ആനകളും ആവലാതികളും

Saturday 14 April 2018 3:00 am IST
ആന' എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു 'ചന്തം' ഉരുത്തിരിയും. 'ആനച്ചന്തം' അതല്ലെങ്കിലും ആനയെ കണ്ടാലും കണ്ടാലും കൊതിമാറില്ല. കടല്‍ കാണുമ്പോലെയാണ് ആനയോടുള്ള കൗതുകം. പുരാണകാലം മുതലേ ആന മനുഷ്യരുടെയും ദേവന്മാരുടേയും ഇഷ്ടമൃഗമാണ്.
"undefined"

'ആന' എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു 'ചന്തം' ഉരുത്തിരിയും. 'ആനച്ചന്തം' അതല്ലെങ്കിലും ആനയെ കണ്ടാലും കണ്ടാലും കൊതിമാറില്ല. കടല്‍ കാണുമ്പോലെയാണ് ആനയോടുള്ള കൗതുകം. പുരാണകാലം മുതലേ ആന മനുഷ്യരുടെയും ദേവന്മാരുടേയും ഇഷ്ടമൃഗമാണ്. ദേവേന്ദ്രന്റെ വാഹനമായിരുന്നതും ആനതന്നെ. അത് പക്ഷേ കറുത്തിരുണ്ട വലിയ ജീവിയല്ല. ഐരാവതം എന്ന വെളുത്ത് തുടുത്ത ആന. ദേവാസുര യുദ്ധങ്ങളില്‍ ആന യോദ്ധാവാണ്. ആധുനികകാലത്തും ആനപ്പടയുണ്ട്. ദുഷ്‌ക്കരമായ അതിര്‍ത്തിയിലൂടെ സഞ്ചരിക്കാന്‍ ആനയെ ഇന്ത്യയും ഉപയോഗിക്കുന്നു.

ഏഷ്യയിലെ ആനകള്‍, പ്രതേ്യകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.

ആനകള്‍ ഇടയുന്നത് വ്യക്തമായ കാരണത്താലാണ്. ശബ്ദകോലാഹങ്ങളും കഠിനമായ ചൂടും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതും കാരണങ്ങളാണ്. പീഡനങ്ങളിലും ഈ 'മിണ്ടാപ്രാണി' പ്രകോപിതനാകും. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ ഇവയൊന്നും പറയുന്നില്ല. തെക്കന്‍ കേരളത്തില്‍ ഉത്സവങ്ങള്‍ക്കിടെ ചിലര്‍ ആനകളുടെ കണ്ണിലേക്ക് ലേസര്‍ വെളിച്ചം പതിപ്പിച്ച് പ്രകോപനമുണ്ടാക്കുകയാണത്രെ. ശബരിമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞത് അപ്രതീക്ഷിതമായി ആനയുടെ കണ്ണിനുനേരെ ഒരു വടി വന്നതിനാല്‍. തിരുവല്ലയിലും സമാന സംഭവം.

ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നത് ക്ഷേത്രത്തിലാണ്. ആനയെ ഇളക്കി വിട്ട് ഉത്സവം അലങ്കോലപ്പെടുത്തുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ? ആ ദിശയിലേക്ക് അനേ്വഷണമുണ്ടാകുമോ? എവിടെ ഉണ്ടാകാന്‍!.

