വിഷു ചിന്തകള്‍

Saturday 14 April 2018 3:47 am IST
"undefined"

ജ്യോതിശാസ്ത്രപ്രകാരം 96 (ഷണ്ണവതി) പുണ്യകാലങ്ങളാണ്. അതില്‍ വിശേഷപ്പെട്ട ഒന്നാണ് വിഷു വത് അഥവാ വിഷു.

സമരാത്രിം  ദിവേ കാലേ

വിഷുവത് വിഷുവം ചതത്

എന്ന് അമര കോശം നിര്‍വചിക്കുന്നു. പണ്ട് മേട(മേഷം) മാസാരംഭത്തിലും തുലാമാസാരംഭത്തിലുമായിരുന്നു രാവും പകലും ഒരുപോലെ ഒരുപോലെ വന്നത്. ആദ്യത്തേ വിഷുവത് രണ്ടാമത്തേത് വിഷുവം. അയനവ്യത്യാസത്താല്‍ യഥാര്‍ത്ഥ തീയതി മീനം 6-7  തീയതിയാണ് വിഷുവത്തെങ്കിലും യുഗാരംഭം എന്നനിലയില്‍ മേടം ഒന്ന് വിഷുവായി ആചരിക്കപ്പെടുന്നു. സൗരവര്‍ഷത്തിലെ ഗണനപദ്ധതിയാണ് മേടം, ഇടവം എന്നുള്ള ക്രമം. ഇതാണ് കേരളത്തിലെ നടപ്പ്. ഉത്തരേന്ത്യയില്‍ അത് വാവു മുതല്‍ വാവുവരെയാണ്-ചൈത്രം, വൈശാഖം... എന്നിങ്ങനെ മാസക്രമം. അവരുടെ ചൈത്ര വിഷു ഇതിന് മുമ്പു കഴിയും.

വേദത്തില്‍ പറയുന്നു:

ഭദ്രം കര്‍ണേഭിഃ ശൃണുയാദ ദേവാഃ

ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ

ചെവികൊണ്ട് നല്ലത് കേള്‍ക്കണം, കണ്ണുകൊണ്ട് നല്ലതു കാണണം.

കാണാന്‍ ഏറ്റവും നല്ല, ഏതറ്റവും പവിത്രമായ വസ്തു സൂര്യനാണ്, മറ്റൊന്ന് അഗ്നിയും. നാം വിഷു ദിവസം അതികാലത്ത് എഴുന്നേറ്റ് കാലും മുഖവും കഴുകി ശുദ്ധമായ ശേഷം കണ്ണടച്ചുകൊണ്ടുതന്നെ പൂജാമുറിയില്‍  ചെന്ന് ആദ്യം കാണുന്നത് വിളക്കും പൊന്നുമാണ്. പൊന്ന് സൂര്യന്‍ തന്നെ.

പിന്നീട് സ്‌നാനാദികളും ക്ഷേത്ര ദര്‍ശനവും ചെയ്ത ശേഷം പഞ്ചാംഗം കേള്‍ക്കണമെന്നാണ് പഴയചിട്ട. നക്ഷത്രം (അശ്വതി, ഭരണി...), വാരം (ഞായര്‍, തിങ്കള്‍...), തിഥി (പ്രഥമ, ദ്വിതീയ....)കരണം (സിംഹം, പുലി....) നിത്യയോഗം (വിഷ്‌കംഭം, പ്രീതി...) ഇങ്ങനെ അഞ്ചിനെയാണ് പഞ്ചാംഗം എന്നുപറയുന്നത്. വിഷു ദിവസത്തെ ഈ അഞ്ച് അംഗങ്ങളും വര്‍ഷത്തിന്റെ വിഷുഫലവും കേള്‍ക്കണമെന്നാണ് ആചാരം. അതിന്റെ ഫലം ഗംഗാസ്‌നാനം ദിനേ ദിനേ എന്നാണ് കൊടുത്തിട്ടുള്ളത്.

