ഇനി അംബേദ്കറിസത്തിന്റെ കാലം

Saturday 14 April 2018 3:20 am IST
ഡോ.ബി.ആര്‍.അംബേദ്കറുടെ ജ്ഞാനവും ചിന്തയും കര്‍മ്മകാണ്ഡങ്ങളും പ്രത്യയശാസ്ത്രവും പ്രതിരോധങ്ങളും അനന്തസാഗരം പോലെ ആഴമേറിയതാണ്. ഭാഗ്യവശാല്‍ അതെല്ലാം ഇന്ന് രേഖകളായി സുലഭവുമാണ്. അതുകൊണ്ട് തന്നെ അംബേദ്കറിസവും, ജീവിതവും ദര്‍ശനവുമെല്ലാം ലോകജനതയ്ക്ക് സുപരിചിതവുമാണ്
"undefined"

ഡോ.ബി.ആര്‍.അംബേദ്കറുടെ ജ്ഞാനവും ചിന്തയും കര്‍മ്മകാണ്ഡങ്ങളും പ്രത്യയശാസ്ത്രവും പ്രതിരോധങ്ങളും അനന്തസാഗരം പോലെ ആഴമേറിയതാണ്. ഭാഗ്യവശാല്‍ അതെല്ലാം ഇന്ന് രേഖകളായി സുലഭവുമാണ്. അതുകൊണ്ട് തന്നെ അംബേദ്കറിസവും, ജീവിതവും ദര്‍ശനവുമെല്ലാം ലോകജനതയ്ക്ക് സുപരിചിതവുമാണ്. ഇത്രയധികം സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു വ്യക്തിത്വം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വം. ഏപ്രില്‍ 14ന് അദ്ദേഹത്തിന്റെ 127-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് പ്രസക്തിയേറിയിരിക്കുകയാണ്. 

ജാതി മതിലുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്ന ജീവിത പരിസരങ്ങളില്‍ നിന്നാണ് അംബേദ്കര്‍ എന്ന സൂര്യചേതസ്സ് ഉദിച്ചുയര്‍ന്നത്. അദ്ദേഹം തേടിയ വിജ്ഞാന പര്‍വ്വത്തിലൂടെ ഉന്നത ജീവിത സാഹചര്യങ്ങള്‍ തേടി രാജ്യം തന്നെ വിടാമായിരുന്നു. എന്നാല്‍ അസമത്വത്തിനും, വിവേചനങ്ങള്‍ക്കും  ചൂഷണങ്ങള്‍ക്കും വിധേയമായി മൃഗാവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യക്കോലങ്ങളുടെ വിവേചന പോരാട്ടമാണ് തന്റെ ജീവിതവ്രതമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഈ നിലപാടുകളാണ് ചരിത്രഗതി മാറ്റിയെഴുതുവാന്‍ നിദാനമായത്. 

ചൂഷണങ്ങളില്‍ നിന്ന് മാനവികതയുടെ വിഹായസ്സിലേക്ക്  മോചിപ്പിക്കുവാനുള്ള കാറല്‍  മാര്‍ക്‌സിന്റെ  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം  ലോക രാഷ്ട്രങ്ങളെ പിടിച്ചുകുലുക്കി. എന്നാല്‍ വര്‍ഗ്ഗസമര പ്രക്രിയ മുന്നേറുന്നതിന് മുമ്പേ അംബേദ്കര്‍  സമാനമായ പരിഷ്‌ക്കരണ വര്‍ഗ്ഗ സമരം ആരംഭിച്ചുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ വേരറുക്കുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ഇന്ത്യയിലെ അനാഥരായ അടിമവര്‍ഗ്ഗക്കാരുടെ വിമോചനത്തിന് വേണ്ടി അന്ത്യം വരെ പോരാടുമെന്നു പ്രതിജ്ഞയെടുത്തു. ബ്രാഹ്മണരുടെ ആത്മീയാടിമത്വത്തില്‍ നിന്ന് ഈ പാവങ്ങളെ മോചിതരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വെടിയുണ്ടകൊണ്ട് ജീവനൊടുക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. ഇന്ത്യയിലെ അടിമവര്‍ഗ്ഗ ജനതയെ ഭരണവര്‍ഗ്ഗമായി മാറ്റുക എന്നതാണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. 