ഇന്നു ലോകം മുഴുവന്‍ ആന ഒരു സംരക്ഷിതമൃഗമാണ്. ആനകളെ പിടിക്കുന്നതിനും, വളര്‍ത്തുന്നതിനും, ആനക്കൊമ്പ്‌പോലെയുള്ള വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നതിനും വിലക്കുകള്‍ നിലവിലുണ്ട്. മനുഷ്യര്‍ വന്‍തോതില്‍ കൊന്നൊടുക്കുന്നത് കാരണം ആനകള്‍ ഇന്നു വംശനാശ ഭീഷണിയിലാണ്. വംശീയഭീഷണി കാരണം ആനകളെ ഭാവിയിലെ ദിനോസറുകള്‍ എന്ന് വിളിക്കാറുണ്ട്. മുപ്പതുലക്ഷം ആഫ്രിക്കന്‍ ആനകളാണ് 1970ല്‍ ഉണ്ടായിരുന്നത്, 1989ല്‍ ആറ് ലക്ഷമായും 2000ല്‍ 2,00,072 ആയും ചുരുങ്ങി. 2003-ല്‍ ഏകദേശം 40,000-നും 60,000-നും ഇടയിലാണ് ആഫ്രിക്കന്‍ ആനകള്‍ ഉണ്ടായിരുന്നതെന്നാണ് കണക്ക്. ഏഷ്യയില്‍ ആനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കാരണം പ്രതിവര്‍ഷം ഏകദേശം നൂറ്റിയന്‍പത് ആനകളും നൂറോളം മനുഷ്യരും കൊല്ലപ്പെടുന്നു. ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം. ആനയുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന കുറവ്,മനുഷ്യര്‍ കാട്ടിലേക്ക് കയറുന്നതുമൂലം അവരുമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നത് തുടങ്ങിയവയാണ് മറ്റു ഭീഷണികള്‍. 

ആഫ്രിക്കന്‍ ആനകള്‍ കൊമ്പിനുവേണ്ടിയാണ് കൂടുതലും കൊല്ലപ്പെടുന്നതെങ്കില്‍ ഏഷ്യന്‍ ആനകളുടെ മരണത്തിന് മുഖ്യമായും ഹേതുവാകുന്നത് ആവാസവ്യവസ്ഥിതിയില്‍ ഉണ്ടാകുന്ന കുറവ് ആണ്.  വലിപ്പംകൂടിയ, കൂടുതല്‍കാലം ജീവിക്കുന്ന, പതുക്കെ വളരുന്ന ആനകള്‍ മറ്റ് മൃഗങ്ങളേക്കാള്‍ കൂടുതലായി വേട്ടയാടപ്പെടുന്നു. വേട്ടയാടപ്പെടുമ്പോള്‍ ഇവയ്ക്ക് വലിപ്പം കാരണം ഒളിക്കാന്‍ കഴിയില്ല. വലിപ്പം കൂടിയ ആനകളെപ്പോലുള്ള ജീവികള്‍ കൊല്ലപ്പെടുന്നതോട് കൂടി ചെറിയ സസ്യഭുക്കുകളുടെ എണ്ണം വളരെ കൂടുകയും ഇത് ചെടികളും മരങ്ങളും പുല്‍വര്‍ഗ്ഗങ്ങളും തിന്ന് മുടിക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെയുള്ള വംശനാശ ഭീഷണികള്‍ ഒക്കെ ഉണ്ടായിട്ടും, ചില ശാസ്ത്രജ്ഞന്മാര്‍ ആനകളുടെ സംഖ്യ കൂടുകയണെന്ന് വാദിക്കുന്നു. തെളിവിനായി ആഫ്രിക്കയില്‍ ആനകളുടെ സംഖ്യ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് കൂടുകയാണ് ചെയ്തതെന്ന കാനേഷുമാരി അവര്‍ നിരത്തുന്നു. 

ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ആനകളുടെ സംഖ്യ ക്രമാതീതമായി ഉയര്‍ന്നിട്ടാണുള്ളതെന്നും ഈ കാനേഷുമാരി സാക്ഷ്യപ്പെടുത്തുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതില്‍നിന്ന് പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും, ആനകളുടെ എണ്ണം കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയ്ക്ക് അധികം വ്യതിചലിച്ചിട്ടില്ല. ആഫ്രിക്കയിലെ ചില സ്ഥലങ്ങളില്‍ ആനകള്‍ വളരെക്കൂടുതലായി കാണപ്പെടുന്നു, പക്ഷെ അധികം സ്ഥലങ്ങളും അങ്ങനെയല്ല. 2002-ല്‍ 4.6 ലക്ഷത്തിനും 5.6 ലക്ഷത്തിനും ഇടയിലായിരുന്ന ആനകളുടെ എണ്ണം 1998-ല്‍ 3.6 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതായത് ആനകളുടെ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നു. 2002ല്‍ നടത്തിയ പഠനത്തില്‍, നേരത്തേ പഠിച്ചതിനേക്കാള്‍ വലിയ മേഖല പഠനത്തിന് വിധേയമാക്കിയതുകാരണമാകാം ഈ തെറ്റ് കടന്നുകൂടിയത് എന്നു കരുതുന്നു. 

