ജീവിക്കാന്‍ അനുവദിക്കാത്ത സിപിഎം തേര്‍വാഴ്ച

Saturday 14 April 2018 3:03 am IST
ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന പ്രാകൃത സമൂഹത്തില്‍നിന്ന് പരിഷ്‌കൃത സമൂഹത്തെ വേര്‍തിരിക്കുന്നതും ഈ തത്വമാണ്
"undefined"

ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന പ്രാകൃത സമൂഹത്തില്‍നിന്ന് പരിഷ്‌കൃത സമൂഹത്തെ വേര്‍തിരിക്കുന്നതും ഈ തത്വമാണ്. സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാനവരാശി പുരോഗമിക്കണമെങ്കിലും അപരന്‍ നരകമല്ലെന്ന വിശ്വാസം മുറുകെ പിടിക്കണം.  എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഉറച്ചുവിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്  കമ്യൂണിസ്റ്റുകള്‍.

സമത്വത്തിന്റെയും മനുഷ്യമോചനത്തിന്റേയുമൊക്കെ വായ്ത്താരികള്‍ മുഴക്കുന്ന ഇവര്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ചെയ്തികള്‍ യാതൊരു ലജ്ജയും കൂടാതെ ചെയ്യും. ഇതിന്റെ ശരിപ്പകര്‍പ്പാണ് കേരളത്തിലെ സിപിഎം. വിദ്വേഷം ഒരു തത്വസംഹിതയായിത്തന്നെ കൊണ്ടുനടക്കുന്ന ഇവര്‍ തങ്ങളില്‍പ്പെടാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സ്വദേശികളായ സിബി ചാക്കോയേയും ഭാര്യ ജ്യോത്സ്‌നയേയുമാണ് സിപിഎം ഏറ്റവുമൊടുവില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ജ്യോത്സ്‌നയുടെ ഗര്‍ഭസ്ഥ ശിശുവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ചവിട്ടിക്കൊന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ആ കുടുംബം ഇപ്പോള്‍ നാടുവിട്ട് താമരശ്ശേരിയിലെ വാടകവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് സിപിഎമ്മുകാരുടെ ഭീഷണിയെത്തുടര്‍ന്ന് പലായനം ചെയ്ത ചിത്രലേഖയ്ക്ക് അനുവദിക്കപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവരെയൊക്കെ ഞെട്ടിച്ചു. പയ്യന്നൂരിലെ എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചിരുന്ന ചിത്രലേഖയ്ക്ക് സിപിഎമ്മും സിഐടിയുവും വിലക്കേര്‍പ്പെടുത്തി.  ദളിത് വിഭാഗത്തില്‍പ്പെട്ട അവരുടെ ഓട്ടോറിക്ഷ പാര്‍ട്ടിക്കാര്‍ കത്തിച്ചു. പിന്നീട് സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്ത ഓട്ടോയും കത്തിച്ചു. ഗത്യന്തരമില്ലാതെ സെക്രട്ടറിയേറ്റിനു  മുന്നില്‍ സത്യഗ്രഹം കിടന്നാണ് ചിത്രലേഖ അന്നത്തെ സര്‍ക്കാരില്‍നിന്ന് അഞ്ച് സെന്റ് ഭൂമി സമ്പാദിച്ചത്. ഇത് തിരിച്ചെടുക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 

അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്ന 'കുറ്റ'ത്തിന് അടുത്തിടെയാണ് കല്യാശ്ശേരിയില്‍ യുവതിയായ ഹോമിയോ ഡോക്ടറെ സിപിഎമ്മുകാര്‍ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കാതിരുന്നത്. ഡിസ്‌പെന്‍സറിയുടെ  ബോര്‍ഡുകള്‍ എടുത്തുകളയുകയും, അവിടെ മലവും മറ്റും കൊണ്ടിട്ട് മലിനമാക്കുകയും ചെയ്തു. വടകരയില്‍, കമ്യൂണിസ്റ്റായിരുന്ന കൃഷ്ണന്‍ മാസ്റ്ററുടെ മകള്‍ വിനീതാ കോട്ടായിക്ക് വര്‍ഷങ്ങള്‍ ഊരുവിലക്കേര്‍പ്പെടുത്തി.

അഞ്ചേക്കര്‍ പുരയിടത്തില്‍നിന്ന് അടയ്ക്കപോലും എടുക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നില്ല. പാലക്കാട് ചക്ലിയ സമുദായത്തില്‍പ്പെട്ട  കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചതിനുപിന്നിലും സിപിഎമ്മായിരുന്നു. പാലക്കാട് എഞ്ചിനീയറിങ് കോളജ് പ്രിന്‍സലിപ്പിന്റെ യാത്രയയപ്പിന് കുഴിമാടം ഒരുക്കിയതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് ജീവിച്ചിരിക്കെ ആദരാഞ്ജലി അര്‍പ്പിച്ചതും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എഫ്‌ഐയാണ്.

പരിഷ്‌കൃതമെന്നും പ്രബുദ്ധമെന്നും കരുതപ്പെടുന്ന കേരളത്തിലാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റേയും ഹുങ്കില്‍ യാതൊരു സങ്കോചവുമില്ലാതെ ഇത്തരം ഹീനകൃത്യങ്ങള്‍ സിപിഎം ചെയ്തുകൂട്ടുന്നത്. അധികാരമുള്ള ഇടങ്ങളില്‍ അവര്‍ ഇങ്ങനെയാണ്. മൂന്നരപ്പതിറ്റാണ്ട് ഭരിച്ച പശ്ചിമബംഗാളില്‍ ഇതായിരുന്നു രീതി. ബംഗാള്‍ ജനത അധികാരത്തില്‍നിന്ന് തൂത്തെറിഞ്ഞപ്പോള്‍ ത്രിപുരയിലായി അതിക്രമങ്ങള്‍.

ത്രിപുരയും കൈവിട്ട് കേരളത്തില്‍ മാത്രം അവശേഷിക്കുമ്പോഴും സഹജമായ അധികാര ധാര്‍ഷ്ട്യവും മനുഷ്യവിരോധവും ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ജീവിക്കാന്‍ പാടുപെടുന്ന പാവപ്പെട്ട മനുഷ്യരെ വേട്ടയാടുന്നത്. മഹാശ്വേതാ ദേവിയെപ്പോലുള്ള എഴുത്തുകാര്‍ ഉയര്‍ത്തിയ പ്രതിഷേധവും പ്രതിരോധവുമാണ് ബംഗാളിലെ ഇടതുകോട്ട തകര്‍ക്കുന്നതില്‍ കലാശിച്ചത്. എന്നാല്‍ കേരളത്തിലെ എഴുത്തുകാരില്‍ ഏറെപ്പേരും സിപിഎമ്മിന്റെ സ്വേച്ഛാധിപത്യത്തിന് വിടുപണി ചെയ്യുകയാണ്. അധികാരത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന സിപിഎമ്മിനെതിരെ കേരളത്തിലും പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.