''നമ്മുടെ പോരാട്ടം പരാജയപ്പെടാന്‍ ഞാന്‍ ഒരു കാരണവും കാണുന്നില്ല.  ഈ പോരാട്ടം സമ്പത്തിന് വേണ്ടിയല്ല. അധികാരത്തിന് വേണ്ടിയാണ്''  എന്നദ്ദേഹം ഒരു പ്രഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ സ്വേച്ഛാധിപതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകവും പുരാതനവുമായ ചൂഷണ സമ്പ്രദായത്തിനെതിരെയാണ് അദ്ദേഹം കലാപം നടത്തിയത്. ആദ്യപടിയായി അദ്ദേഹത്തിന് ചെയ്യേണ്ടിയിരുന്നത് ബ്രാഹ്മണ മതവാദി സാമൂഹ്യ വ്യവസ്ഥിതിയിലൂടെ സാമൂഹ്യ വല്‍ക്കരണ പ്രക്രിയ രൂപപ്പെടുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടു കയും ചെയ്ത ജനതയ്ക്ക് മാനവികമായ അന്തസ്സ് വീണ്ടെടുക്കലായിരുന്നു. ഈ അന്തസ്സ് ഉറപ്പാക്കിയ ശേഷം അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ  അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി. അയിത്തജാതിക്കാരുടെ നിയോജക മണ്ഡലങ്ങളില്‍ അയിത്തജാതിക്കാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന 'കമ്മ്യൂണല്‍ അവാര്‍ഡെ'ന്ന കിരീടം അടിയറവെയ്ക്കാന്‍ അംബേദ്കര്‍ നിര്‍ബന്ധിതനായി. വട്ടമേശ സമ്മേളനങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ സുദീര്‍ഘമായ പ്രതിരോധം തീര്‍ത്തതിന് ശേഷമാണെങ്കിലും ജാതിപക്ഷ പാതിത്വം പുലര്‍ത്തുന്ന ഹൈന്ദവ ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേക നിയോജകമണ്ഡലത്തിന്റെ ആവശ്യകത വാദിച്ച് ജയിക്കുവാന്‍ ഡോ. അംബേദ്കര്‍ക്ക് സാധിച്ചു. പക്ഷേ, ഇന്ത്യയിലെ ഭരണജാതിക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് മൂലം അയിത്തജാതിക്കാരുടെ സ്വാതന്ത്ര്യ ത്തിന്റേയും അധികാരത്തിന്റേയും ആദ്യ ചാപ്റ്റര്‍ കമ്മ്യൂണല്‍ അവാര്‍ഡ്  ഉപേക്ഷിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഈ സാഹചര്യത്തില്‍ അനാഥരുടെപക്ഷത്ത് നില്‍ക്കാന്‍ ആരുമുണ്ടായില്ല. നൈരാശ്യത്തിലും കോണ്‍ഗ്രസ്സില്‍ നില്‍ക്കേണ്ടി വന്ന അപമാനത്തിലുംപെട്ട് അദ്ദേഹം ഹിന്ദു കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം പോകുമെന്ന് പലരും പ്രതീക്ഷിച്ചു. 

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒരു സംഘം എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ അംബേദ്കറെ സന്ദര്‍ശിച്ച് കമ്മ്യൂണിസത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും  സോഷ്യലിസവും എന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുംസംസാരിച്ചു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നിലവില്‍ വന്നതോടെ മുതലാളിത്വം നശിക്കുമെന്നും അവര്‍ വിശദീകരിച്ചു. ഇതിനിടയില്‍ കമ്മ്യൂണിസം നേടിയ വളര്‍ച്ചയില്‍ അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ഉപാസകനായിരുന്നെങ്കിലും ഇന്ത്യന്‍ ജാതിവ്യവസ്ഥയെ പൂര്‍ണ്ണമായും അവഗണിച്ച വര്‍ഗ്ഗ സിദ്ധാന്തം പ്രായോഗികമല്ലെന്ന് അദ്ദേഹം വാദിച്ചു. ഹിന്ദു കമ്മ്യൂണിസ്റ്റുകളില്‍ നിന്നും അവരുടെ പ്രസ്ഥാനത്തില്‍ നിന്നും ആയിരം കാതം അകലെയാണ് അംബേദ്കര്‍ നിലകൊണ്ടത്.