ആനയുടെ ജീവിതശൈലി മറ്റ് ജന്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാട് വരളുമ്പോള്‍ നാട്ടിലിറങ്ങി കൃഷിനാശം ചെയ്യുന്ന കാട്ടാനകളെക്കുറിച്ച് പരാതികളും കുറവല്ല.

ഇല കഴിക്കാന്‍ മരങ്ങള്‍ പിഴുതിടുകയും, ചില്ലകള്‍ ഒടിച്ചിടുകയും, ആനയുടെ പുറകെ വരുന്ന മാനുകള്‍ കാട്ടുപോത്ത് പോലുള്ള ചെറിയജീവികള്‍ക്കെല്ലാം ഉപകാരമാകുകയും ചെയ്യുന്നത് നിസാരമല്ല. വേരുകള്‍ പറിച്ചെടുക്കുന്നത് വഴി പുതിയ ചെടികള്‍ വളരാനും ആനകള്‍ സൗകര്യമൊരുക്കുന്നു. ഇത് ആനകള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭാവിയില്‍ സഹായകരമാകും. ആനകള്‍ മറ്റ് ജീവികള്‍ക്ക് കടന്ന് ചെല്ലാനാകാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന് വഴി തെളിക്കുന്നു. പല തലമുറകള്‍ ഈ വഴിയേ സഞ്ചരിക്കുമ്പോല്‍ ഇത് എല്ലാവര്‍ക്കും ഉപയോഗപ്രദമായ ഒരു പാതയായി മാറുന്നു. ഇപ്രകാരമുള്ള പല പാതകളും മനുഷ്യര്‍ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്. വരള്‍ച്ചക്കാലത്ത് ആന മണ്ണില്‍ കുഴിച്ച് വെള്ളമെടുക്കും. ഇത് ഒരു പക്ഷേ ആ മേഖലയിലെ ആകെയുള്ള ജലസ്രോതസ്സായി മാറാന്‍ സാധ്യതയുണ്ട്. ആനകളെ മറ്റ് പല ജീവികളും ആശ്രയിക്കാറുണ്ട്. ഉദാഹരണത്തിന്, ചിതലുകള്‍ ആനപ്പിണ്ടം ഭക്ഷിക്കുകയും, ആനപ്പിണ്ടങ്ങളുടെ ചുറ്റും ചിതല്‍പ്പുറ്റ് ഉണ്ടാക്കുകയും ചെയ്യും.

ആനകള്‍ നിരവധി പഴമൊഴികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പോയ ബുദ്ധി ആന വലിച്ചാല്‍ വരുമോ?, കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി, കടുക് ചോരുന്നതറിയും ആന ചോരുന്നതറിയില്ല. ഇവയെല്ലാം ഉപയോഗംമൂലം തേയ്മാനം വന്ന പഴമൊഴികളാണ്. കാലിന്റെ വലുപ്പമോ ശക്തിയോ ഇല്ലാത്ത മനുഷ്യര്‍ തടി വലിപ്പിക്കുന്നതും തിടമ്പേറ്റി നടത്തുന്നതും ആനയുടെ വലുപ്പം ആനക്കറിയാത്തതുകൊണ്ടാണ്. ആ ദൗര്‍ബല്യം ചൂഷണം ചെയ്യുന്നതാണ് ആന പ്രേമികളുടെ ആവലാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.