വിഷുവിന്റെ തലേദിവസം മുതിര്‍ന്നവര്‍ പൂജാമുറിയില്‍ കണിയൊരുക്കും. കഞ്ഞിമുക്കി വടിപോലെയാക്കിയ കസവുള്ള വസ്ത്രം ഞൊറിഞ്ഞ് അടിയില്‍ ഒരു കെട്ടുകൊടുത്താല്‍ അത് ഒരു വിശറിപോലെ, മയില്‍പ്പീലി വിടര്‍ത്തിയതുപോലെ നില്‍ക്കും. ഇതിന്റെ നടുവില്‍ ഒരു കണ്ണാടി (വാല്‍ക്കണ്ണാടിയോ)വക്കും. ഇതൊരു പ്രധാന ഇനമാണ്.ധാരാളംവിളക്കുകളും ഓംകാര നാദം പുറപ്പെടുവിക്കുന്ന ഓട്ടുരുളികഴുകി മെഴുകി തിളങ്ങി അതില്‍ അക്ഷതവും ഫലധ്യാനങ്ങളും കുരുമുളക് മുതലായവയും ഒക്കെ ചെറു കിണ്ണങ്ങളിലാക്കി നിരത്തിവയ്ക്കും. വിഷ്ണു വിഗ്രഹം പ്രധാനം തന്നെ. ചക്ക രണ്ടായി വെട്ടിയതും വെട്ടാത്തതും പ്രദര്‍ശിപ്പിക്കും. മണ്‍കലത്തില്‍ അരി അതിനുമേലെ വെള്ളരിക്ക ഇവ വക്കും. മാങ്ങ, പച്ചക്കറികള്‍, വെറ്റില, അടയ്ക്ക, അഷ്ടമംഗലവസ്തുക്കള്‍, (കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വര്‍ണ്ണം) പഞ്ചഭൂതപ്രതിനിധികള്‍ (ജലം, ചന്ദനം, പുഷ്പം, ധൂപം, ദീപം) രാജവൃക്ഷമായ  കൊന്നയുടെ സ്വര്‍ണ്ണപ്പൂക്കള്‍, തെങ്ങിന്‍പ്പൂക്കല ഇവയൊക്കെ നിരത്തിവക്കും. മാങ്ങ, അടയ്ക്ക, വെറ്റില, തെങ്ങിന്‍പൂക്കുല മുതലായവ മച്ചില്‍ കെട്ടിത്തൂക്കുകയും ചെയ്യും. കണികാണുന്നതിനായി ഇതെല്ലാം തയ്യാറാക്കി വൈകിയാണ് മുതിര്‍ന്നവര്‍ ഉറങ്ങുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍, അതിരാവിലെ എഴുന്നേറ്റ് ആദ്യം കണി കാണുന്നതും ഇവര്‍ തന്നെ. പിന്നെ അമ്മയോ അച്ഛനോ മക്കളെ ഓരോരുത്തരെയുണര്‍ത്തി അവരുടെ കണ്ണുപൊത്തിക്കൊണ്ട് മൂത്രമൊഴിപ്പിച്ച് കൈകാല്‍ മുഖം കഴുകിച്ച് പുതുവസ്ത്രം ധരിപ്പിച്ച് കണിയുടെ മുന്‍പില്‍ ശാന്തരാക്കി ഇരുത്തും. സ്വര്‍ണം, വിളക്ക്, ഇഷ്ടദേവന്‍ ഇവരെ ആദ്യം കാട്ടും. പിന്നീട് അവര്‍ എല്ലാം നോക്കിക്കാണും.

എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ പിന്നീട് മുതിര്‍ന്നവരുടെ കാല്‍ക്കല്‍ നമസ്‌കരിക്കലാണ്. നമസ്‌കരിച്ചെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കും. മാതാ, പിതാ, ഗുരു ഇവരൊക്കെ എപ്പോഴും ദൈവത്തെപ്പോലെ വന്ദ്യരാണ്. എന്നാല്‍ ഇത് പല തരത്തിലും അവഗണിച്ചുപോകും. വിഷുവിനെങ്കിലും നമസ്‌കരിക്കുമ്പോള്‍ ഇത് ഓര്‍മിക്കപ്പെടും. പശുവിനെക്കാണലും  ക്ഷേത്രദര്‍ശനവും അയല്‍പക്ക സന്ദര്‍ശനവും തന്റെ ഗുരുക്കന്മാരെ വന്ദിക്കലും ഒക്കെ നടക്കും. ഗൃഹസമ്പര്‍ക്കം, ബന്ധുമിത്രാദികളുടെ മേളനം-ഒക്കെ അന്നത്തെ സന്തോഷദായകമായ അപൂര്‍വ നിമിഷങ്ങളാണ്.

കേരളത്തില്‍ വടക്കും തെക്കും വിഷു ആഘോഷത്തില്‍ വ്യത്യാസങ്ങള്‍ കാണും. ഗ്രാമങ്ങള്‍ തമ്മിലും വ്യത്യാസമുണ്ടാകും. കുടുംബ പാരമ്പര്യപ്രകാരവും  വ്യത്യാസം കാണും. പക്ഷേ കാലപുരുഷന്റെ ചലനത്തെ അംഗീകരിച്ച്, ജീവിതത്തിന്റെ അനന്തമായ പ്രവാഹത്തെ ആവാഹിച്ച് പുത്തന്‍ പ്രതീക്ഷകളും ഉത്കൃഷ്ട ചിന്തകളും  വളര്‍ത്തുന്ന ഇത്തരം ആഘോഷങ്ങള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ അനിവാര്യതകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.