 സോഷ്യലിസ്റ്റുകള്‍ നിരന്തരം  ശ്രമിച്ചിട്ടും അംബേദ്കറെ  ബോധ്യപ്പെടുത്തി  സോഷ്യലിസ്റ്റ് പക്ഷത്ത് ചേര്‍ക്കാന്‍  കഴിഞ്ഞില്ല. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്  പ്രത്യയശാസ്ത്രത്തിനു സാധ്യതയില്ലെന്ന് കണ്ടറിഞ്ഞതും ശക്തമായ നിലപാട് സ്വീകരിച്ചതും അംബേദ്കറായിരുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും  സോഷ്യലിസവും  നടപ്പാക്കുവാന്‍ വെമ്പുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് തൊഴിലാളികളുടെ വര്‍ഗ്ഗ ശത്രുക്കളായ  മുതലാളി ബ്രാഹ്മണരായിരുന്നു. ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നിര്‍ണ്ണായകമായ സാധ്യതയുണ്ടായിട്ടും  മൂന്നു സംസ്ഥാനങ്ങള്‍ക്കപ്പുറം അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കേരളം മാത്രമായി കമ്മ്യൂണിസ്റ്റ് ഭരണ കേന്ദ്രം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടാതെയായി.

അംബേദ്കര്‍ ജീവരക്തം കൊണ്ടെഴുതിയ  ഭരണഘടനാ വകുപ്പുകളായ 330, 331 എന്നിവയാണ് ജനപ്രാതിനിധ്യം സാധ്യതയുള്ളതാക്കിയത്്. ഇത് ഭരണ  പങ്കാളിത്തമാണ്. കമ്മ്യൂണല്‍ അവാര്‍ഡില്‍ അത്ര വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൂണൂലിട്ട അധ:സ്ഥിത ബ്രാഹമണ പ്രതിനിധികളായി. വായില്ലാക്കുന്നിലപ്പന്മാരായി പട്ടിക വിഭാഗ പ്രതിനിധികള്‍ പറഞ്ഞുമില്ല. അംബേദ്കറുടെ ശവശരീരത്തില്‍ തളക്കപ്പെട്ട കേവലം ഇരുമ്പാണികളായി അവര്‍ മാറി. അല്ലെങ്കില്‍ മാറ്റിയെടുത്തു. ഇതിന് രാഷ്ട്രീയ പരിഹാരം അത്യാവശ്യമാണ്.

അയിത്താചരണം ശിക്ഷിക്കപ്പെടാവുന്ന കുറ്റമെന്ന്  ഘനത്തിലെഴുതിവച്ച് കൊണ്ട്  തന്നെയാണ് നാം സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ടത്. വാര്‍ഷിക പഞ്ചവത്സര പദ്ധതികളില്‍ കോടാനുകോടി രൂപ പട്ടിക വിഭാഗങ്ങളുടെ  ക്ഷേമത്തിനായി നീക്കിവെക്കുന്നു. ആ പണമത്രയും എവിടെ, ആര്‍ക്ക,് എങ്ങനെ ചെലവഴിച്ചെന്നതു ഗവേഷണാത്മകമായ വിഷയമായി മാറിയിരിക്കുന്നു. ജാതി പീഡനങ്ങളും വിവേചനങ്ങളും കൊലപാതകങ്ങളും അധ:സ്ഥിത ജനവിഭാഗങ്ങള്‍ അനുഭവിച്ച് വരുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൊണ്ടുവന്ന അതിക്രമ നിരോധന നിയമവും ജുഡീഷ്യറി നിരുപാധികം അട്ടിമറിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ  പ്രക്ഷോഭത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിട്ടും ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റിലെയും നിയമസഭയിലെയും അംഗങ്ങള്‍  ഒരക്ഷരം ഉരിയാടിയില്ല. ഈ സാഹചര്യത്തിലാണ് കമ്മ്യൂണല്‍ അവാര്‍ഡിലൂടെ ലഭ്യമായ ദ്വയാംഗ മണ്ഡലങ്ങള്‍ തിരിച്ചുകൊണ്ടു വരണമെന്ന ആവശ്യം ശക്തമാകുന്നത്. അധ:സ്ഥിത ജനവിഭാഗങ്ങള്‍ സ്ഥായിയായ ഒരു നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ഏതെങ്കിലും വൈകാരിക വിഷയത്തിന്റെ പേരില്‍ ഒന്നിച്ച് കൂടുകയും അത് എരിഞ്ഞടങ്ങുമ്പോള്‍ പിരിഞ്ഞ് പോവുകയും ചെയ്യുന്ന അവസ്ഥയാണ്. പിന്നീട് ഒത്തുചേരാന്‍ മറ്റൊരു വിഷയത്തിന് കാത്തിരിക്കണം. ഇവിടെയാണ് അംബേദ്ക്കറുടെ നേതൃപാടവം ചര്‍ച്ച ചെയ്യപ്പെടുന്നത്. 

