വിച്ഛേദിച്ച സര്‍വീസ് ലൈനില്‍ വൈദ്യുതി; വന്‍ദുരന്തം ഒഴിവായി

Saturday 14 April 2018 2:00 am IST

 

മണ്ണിനടിയില്‍ നിന്ന് പുകയുയര്‍ന്നു

കുട്ടനാട്: ചമ്പക്കുളത്തെ പാടശേഖരത്തില്‍നിന്നു പുക ഉയരുന്നതിനു പിന്നില്‍ ഇലക്ട്രിക് സര്‍വീസ് വയറാണെന്നു കണ്ടെത്തി, ഒഴിവായത് വന്‍ ദുരന്തം. 

 ചമ്പക്കുളം നടുഭാഗം ഗവ. എല്‍പി സ്‌കൂളിനു സമീപത്തുള്ള നെടുമുടി കൃഷിഭവന്‍ പരിധിയിലെ കല്ലമ്പള്ളി പാടശേഖരത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെ പാടശേഖരത്തില്‍നിന്ന് ഉയര്‍ന്ന പുകയും വെള്ളം തിളച്ചു മറിഞ്ഞതുമാണു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. 

 വര്‍ഷങ്ങള്‍ മുന്‍പു വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇലക്ട്രിക് വയറില്‍ നിന്നായിരുന്നു പുക ഉയര്‍ന്നതെന്നു പിന്നീടു നാട്ടുകാര്‍ കണ്ടെത്തി. പുക ഉയര്‍ന്ന ചതുപ്പിലേക്ക് ആളുകള്‍ ഇറങ്ങാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. 

 ഒന്‍പതു മണിയോടെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നേരത്തെ സ്‌കൂളിലേക്കു വൈദ്യുതി ലഭ്യമാക്കുവാന്‍ സ്ഥാപിച്ച വയറാണിതെന്നു നാട്ടുകാര്‍ പറഞ്ഞു.

 പാടശേഖരം കൃഷിയില്ലാതായതോടെ സര്‍വീസ് വയര്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിലായി. ഇലക്ട്രിക് ലൈനുകളിലേക്കു പടര്‍ന്നു പന്തലിച്ച വള്ളികളില്‍ കൂടിയായിരുന്നു സര്‍വീസ് വയറില്‍ വൈദ്യുതി പ്രവഹിച്ചത്. 

  വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോള്‍ വയര്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് പാഠമാണ് ഈ സംഭവം കെഎസ്ഇബിക്കും, പൊതുജനങ്ങള്‍ക്കും നല്‍കുന്നത്. നെടുമുടി പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി പതിന്നാലു വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 

 ഇന്നലെ രാവിലെ ആറരയോടെ പ്രദേശത്തുകൂടി കടന്നുപോയ കൊരട്ടിയില്‍ ബിജു ആന്റണിയാണു പോളയും പുല്ലും നിറഞ്ഞുകിടക്കുന്ന പാടശേഖരത്തില്‍നിന്നു പുക ഉയരുന്നതു കണ്ടത്. എട്ടുമണിയോടെ നാട്ടുകാരില്‍ ചിലര്‍ മുളകൊണ്ടു പുല്ലു നീക്കിയപ്പോഴാണ് പഴയ ഇലക്ട്രിക് സര്‍വീസ് വയര്‍ ദൃശ്യമായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.