കൊടികുത്തിവാഴുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം

Saturday 14 April 2018 2:53 am IST

കമ്യുണിസ്റ്റ് ഭരണത്തില്‍ പ്രതിപക്ഷമില്ല, പ്രതിപക്ഷനേതാവുമില്ല. ഇത് മനസിലാക്കാന്‍ ഷീയുടെ ചൈനയിലേക്കോ ഉന്നിന്റെ ഉത്തര കൊറിയയിലേക്കോ പോകേണ്ട. കേരള സംസ്ഥാനത്തിന്റെ അവസ്ഥ നോക്കിയാല്‍ മതി.

കേരളത്തില്‍ കുറച്ചു നാളുകളായി രണ്ടു പ്രബലമുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടക്കുന്നത്. ടി പി വധക്കേസിലാണ് അറിയപ്പെടുന്ന ആദ്യ ഒത്തുതീര്‍പ്പ്. പ്രയോജനമുണ്ടായത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ക്ക്. സോളാര്‍ ഒത്തുതീര്‍പ്പില്‍ ഗുണഭാക്താക്കളായത് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍. ആരോപണ വിധേയരായ 14 നേതാക്കള്‍ യാതൊരു ഉളുപ്പുമില്ലാതെ ജന സേവനം തുടരുന്നു.ബാര്‍ക്കോഴ ഒത്തുതീര്‍പ്പില്‍ നേട്ടം മാണി കോണ്‍ഗ്രസ് പോലുള്ള വലതിലും ഇടതിലും മാറി മാറി ചേക്കേറുന്ന ഘടക കക്ഷിക്കാണ്. ഇതു നാടിന് ആപത്താണെന്ന് നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കെയാണ് വിവാദ മെഡിക്കല്‍ കോളേജ് ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയത്.

ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നതു ചരിത്രമായി മാറി. മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് പ്രതിപക്ഷ നേതാവും അഴിമതി നടത്തിയെന്നതാണ് ആരോപണം. ഭരണപക്ഷത്തിന് കിട്ടേണ്ട വിമര്‍ശനം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയായിരുന്നു.വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. വിവാദമായ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ രണ്ടു മുന്നണികളും കൂട്ടുചേര്‍ന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്ട്രീയത്തില്‍ ഒപ്പിച്ചെടുത്ത വിവാദ മെഡിക്കല്‍ ബില്‍ ഒപ്പിടാനായി ഗവര്‍ണ്ണര്‍ക്കയച്ചു കൊടുത്തതാണ് കൂടുതല്‍ രസകരം. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയ ഗവര്‍ണര്‍ക്ക് നിയമം അറിയില്ലെങ്കിലോ എന്നു കരുതി ബില്ലിനൊപ്പം പ്രത്യേക കുറിപ്പുമുണ്ടായിരുന്നു. നിയമപരമായി ബില്ലു നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതി വെച്ചിരുന്നത്. വന്ന സ്പീഡില്‍ ബൗണ്‍സ് അടിക്കേണ്ട ബില്‍ ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്ടീയത്തില്‍ വെള്ളം കുടിക്കുന്നത് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളാണ്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്തതിനാല്‍ പ്രചാരണത്തിനിറങ്ങിയവര്‍ കുഴഞ്ഞു. പ്രചാരണം നടത്താനിറങ്ങിയവര്‍ക്ക് നാരങ്ങാവെള്ളം വാങ്ങിക്കൊടുത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൈയ്യിലെ കാശുതീരും. ചെങ്ങന്നൂരിനെ കത്തിരിക്കുന്നത് ഒത്തുതീര്‍പ്പു രാഷ്ട്രീയമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനില്ല. സമൂഹത്തെ വഞ്ചിക്കുന്ന നിലപാട് ഇരുമുന്നണികളും  അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ കാത്തിരിക്കുന്നത്  വന്‍തിരിച്ചടിയാണ്.

കെ.എ. സോളമന്‍, 

എസ്എല്‍ പുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.