ഭരണഘടന അനുശാസിച്ച സംവരണ തത്വങ്ങളും ഭാഗികമായി മാത്രം ലഭിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങളിലെ  കുടിശ്ശിക നികത്തുന്നില്ല. സാമ്പത്തിക  സംവരണ വാദം ഉയര്‍ത്തിയത് പട്ടിക വിഭാഗക്കാരുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വ്വീസ് (കെ.എ.എസ്.) പോലുള്ള കരി നിയമങ്ങള്‍ ഉണ്ടാക്കി  സംവരണത്തിന്റെ അടിവേരറുക്കാനാണ് വ്യഗ്രത. ജാതിക്കെതിരെ ഗീര്‍വ്വാണ പ്രസംഗം നടത്തുകയും ജാതി സംഘടനകള്‍ രൂപീകരിച്ച്  ചോരുന്ന വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരം കയ്യാളുകയും ചെയ്യുന്നതിനപ്പുറം യാതൊരാത്മാര്‍ത്ഥതയും ഈ പാര്‍ട്ടികള്‍ക്കില്ല. കേരളത്തിലും ബ്രാഹ്മണരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ അധികവും. എന്നാല്‍ ചില പിന്നോക്ക ബ്രാഹ്മണികളും ഉണ്ടെന്നത്  വിരോധാഭാസം. അവരൊന്നും അധ:സ്ഥിത ജനവിഭാഗങ്ങളുടെ കണ്ണീരും വേദനയും കാണുന്നില്ല.

ഭൂപരിഷ്‌കരണം പിന്നോക്ക പട്ടിക വിഭാഗങ്ങളെ മൊത്തമായും ചില്ലറയായും വഞ്ചിച്ച കഥയായി മാറി. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി വ്യവഹാരങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക്  നല്‍കുവാനുള്ള ഒരു താല്‍പര്യവും സര്‍ക്കാരുകള്‍ കാണിക്കുന്നില്ല.  ഒരു കൂരവച്ച് ജീവിക്കുവാന്‍ മൂന്നു സെന്റു പോലും കൊടുക്കാതെ ഭൂരഹിത ഭവനരഹിതരെ ആകാശക്കോളനികളില്‍ തളച്ചിടുവാനുള്ള ഭാവനാശൂന്യതയാണ്  ഭരണകൂടം പ്രകടിപ്പിക്കുന്നത്. 30,000 കോളനികള്‍ക്ക് പുറമെ ആകാശക്കോളനികള്‍ കൂടി നടപ്പിലാകുന്നതോടെ ഭൂപരിഷ്‌കരണത്തിന്റെ ചരമഗീതം പൂര്‍ത്തിയായിരിക്കും.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് തന്നെ പറയുന്നു, തൊഴിലാളിയുടെ അദ്ധ്വാനമാണ് അവന്റെ ചരക്ക്. അത് വിറ്റ് അവന്‍ ജീവിച്ചുകൊള്ളണം. (ഭൂഅധികാരത്തില്‍ നിന്ന് നിഷ്‌കാസിതനാക്കപ്പെട്ട പരമ ദരിദ്രവാസി എന്നും വിവക്ഷിക്കുന്നു). അദ്ധ്വാനം  വില്‍ക്കുവാനുള്ള പീടികയാണ് ജന്മിയുടെ ഭൂമി. പിന്നെ തൊഴിലാളിക്കെന്തിന് സ്വന്തമായി ഭൂമി. നഷ്ടപ്പെട്ട വാതിലൊന്നും കിട്ടാനുള്ളത് പുതിയൊരു ലോകവും. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും  പൈങ്കിളിയേ. എത്രയോ ഭാവനാത്മകമായ  മുദ്രാവാക്യങ്ങള്‍.  എല്ലാം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കേവല ഭ്രമാത്മക നോവല്‍ മാത്രമായി ത്തീരുമെന്നും ഇതിലെ ഭാവനയ്ക്ക് പ്രായോഗികതയില്ലെന്നും അംബേദ്കര്‍ നിരീക്ഷിച്ചത് ശരിയെന്ന് കാലം പിന്നെ തെളിയിച്ചു.

കമ്മ്യൂണിസവും ഗാന്ധിസവും ശാസ്ത്രീയ സോഷ്യലിസവും പരാജയപ്പെട്ടയിടത്താണ് അംബേദ്കറിസത്തെ  തിരിച്ചറിഞ്ഞിരിക്കുന്നത്. പുത്തന്‍ സാമൂഹ്യ വ്യവസ്ഥയില്‍ അതിനുമാത്രമേ ഇന്ത്യയില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഇന്ത്യന്‍ സാമൂഹ്യമണ്ഡലങ്ങളില്‍ അംബേദ്ക്കറുടെ ചിന്താധാരയായിരിക്കും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. 

(കെപിഎംഎസ് സംസ്ഥാന 

പ്രസിഡന്റാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.