്രാധാന്യം. അഥര്‍വവേദത്തില്‍ പ്രായശ്ചിത്തം.

ആയുര്‍വേദം ധനുര്‍വേദം ഗാന്ധര്‍വം 

വേദമാത്മനഃ

സ്ഥാപത്യം ചാസുജദ്വേദം ക്രമാദ്പൂര്‍വാദിഭിര്‍മുഖൈഃ

ഇതിഹാസ പുരാണാനാം പഞ്ചമംവേദമീശ്വരഃ

സര്‍വേഭ്യ ഏവ വക്‌ത്രേഭ്യഃ സസുജേ 

സര്‍വദര്‍ശനഃ

പൂര്‍വമുഖത്തില്‍നിന്ന് ആയുര്‍വേദവും ദക്ഷിണണത്തില്‍നിന്ന് ധനുര്‍വേദം പശ്ചിമത്തില്‍നിന്ന് ഗാന്ധര്‍വം (കല) ഉത്തരത്തില്‍നിന്ന് ശില്‍പശാസ്ത്രം ഇവയുണ്ടായി.

പഞ്ചമവേദമെന്നറിയപ്പെടുന്ന ഇതിഹാസ പുരാണാദികള്‍ എല്ലാ മുഖങ്ങളില്‍നിന്നുമായി സൃഷ്ടിക്കപ്പെട്ടു.ബ്രഹ്മാവില്‍നിന്നുതന്നെ അക്ഷരങ്ങളും ഛന്ദസുകളുമുണ്ടായി.

പ്രജാസൃഷ്ടി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ബ്രഹ്മേദഹം രണ്ടായി വിഭജിക്കപ്പെട്ടു. അങ്ങിശന സ്വയംഭൂവ മനുവും ശതരൂപയും സൃഷ്ടമായി.

ഇവരില്‍നിന്നാണ് പ്രിയവ്രതന്‍, ഉത്താനപാദന്‍, ആകൂതി, ദേവഹൂതി, പ്രസൂതി എന്നിവര്‍ സൃഷ്ടിക്കപ്പെട്ടത്. കന്യകമാരില്‍ ആകൂതിയെ രുചിയും ദേവഹൂതിയെ കര്‍ദമനും പ്രസൂതിയെ ദക്ഷനും വിവാഹം കഴിച്ചു. ഇതാണ് വംശവിസ്താരത്തിന്റെ പ്രാരംഭം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.